സ്വന്തം ലേഖകൻ: അറുപത് വയസ്സിന് മുകളിലുള്ള ബിരുദം ഇല്ലാത്തവർക്ക് ഇഖാമ പുതുക്കാൻ കർശന വ്യവസ്ഥയോടെ അനുമതി നൽകും. 2000 ദിനാര്‍ വാര്‍ഷിക ഫീസ് ഈടാക്കി വർക് പെർമിറ്റ് പുതുക്കിനൽകുകയെന്ന നിർദേശം അംഗീകരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആരോഗ്യ ഇൻഷുറൻസ് തുക ഇതിന് പുറമെയാണ്. വിഷയത്തിൽ തീരുമാനം എടുക്കുന്നതിനായി കുവൈത്ത് മന്ത്രിസഭ വാണിജ്യ വ്യവസായ മന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു. മന്ത്രിയുടെ ശിപാർശയുടെ കൂടി അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനത്തിൽ എത്തിയതെന്നാണ് റിപ്പോർട്ട്.
തൊഴിൽ പെർമിറ്റ് പുതുക്കുന്നതിന് പ്രായവും വിദ്യാഭ്യാസയോഗ്യതയും മാനദണ്ഡം ആയപ്പോൾ മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾക്ക് മടങ്ങേണ്ടിവന്നു. റസ്റ്റാറൻറ്, ഗ്രോസറി തുടങ്ങിയ മേഖലകളിലാണ് പ്രായമേറിയവരിൽ അധികപേരും തൊഴിലെടുക്കുന്നത്.
ചെറിയ വരുമാനക്കാരായ ഇവരിൽ എത്രപേർക്ക് 2000 ദീനാർ നൽകി ഇഖാമ പുതുക്കാൻ കഴിയും എന്നത് ചോദ്യമാണ്. വിദേശി അവിദഗ്ധ തൊഴിലാളികളെ പരമാവധി കുറച്ച് രാജ്യത്ത് ജനസംഖ്യാ സന്തുലനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അധികൃതർ പ്രായപരിധി കൊണ്ടുവന്നത്.
ഇത് നിരവധി സംരംഭങ്ങളെ ബാധിച്ചതോടെ സ്വദേശി സ്പോൺസർമാർ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെയാണ് നിബന്ധനകളോടെ പുതുക്കിനൽകാമെന്ന ധാരണയിലേക്ക് അധികൃതർ എത്തിയത്. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലും നിരവധി കുവൈത്തികൾ പ്രായപരിധി നിബന്ധനക്കെതിരെ രംഗത്തുവന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല