സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഇന്നലെ നടന്ന ദിവ്യബലിക്കിടെ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നീങ്ങിയതു മൊബൈല്‍ പ്ളാറ്റ്ഫോമില്‍. ഉന്തിക്കൊണ്ടുപോകാവുന്ന ഈ പ്ളാറ്റ്ഫോമില്‍ മാര്‍പാപ്പ ബലിവേദിയിലൂടെ നീങ്ങിയത് അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കകള്‍ പരത്തി. എന്നാല്‍, മാര്‍പാപ്പയുടെ ആരോഗ്യത്തിനു കുഴപ്പമൊന്നുമില്ലെന്നും ക്ഷീണം കുറയ്ക്കാനാണ് അദ്ദേഹം മൊബൈല്‍ പ്ളാറ്റ്ഫോം ഉപയോഗിച്ചതെന്നും വത്തിക്കാന്‍ വക്താവ് ഫാ.ഫ്രെഡറിക് ലൊംബാര്‍ഡി പറഞ്ഞു.
അനാരോഗ്യത്തെത്തുടര്‍ന്ന് മുന്‍ഗാമി ജോണ്‍പോള്‍ രണ്ടാമന് മാര്‍പാപ്പ ഉപയോഗിച്ച അതേ മൊബൈല്‍ പ്ളാറ്റ്ഫോമാണ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഇന്നലെ ഉപയോഗിച്ചത്. ഇതോടെ 84കാരനായ മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതിയേക്കുറിച്ച് ചില മാധ്യമങ്ങള്‍ ആശങ്ക പ്രകടിപ്പിച്ച് റിപ്പോര്‍ട്ടുകളെഴുതി.
നവസുവിശേഷവത്കരണത്തെ ആസ്പദമാക്കി നടന്ന പൊന്തിഫിക്കല്‍ കൌണ്‍സിലിന്റെ ഭാഗമായാണ് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഇന്നലെ മാര്‍പാപ്പ ദിവ്യബലിയര്‍പ്പിച്ചത്. സങ്കീര്‍ത്തിയില്‍നിന്നും അള്‍ത്താരയിലേക്കു സഞ്ചരിക്കാനാണ് മൊബൈല്പ്ളാറ്റ്ഫോം മാര്‍പാപ്പ ഉപയോഗിച്ചത്. പാര്‍ക്കിന്‍സണ്‍സ് രോഗത്തേത്തുടര്‍ന്ന് ദീര്‍ഘനാള്‍ ജോണ്‍പോള്‍ രണ്ടാമന് മാര്‍പാപ്പ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ മൊബൈല്‍ പ്ളാറ്റ്ഫോമിലിരുന്നാണ് എത്തിയിരുന്നതും ദിവ്യബലിയര്പ്പിച്ചിരുന്നതും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല