സ്വന്തം ലേഖകൻ: യുകെ കോവിഡ് വേരിയൻ്റുകളുടെ വിളനിലമായേക്കുമെന്ന് വിദഗ്ദരുടെ മുന്നറിയിപ്പ്. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിക്കൊണ്ട് ബോറിസ് ജോൺസൺ സർക്കാർ ഇതിനുള്ള അനുകൂല സാഹചര്യം സൃഷ്ടിച്ചതായാണ് വിമർശനം. വേരിയൻ്റുകളുടെ വരവ് ജനങ്ങളെ രക്ഷിക്കാനുള്ള വാക്സിനുകളുടെ കഴിവ് ദുർബലപ്പെടുത്തിക്കൊണ്ടായിരിക്കുമെന്നും വിദഗ്ദർ ഓർമ്മിപ്പിക്കുന്നു.
ജനസംഖ്യയിൽ നല്ലൊരു ശതമാനത്തിനും രണ്ട് ഡോസ് വാക്സിൻ്റെ സംരക്ഷണം ലഭിക്കാത്തതിനാൽ വേനൽക്കാലത്ത് മറ്റൊരു തരംഗം ഉണ്ടായാൽ പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷംവരെ ഉയരാം. പ്രശ്നക്കാരാകോവിഡ് വകഭേദങ്ങൾ അതിവേഗത്തിൽ വ്യാപിക്കുന്നവയാണ്. ഇന്ത്യയിൽ ആദ്യമായി തിരിച്ചറിഞ്ഞ ഡെൽറ്റ വേരിയൻറ് ചൈനയിൽ പൊട്ടിപ്പുറപ്പെട്ട വൈറസിന്റെ യഥാർത്ഥ രൂപത്തേക്കാൾ ഇരട്ടി വേഗത്തിൽ വ്യാപിക്കുന്നതായിരുന്നു എന്നത് ഉദാഹരണം.
അതിനിടെ ബ്രിട്ടനിലെ പ്രതിദിന കൊറോണ വൈറസ് കേസുകൾ തുടർച്ചയായ നാലാം ദിവസവും കുറഞ്ഞു. കഴിഞ്ഞയാഴ്ചയിൽ നിന്ന് 41 ശതമാനം ഇടിവ്. മൂന്നാം തരംഗം അടുത്തയാഴ്ച കേസുകൾ വീണ്ടും ഉയർത്തുമെന്ന മുന്നറിയിപ്പിനിടെ ഉണ്ടാകുന്ന സ്ഥിരമായ ഇടിവ് പ്രതീക്ഷകൾ നൽകുന്നതാണ്. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ (പിഎച്ച്ഇ) കണക്കുകൾ പ്രകാരം യുകെയിൽ 31,795 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 46,519,998 പേർക്ക് ഇപ്പോൾ ഒരു വാക്സിൻ ആദ്യ ഡോസും 36,953,691 പേർക്ക് രണ്ടാമത്തെ ഡോസും ലഭിച്ചു.
വടക്കൻ അയർലണ്ടിൽ 1,520 കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തു. തീവ്രപരിചരണ വിഭാഗത്തിൽ 163 കോവിഡ് പോസിറ്റീവ് രോഗികളാണ് ഉണ്ടായിരുന്നത്. വടക്കൻ അയർലണ്ടിൽ ആകെ 2,200,125 പേർക്ക് ഇതുവരെ വാക്സിനുകൾ നൽകി. ശരത്കാലം വരെ രാജ്യത്തുടനീളം കേസുകൾ തുടരുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ തിങ്കളാഴ്ച ഇംഗ്ലണ്ടിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതോടെ രോഗം പടരുന്നത് തുടരുമെന്ന് ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിൻ, സയന്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസി (സേജ്) എന്നിവയിലെ പ്രൊഫസർ ജോൺ എഡ്മണ്ട്സ് പറഞ്ഞു.
അതേസമയം “പിങ്ഡെമിക്“ കുഴപ്പങ്ങൾ പ്രതിദിനം വർധിച്ചു വരുന്നത് സർക്കാരിനും ജനങ്ങൾക്കും ഒരുപോലെ തലവേദനയായിരിക്കുകയാണ്. തിങ്കളാഴ്ച മുതൽ 200 പുതിയ ടെസ്റ്റിംഗ് സൈറ്റുകൾ ആരംഭിക്കും. എന്നാൽ ആരാണ് അവ ഉപയോഗിക്കുന്നത്, സർക്കാർ എന്തിനാണ് ഇത് സ്വീകരിച്ചത് എന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നു. പിങ്ഡെമിക് മൂലം സ്വയം ഒറ്റപ്പെടേണ്ടി വരുന്ന ഫ്രണ്ട്ലൈൻ ജീവനക്കാർക്ക് ടെസ്റ്റിങ് നടത്തുന്നതിനാണ് പുതിയ സൈറ്റുകളെന്നാണ് സർക്കാർ വാദം.
അതേസമയം സ്വയം ഒറ്റപ്പെടലിൽ നിന്ന് ഒഴിവാകാൻ അർഹതയുള്ള നിരവധിപേരെ സർക്കാർ തഴഞ്ഞുവെന്ന പരാതിയും വ്യാപകമാണ്. പോലീസ്, അഗ്നിശമന സേനാംഗങ്ങൾ, ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥർ, ഗതാഗത തൊഴിലാളികൾ എന്നിവർക്ക് സ്വയം ഒറ്റപ്പെടൽ ഒഴിവാക്കലിന് അർഹതയുണ്ട്. എന്നാൽ അവരുടെ തൊഴിലുടമകൾ അവരുടെ പേരുകൾ വ്യക്തമാക്കുകയും കോവിഡ് -19 നെതിരെ ഇരട്ട ജാബ് സ്വീകരിക്കുകയും ചെയ്താൽ മാത്രമാണ് ക്വാറന്റൈൻ ഒഴിവാകുക.
ദിവസേനയുള്ള കോൺടാക്റ്റ് ടെസ്റ്റിംഗ് ‘ഇംഗ്ലണ്ടിലെ കൂടുതൽ നിർണായക ജോലി സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ’ കഴിയുന്ന തരത്തിൽ 200 അധിക ടെസ്റ്റിംഗ് സൈറ്റുകൾ തുറക്കുമെന്ന് സർക്കാർ ശനിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ നിലവിൽ വ്യാപനം ഗുരുതരമായ പ്രദേശങ്ങളിൽ നിന്നും ജോലികളിൽ നിന്നുമുള്ള 2.3 ദശലക്ഷം ആളുകൾ സെൽഫ് ഐസോലേഷനായി പിങ് ചെയ്യപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല