സ്വന്തം ലേഖകൻ: പടിഞ്ഞാറൻ യൂറോപ്പിൽ 50 വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 184 ആയി. ജർമനിയിൽ മാത്രം 157 പേർ മരിച്ചു. ബൽജിയത്തിൽ 27 പേരും. ഒഴുകിപ്പോയ വാഹനങ്ങളിലും തകർന്ന കെട്ടിടങ്ങൾക്കുള്ളിലും കുടുങ്ങിയവർക്കായി തിരച്ചിൽ തുടരുന്നു. ഒപ്പം അവശിഷ്ടങ്ങൾ നീക്കുന്നതും കാര്യക്ഷമമായി പുരോഗമിക്കുകയാണ്.
കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ച വെള്ളപ്പൊക്കത്തിൽ ജർമനിയിലെ റൈൻലാൻഡ് പലാറ്റിനേറ്റ്, നോർത്ത് റൈൻ വെസ്റ്റ്ഫാലിയ സംസ്ഥാനങ്ങളിലും ബൽജിയത്തിലുമാണ് കനത്ത നാശമുണ്ടായത്. നെതർലൻഡ്സ്, സ്വിറ്റ്സർലൻഡ്, ലക്സംബർഗ്, ബവേറിയ എന്നീ രാജ്യങ്ങളും പ്രളയക്കെടുതിയിലായി.
അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കല്‍ പ്രകൃതി ക്ഷോഭത്തിന്റെയും മഹാപ്രളയത്തിന്റെ ദുരന്തഭൂമിയായി മാറിയ റൈന്‍ലാന്‍ഡ് ഫാല്‍സ് സംസ്ഥാനം സന്ദര്‍ശിച്ചു. ദുരന്തത്തില്‍ സര്‍വതും തകര്‍ന്ന ഷുള്‍ഡ് പട്ടണത്തില്‍ എത്തിയ മെര്‍ക്കലിനൊപ്പം സംസ്ഥാന മുഖ്യമന്ത്രി മാലു ഡ്രയറും എത്തിയിരുന്നു.
കനത്ത പ്രകൃതിക്ഷോഭത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി ധനമന്ത്രി ഒലാഫ് ഷോള്‍സ് 400 ദശലക്ഷം യൂറോ, അടിയന്തര സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തില്‍ നമ്മൾ വേഗത്തില്‍ മുന്നേറേണ്ടതുണ്ടെന്നായിരുന്നു മെർക്കലിൻ്റെ പ്രതികരണം. ദുരന്തപ്രദേശം പുനര്‍നിര്‍മ്മാണത്തിനുള്ള പണമാണ് ഞങ്ങള്‍ക്ക് വേണ്ടതെന്ന് ഇരയായവര്‍ മെര്‍ക്കലിനോട് അഭ്യർഥിച്ചു.
അഗ്നിശമന സേന, പൊലീസ്, സാങ്കേതിക ദുരിതാശ്വാസ സംഘടന, വടക്ക് നിന്നുള്ള മറ്റ് സംഘടനകള്‍ എന്നിവയില്‍ നിന്നുള്ള നൂറുകണക്കിന് സഹായികള്‍ ഇപ്പോഴും ദുതന്തബാധിത പ്രദേശങ്ങളില്‍ ഡ്യൂട്ടിയിലുണ്ട്. പലയിടത്തും വൈദ്യുതി, ടെലിഫോണ്‍ ശൃംഖലകള്‍ ഇപ്പോഴും പ്രവര്‍ത്തനരഹിതമാണ്. എക്സ്പോഷര്‍ ചെയ്ത വൈദ്യുതി ലൈനുകളെക്കുറിച്ച് പൊലീസ് മുന്നറിയിപ്പ് നല്കുന്നു.
ഇറ്റലിയിൽ ആശങ്ക
ചെറിയൊരു ഇടവേളയ്ക്കുശേഷം ഇറ്റലിയിൽ കോവിഡ് 19 രോഗവ്യാപനം വർധിക്കുന്നു. ജൂലൈ 26 മുതൽ രാജ്യത്തെ പല മേഖലകളും ഏറ്റവും കുറഞ്ഞ അപകടസാധ്യതയുള്ള വൈറ്റ് സോൺ മേഖലയിൽനിന്ന്, മിതമായ രോഗവ്യാപനമുള്ള യെല്ലോ സോൺ വിഭാഗത്തിലേക്ക് മാറുമെന്നാണ് കരുതുന്നത്. കാമ്പാനിയ (നേപ്പിൾസ്), ലാസിയോ (റോം), സർദിനിയ, സിസിലി, വെനെറ്റോ (വെനീസ്) എന്നീ പ്രദേശങ്ങളാണ് ആദ്യഘട്ടമായി യെല്ലോ സോണിലേക്ക് മാറാൻ സാധ്യത.
ഇറ്റലിയിലെ ഹയർ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ആരോഗ്യ മന്ത്രാലയത്തിൽ നിന്നുമുള്ള പ്രതിവാര നിരീക്ഷണ റിപ്പോർട്ടിൽ കോവിഡ് വ്യാപനം ഗണ്യമായി വർധിച്ചതായി പറയുന്നു. ഇറ്റലി വിജയികളായ യൂറോ 2020 ഫുട്ബോൾ ചാംപ്യൻഷിപ്പിനുള്ള ഒത്തുചേരലുകൾ വൈറസ് വ്യാപനത്തിന് പ്രധാന കാരണമായതായി ഹയർ ഹെൽത്ത് കൗൺസിൽ മേധാവി ഫ്രാങ്കോ ലോക്കത്തെല്ലി പറഞ്ഞു.
ഏറ്റവും പുതിയ പഠനങ്ങളനുസരിച്ച്, ഇപ്പോഴത്തെ രോഗബാധിതരുടെ ശരാശരി പ്രായം 28 ആണെന്നത് സ്ഥിതിഗതികളുടെ ഗൗരവം വർധിപ്പിക്കുന്നു. നിലവിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഡെൽറ്റ വകഭേദം പ്രാഥമികമായി ചെറുപ്പക്കാരെയാണ് ബാധിക്കുന്നതെന്നും അതീവ ജാഗ്രത പുലർത്തണമെന്നും ആരോഗ്യ മന്ത്രാലയത്തിലെ ഡയറക്ടർ ജനറൽ ഗിയാനി റെസ്സ അഭിപ്രായപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല