സ്വന്തം ലേഖകൻ: ഇന്ത്യയുള്‍പ്പെടെ റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നും സന്ദര്‍ശക വിസകള്‍, ഓണ്‍ അറൈവല്‍ എന്നിവ വഴി ഖത്തറിലേക്കെത്തുന്നവര്‍ക്ക് പത്ത് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന് നിര്‍ബന്ധമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചതായി സൂചന. വാക്സിനേഷന് പൂര്‍ത്തിയാക്കി ഖത്തറിലേക്ക് വരുന്ന ഇത്തരം യാത്രക്കാര്‍ക്ക് നിലവില്‍ ക്വാറന്റൈന് ആവശ്യമില്ല.
എന്നാല്‍ പുതുതായി ഓണ്‍അറൈവല്‍ യാത്രക്ക് അപേക്ഷിച്ചവര്‍ക്ക് ഡിസ്കവര് ഖത്തര്‍ വഴി 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന് വേണമെന്ന് മറുപടി ലഭിച്ചതായാണ് റിപ്പോർട്ടുകൾ. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല. ഖത്തറില്‍ അംഗീകാരമുള്ള വാക്സിന്റെ രണ്ട് ഡോസും എടുത്ത് വരുന്നവര്‍ക്ക് ക്വാറന്റൈന് ആവശ്യമില്ലെന്നാണ് നേരത്തേയുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ പറഞ്ഞിരുന്നത്.
പൂര്‍ണമായും വാക്സിനെടുത്ത് ഇഹ്തിറാസ് വെബ്സൈറ്റില്‍ മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്ത് ഓതറൈസേഷന്‍ നേടിയവര്‍ക്ക് മാത്രമാണ് ഓണ്‍ അറൈവല്‍ വിസയില്‍ ഖത്തറില്‍ എത്താനാവുക. എന്നാല്‍ ഇങ്ങനെ രജിസ്ട്രേഷന് നടത്തിയവര്‍ക്കാണ് 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന് ആവശ്യമാണെന്ന നിര്‍ദേശം ഇമെയില്‍ വഴി ലഭിക്കുന്നതായി വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇതാണ് യാത്രക്കാരെ കൂടുതൽ കുഴക്കിയത്.
ഇമെയില്‍ സന്ദേശത്തില്‍ ഖത്തറിലേക്കുള്ള യാത്ര അപ്രൂവ് ചെയ്തതായി പറയുന്നുണ്ടെങ്കിലും സന്ദേശത്തിന്റെ അവസാന ഭാഗത്താണ് 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന് വേണമെന്ന നിര്‍ദേശം ചേര്‍ത്തിരിക്കുന്നതെന്ന് റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനായി ഇഹ്തിറാസ് ഹെല്‍പ്പ് ലൈനില്‍ വിളിച്ച യാത്രക്കാര്‍ക്ക് ലഭിച്ച മറുപടി ഇമെയില്‍ സന്ദേശത്തിലെ നിര്‍ദ്ദേശങ്ങള്‍ അതേപോലെ പാലിക്കാനാണ്.
ഇ മെയിലിലെ നിര്‍ദ്ദേശ പ്രകാരം ഹോട്ടല്‍ ക്വാറന്റൈന് ബുക്ക് ചെയ്ത് യാത്ര ചെയ്ത ശേഷം ഖത്തര്‍ വിമാനത്താവളത്തിലെ ഡിസ്കവര് ഖത്തര്‍ ഹെല്പ് ഡസ്കുമായി ബന്ധപ്പെട്ട് തുക റീഫണ്ട് ചെയ്യാന്‍ ശ്രമിക്കാവുന്നതാണെന്നും ബന്ധപ്പെട്ടവര്‍ വിശദീകരിച്ചു. അതിനിടെ, ഓണ്‍ അറൈവല്‍ വിസയില്‍ വരുന്നവര്‍ കൈവശം 5000 റിയാല്‍ കരുതണമെന്ന വ്യവസ്ഥ ഖത്തര്‍ കര്‍ശനമാക്കി.
കഴിഞ്ഞ ദിവസം അതില്ലാതെ ഖത്തര്‍ വഴി സൗദിയിലേക്ക് പോകാന്‍ ഓണ്‍ അറൈവല്‍ വിസയില്‍ എത്തിയ നിരവധി യാത്രക്കാര്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഏറെ നേരം കുടുങ്ങിയിരുന്നു. ഓണ്‍ അറൈവല്‍ വിസയില്‍ വരുന്നവര്‍ 5000 റിയാല്‍ കരുതണമെന്ന് നേരത്തെ നിര്‍ദേശമുണ്ടായിരുന്നെങ്കിലും അത് കര്‍ശനമായി നടപ്പിലാക്കിയിരുന്നില്ല.
ദോഹയില്‍ കഴിയാനാവശ്യമായ ചെലവുകള്‍ക്കുള്ള പണം കയ്യിലുണ്ടെന്ന് ഉറപ്പുവരുത്താനാണ് ഇത്തരമൊരു നിര്‍ദേശം. 5000 റിയാലോ തത്തുല്യമായ തുകയുള്ള ബാങ്ക് കാര്‍ഡോ കൈയില്‍ ഉണ്ടായിരിക്കണമെന്നാണു നിബന്ധന. സൗദിയിലേക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള യാത്രാ വിലക്ക് മറികടക്കാനാണ് പ്രവാസികള്‍ ഖത്തര്‍ വഴി പോകുന്നത്. ഖത്തറില്‍ 14 ദിവസം തങ്ങിയ ശേഷം സൗദിയിലേക്ക് പറക്കുകയാണ് ലക്ഷ്യം.
ഇന്ത്യയുള്‍പ്പെടെ റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ നടത്തേണ്ട നിര്‍ബന്ധിത പിസിആര്‍ പരിശോധന പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലേക്ക് മാറ്റി. ദോഹയില്‍ വിമാനമിങ്ങി 36 മണിക്കൂറിനകം ടെസ്റ്റ് നടത്തണമെന്നാണ് പുതിയ നിയമം. റെഡ്ലിസ്റ്റ് രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ ദോഹ വിമാനത്താവളത്തില്‍ നിന്ന് ടെസ്റ്റ് നടത്തിയ ശേഷം മാത്രമേ പുറത്തുകടക്കാവൂ എന്നതായിരുന്നു ഇതുവരെയുള്ള നിബന്ധന. ഇതിനായുള്ള സജ്ജീകരണങ്ങള്‍ വിമാനത്താവളത്തില്‍ ഒരുക്കുകയും ചെയ്തിരുന്നു.
എന്നാല്‍ നിലവില്‍ ദോഹയില്‍ എത്തുന്നവരോട് താമസ സ്ഥലത്തിന് അടുത്തുള്ള പിഎച്ച്സിസികളില്‍ ചെന്ന് ടെസ്റ്റ് നടത്താനാണ് നിര്‍ദ്ദേശം നല്‍കുന്നത്. ഇതിനായി പ്രത്യേക സ്റ്റിക്കര്‍ എയര്‍പോര്‍ട്ട് അധികൃതര്‍ യാത്രാ രേഖയില്‍ പതിച്ചുനല്കുന്നുമുണ്ട്. യാത്രക്കാരുടെ വിവരങ്ങള്‍ പിഎച്ച്സിസികള്‍ക്ക് കൈമാറും. 300 റിയാലാണ് ടെസ്റ്റ് ഫീസ്. ടെസ്റ്റ് നടത്താത്തവരുടെ പേരുകള്‍ അധികൃതര്‍ക്ക് കൈമാറാനും പിഎച്ച്സിസികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതിനിടെ ഇന്ത്യയില്‍ നിന്നെത്തുന്ന, കോവിഡ് വാക്സിനേഷന് പൂര്‍ത്തിയാക്കിയ യാത്രക്കാര്‍ക്ക് ഖത്തറില്‍ ക്വാറന്റീന് നയങ്ങളില്‍ വീണ്ടും മാറ്റം വരുത്തിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന വിശദീകരണവുമായി ഇന്ത്യന്‍ എംബസി. ഖത്തറിലെ പ്രവേശന നയങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കണമെന്നും എംബസി ട്വീറ്ററില്‍ നിര്‍ദേശിച്ചു.
നിലവില്‍ ഖത്തറിലെ പ്രവേശന, ക്വാറന്റീന് നയങ്ങള്‍ പ്രകാരം ഖത്തര്‍ അംഗീകൃത കോവിഡ് വാക്സിനേഷന് പൂര്‍ത്തിയാക്കിയവര്‍ക്ക് ഖത്തറില്‍ ക്വാറന്റീന് ആവശ്യമില്ല. ഇന്ത്യ കോവിഡ് വ്യാപനം കൂടിയ രാജ്യങ്ങളുടെ പട്ടികയിലായതിനാല്‍ സന്ദര്‍ശക വീസയില്‍ വാക്സീനെടുക്കാത്തവര്‍ക്കും 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ പ്രവേശനമില്ല. പ്രവേശന, ക്വാറന്റീന് വ്യവസ്ഥകള്‍ അറിയാന്‍: https://covid19.moph.gov.qa/EN/travel-and-return-policy/Pages/default.aspx
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല