സ്വന്തം ലേഖകൻ: ഖത്തറിൽ വാക്സിനെടുക്കാതെ തൊഴില്‍വിസയില്‍ ഖത്തറിലെത്തുന്ന ഗാര്‍ഹിക ജീവനക്കാര്‍ക്കും താഴ്ന്ന വരുമാനക്കാരായ മറ്റ് തൊഴിലാളികള്‍ക്കുമായി ഏര്‍പ്പെടുത്തിയ മിക്കൈനീസ് ക്വാറന്റൈന്റെ കാലയളവ് പത്ത് ദിവസമായി കുറച്ചു. നേരത്തെ പതിനാല് ദിവസമായിരുന്നു ഇതിന്റെ കാലപരിധി.
ഇതിനായി ഡിസ്കവര് ഖത്തര്‍ വെബ്സൈറ്റില്‍ പത്ത് ദിവസത്തേക്കുള്ള ബുക്കിങ്ങാണ് നിലവില്‍ സ്വീകരിക്കുന്നത്. പതിനാല് ദിവസത്തേക്കായി നേരത്തെ ബുക്ക് ചെയ്തവർക്ക് അധികം വന്ന ദിവസത്തേക്കുള്ള പണം തിരികെ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഹോട്ടൽ ക്വാറന്റൈനില്‍ പരമാവധി രണ്ട് പേര്‍ക്ക് മാത്രമേ റൂം പങ്കിടാന്‍ കഴിയുകയുള്ളൂവെങ്കില്‍ കുറഞ്ഞ നിരക്കില്‍ കൂടുതൽ പേര്‍ക്ക് കഴിയാവുന്ന സൗകര്യമാണ് മിക്കൈനീസ് ക്വാറന്റൈന്.
ഖത്തറിൽ പ്രവേശന-ക്വാറന്റീൻ ചട്ടങ്ങൾ പുതുക്കിയതോടെ വിമാനത്താവള നടപടിക്രമങ്ങളിൽ സമഗ്രമാറ്റം. ഖത്തർ നിഷ്കർഷിക്കുന്ന രേഖകൾ കൈവശമുള്ളവർക്കു മാത്രമാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നു യാത്രാനുമതി നൽകുക. ഹമദ് വിമാനത്താവളത്തിലും കർശന പരിശോധനയുണ്ടാകും. ഫൈസർ, മൊഡേണ, അസ്ട്ര സെനക്ക (കോവിഷീൽഡ്), ജോൺസൺ ആൻഡ് ജോൺസൺ, സിനോഫാം വാക്സീനുകൾ എടുത്തവർക്കു മാത്രമാണ് പ്രവേശനാനുമതി.
6 മാസത്തിൽ കുറഞ്ഞ കാലയളവിൽ ഖത്തറിന് പുറത്ത് താമസിച്ച ശേഷം മടങ്ങിയെത്തുന്നവർക്ക് എൻട്രി പെർമിറ്റ് വേണ്ടെന്നാണ് നിയമമെങ്കിലും കരുതുന്നതാണ് നല്ലതെന്ന് അധികൃതർ അറിയിച്ചു. എല്ലാ രേഖകളുടെയും പകർപ്പ് സൂക്ഷിക്കണം. വിമാനത്താവളത്തിൽ പിസിആർ പരിശോധന ഉണ്ടാകുമെന്നതിനാൽ 300 റിയാൽ കരുതണം. ഹമദ് വിമാനത്താളത്തിലിറങ്ങിയാലുടൻ ഖത്തർ സിം കാർഡ് ഉപയോഗിച്ച് ഇഹ്തെറാസ് ആപ് ഡൗൺലോഡ് ചെയ്യണം. ഹമദ് വിമാനത്താവളത്തിൽ സിം കാർഡ് വാങ്ങാം. കൊച്ചി വിമാനത്താവളത്തിലെ ബോർഡിങ് കൗണ്ടറിന് സമീപമുള്ള ഒൗട്ട്ലെറ്റിൽ ഖത്തർ സിം കാർഡ് സൗജന്യമായി ലഭിക്കും.
അതിനിടെ രാജ്യത്ത് 133 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. 68 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം പകര്‍ന്നപ്പോള്‍ 65 പേര് വിദേശത്ത് നിന്ന് തിരിച്ചെത്തിയവരാണ്. പുതിയ മരണങ്ങളൊന്നും രാജ്യത്ത് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല