സ്വന്തം ലേഖകൻ: ഇളയ മകൾ മീരബായി ചാനുവിന്റെ വെള്ളിമെഡൽ നേട്ടത്തിൽ അടക്കാനാവാത്ത സന്തോഷത്തിലാണ് അറുപതുകാരിയായ സൈഖോം ടോംബി ദേവി. മണിപ്പൂരിലെ ഇംഫാലിനടുത്തുള്ള നോങ്‌തോങ് കാച്ചിങ് ഗ്രാമത്തിലാണ് ഇവരുടെ താമസം. ഇരുപത്തിയഞ്ചുകാരിയായ മീരബായ് ഒളിമ്പിക് വെള്ളി മെഡൽ നേടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരിയായി മാറിയതിന്റെ ആവേശത്തിലാണ് ടോംബിയും ഭർത്താവ് സൈഖോം കൃതി സിങ്ങും മറ്റു മക്കളായ സൈഖോം രഞ്ജൻ, രഞ്ജന, രഞ്ജിത, നാനാവോ, സനതോംബ എന്നിവരും.
കുട്ടിക്കാലത്ത് മീരബായ് തന്നെ കൃഷിജോലികളിൽ സഹായിച്ചിരുന്ന കാലം ടോംബി ദേവി ഓർത്തെടുക്കുന്നു.
“ഞങ്ങളുടെ ഗ്രാമത്തിൽ, ഒരു അയൽക്കാരന്റെ ഉടമസ്ഥതയിലുള്ള അരയേക്കറിൽ കൃഷി ചെയ്തിരുന്ന എന്നെ മീരബായ് കുട്ടിക്കാലത്ത് സഹായിക്കാറുണ്ടായിരുന്നു. എന്റെ മറ്റ് കുട്ടികൾ പഠനത്തിനും നെയ്ത്തിനും സമയം ചെലവഴിക്കുമ്പോൾ, മിരാബായ് തലയിൽ വിറക് ചുമന്ന് എന്നെ സഹായിക്കും. ചിലപ്പോൾ, ഞങ്ങൾ രാവിലെയും വൈകിട്ടും മൂന്ന് നാല് മണിക്കൂർ ആ പാടത്ത് സമയം ചെലവഴിക്കുമായിരുന്നു, എന്റെ ജോലി ഭാരം കുറയ്ക്കുന്നതിലായിരുന്നു അവൾ ശ്രദ്ധിച്ചിരുന്നത്. ഇന്ന്, അവൾ ഇന്ത്യയെ മുഴുവൻ ചുമലിലേറ്റിയതായി തോന്നുന്നു,” ടോംബി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ഒരു ചെറുകിട കാർഷിക കുടുംബമാണ് ടോംബി ദേവിയുടേത്. മീരയുടെ പിതാവ് സൈഖോം കൃതി സിങ് മണിപ്പൂർ പൊതുമരാമത്ത് വകുപ്പിൽ നിർമണത്തൊഴിലാളിയിരിക്കവെ ടോംബി ദേവി ഗ്രാമത്തിലെ പ്രധാന റോഡിൽ ചെറിയ ചായക്കട നടത്തുകയും ചെയ്തിരുന്നു.
“ഞങ്ങളുടെ പൂർവികരെല്ലാം ചെറുകിട കർഷകരായിരുന്നു, ഞങ്ങൾക്ക് സ്വന്തമായി ഭൂമി പോലും ഉണ്ടായിരുന്നില്ല. എന്റെ ഭർത്താവ് പ്രതിമാസം 2,000-3,000 രൂപ സമ്പാദിക്കുമായിരുന്നു, നെൽവയലുകളിൽ ജോലി ചെയ്യുന്നതിനു പുറമേ ഞാൻ ഗ്രാമത്തിൽ ഒരു ചായക്കടയും നടത്തിയിരുന്നു. മീരാബായ്‌ക്കോ അവളുടെ സഹോദരങ്ങൾക്കോ ഞങ്ങൾക്ക് ശരിയായി ഭക്ഷണം നൽകാൻ പോലും കഴിഞ്ഞില്ല,” ടോംബി ദേവി പറഞ്ഞു.
ചെറുപ്പത്തിൽ അമ്പെയ്ത്തുകാരിയാവാൻ ആഗ്രഹിച്ചിരുന്ന മീരബായ് പിന്നീട് ഭാരോദ്വോഹനത്തിലേക്ക് തിരിയുകയായിരുന്നെന്നും ടോംബി ദേവി ഓർത്തെടുത്തു. 20 കിലോമീറ്റർ അകലെയുള്ള ഇംഫാൽ നഗരത്തിലെ ഖുമാൻ ലമ്പക് സ്റ്റേഡിയത്തിൽ അമ്പെയ്ത്ത് പരിശീലനത്തെക്കുറിച്ച് അന്വേഷിക്കാൻ മീരബായ് പിതാവിനൊപ്പം പോയപ്പോൾ അവിടെ മുൻ ഏഷ്യൻ മെഡൽ ജേതാവ് അനിത ചാനു ഭാരോദ്വോഹനത്തിന് പരിശീലനം നൽകുന്നുണ്ടായിരുന്നു. മീര അവരുടെ വെയ്റ്റ് ലിഫ്റ്റിങ് ട്രയലുകളിൽ പങ്കെടുക്കുകയും ട്രെയിനികളിലൊരാളായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുകയായിരുന്നു.
ഒളിമ്പിക് മെഡലുമായി മകളെ കാണുന്നതിന് പുറമെ മകൾക്ക് പ്രിയപ്പെട്ട വിഭവങ്ങൾ ഉണ്ടാക്കിക്കൊടുക്കുന്നതിനും ടോംബി ദേവി ആഗ്രഹിക്കുന്നു.
“മടങ്ങിവരുമ്പോൾ അവൾ എല്ലായ്‌പ്പോഴും നമുക്കെല്ലാവർക്കും എന്തെങ്കിലും കൊണ്ടുവരും. അവൾ എനിക്ക് തന്ന വിദേശത്ത് നിന്ന് ലഭിച്ച ഒരു വെളുത്ത ഷാൾ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. കാങ്‌സോയി (വെജിറ്റബിൾ സ്റ്റൂ), ഇറോംബ ( മീനും പച്ചക്കറികളും കൊണ്ടുള്ള വിഭവം), പക്നം ( മീനും വാഴക്കൂമ്പും ഉപയോഗിച്ചുള്ള വിഭവം) എന്നിവയുൾപ്പെടെ അവളുടെ പ്രിയപ്പെട്ട മെയ്‌തി വിഭവങ്ങൾ ഉണ്ടാക്കും, ഒപ്പം ഞാൻ ആ ഷാൾ ധരിക്കും,” ടോംബി ദേവി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല