നാട്ടില്‍ തങ്ങള്‍ പുലികള്‍ തന്നെയാണെന്ന് അടിവരയിടുന്നതായിരുന്നു ടീം ഇന്ത്യയുടെ രണ്ടാം ഏകദിനത്തിലെയും പ്രകടനം. വിരാട് കോഹ്ലിയും ഗൌതം ഗംഭീറും ക്രീസില്‍ നിറഞ്ഞാടിയപ്പോള്‍ രണ്ടാം ഏകദിനത്തിലും ഇന്ത്യക്കു ജയം. 80 പന്തു ശേഷിക്കേ എട്ടു വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ളണ്ടിനെ നാണംകെടുത്തിയത്. ഏകദിനത്തില്‍ തന്റെ ഏഴാം സെഞ്ചുറിനേടിയ കോഹ്ലിയും (112 നോട്ടൌട്ട്) അര്‍ധസെഞ്ചുറി നേടിയ ഗംഭീറും (84 നോട്ടൌട്ട്) ചേര്‍ന്നാണ് ജയമൊരുക്കിയത്. സ്കോര്‍: ഇംഗ്ളണ്ട് 48.2 ഓവറില്‍ 237. ഇന്ത്യ 36.4 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 238. സെഞ്ചുറി നേടിയ ഇന്ത്യന്‍ ഇന്നിംഗ്സിന്റെ നെടുന്തൂണായ കോഹ്്ലിയാണ് കളിയിലെ കേമന്‍. ഇതോടെ അഞ്ച് ഏകദിന പരമ്പരയില്‍ ഇന്ത്യ 2-0 നു മുന്നിലായി.
ടോസ് ജയിച്ച് ബാറ്റിംഗിനിറങ്ങിയ ഇംഗ്ളണ്ടിനു തുടക്കം മുതല്‍ ശനിദശയായിരുന്നു. ആദ്യ ഓവറിന്റെ നാലാം പന്തില്‍ പ്രവീണ്‍കുമാര്‍ അലിസ്റര്‍ കുക്കിനെ പൂജ്യത്തിനു മടക്കി. അടുത്ത ഓവര്‍ എറിയാനെത്തിയ വിനയ്കുമാര്‍ ഇംഗ്ളണ്ടിന് രണ്ടാം പ്രഹരവും നല്കി. സ്കോര്‍ബോര്‍ഡു തുറക്കും മുമ്പ് കുക്കിനെ നഷ്ടപ്പെട്ട ആതിഥേയര്‍ക്ക് കീസ്വെറ്ററിനെയും നഷ്ടപ്പെട്ടു. രണ്ടാം ഓവറിന്റെ അഞ്ചാം പന്തില്‍ കീസ്വെറ്ററിനെ വിനയ്കുമാര്‍ കോഹ്ലിയുടെ കൈകളില്‍ എത്തിച്ചു.
ഇംഗ്ളണ്ട് രണ്ടു വിക്കറ്റു നഷ്ടത്തില്‍ പൂജ്യം. തുടര്‍ന്ന് ക്രീസില്‍ ഒത്തുചേര്‍ന്ന് ജോനാഥന്‍ ട്രോട്ടും പീറ്റേഴ്സണും ചേര്‍ന്ന് സ്കോര്‍ 48 ല്‍ എത്തിച്ചു. 34 റണ്‍സെടുത്ത ട്രോട്ടിനെ വിനയ്കുമാര്‍ ധോണിയുടെ കൈകളിലെത്തിച്ച് ഈ കൂട്ടുകെട്ട് തകര്‍ത്തു. പിന്നീട് രവി ബൊപ്പാരയുമായി ചേര്‍ന്ന് പീറ്റേഴ്സണ്‍ സ്കോര്‍ നൂറുകടത്തി. എന്നാല്‍, 121 ല്‍ നില്‍ക്കുമ്പോള്‍ 36 റണ്‍സെടുത്ത ബൊപ്പാരയെ ആര്‍. അശ്വിന്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി. ഇംഗ്ളണ്ട് 24.5 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 121. അടുത്ത ഓവറിന്റെ രണ്ടാം പന്തില്‍ പീറ്റേഴ്സനെ (46) ഉമേഷ് യാദവ് മടക്കിയയച്ചു.
ഏഴാം നമ്പറായി ക്രീസിലെത്തിയ സമിത് പട്ടേല്‍ 42 റണ്‍സെടുത്തത് ഇംഗ്ളണ്ടിന്റെ സ്കോര്‍ 200 കടത്തി. ബ്രിസ്റൊവിനൊപ്പം (35) ചേര്‍ന്നാണ് പട്ടേല്‍ ഇംഗ്ളണ്ടിനായി പോരാടിയത്. ഇന്ത്യയുടെ വിനയ്കുമാര്‍ നാലു വിക്കറ്റ് വീഴ്ത്തി. ഉമേഷ് യാദവ് രണ്ടു വിക്കറ്റ് സ്വന്തമാക്കി. ഒമ്പത് ഓവറില്‍ 30 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ വിനയ്കുമാറിന്റെ കരിയറിലെ മികച്ച പ്രകടനവും ഡല്‍ഹി ഫിറോസ്ഷാ കോട്ലയില്‍ പിറന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് 29 റണ്‍സെടുക്കുന്നതിനിടെ രണ്ടു വിക്കറ്റു നഷ്ടപ്പെട്ടു. 12 റണ്‍സെടുത്ത പാര്‍ഥിവ് പട്ടേലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടപ്പെട്ടത്. 14 റണ്‍സെടുത്ത രഹാനയും പവലിയനിലേക്കു മടങ്ങി. തുടര്‍ന്ന് ക്രീസിലെത്തിയ ഗൌതം ഗംഭീര്‍ – വിരാട് കോഹ്്ലി കൂട്ടുകെട്ട് ഇന്ത്യയെ ജയത്തിലേക്കടുപ്പിച്ചു. 98 പന്തില്‍ നിന്ന് 16 ഫോറിന്റെ അകമ്പടിയോ ടെയാണ് കോഹ്ലി 112 റണ്‍സെടുത്തത്. 90 പന്തില്‍ നിന്ന് പത്തു ഫോറുള്‍പ്പെട്ടതാ ണ് ഗംഭീറിന്റെ 84 റണ്‍സ് പ്രകടനം.
സ്കോര്‍ബോര്‍ഡ്
ഇംഗ്ളണ്ട് ബാറ്റിംഗ്: അലിസ്റ്റര്‍ കുക്ക് സി ജഡേജ ബി പ്രവീണ്‍കുമാര്‍ 0, കീസ്വെറ്റര്‍ സി കോഹ്ലി ബി വിനയ്കുമാര്‍ 0, ജൊനാഥന്‍ ട്രോട്ട് സി ധോണി ബി വിനയ്കുമാര്‍ 34, പീറ്റേഴ്സണ്‍ സി ധോണി ബി യാദവ് 46, രവി ബൊപ്പാര എല്‍ബിഡബ്ള്യു ബി അശ്വിന്‍ 36, ബ്രിസ്റൊ സി കോഹ്്ലി ബി ജഡേജ 35, സമിത് പട്ടേല്‍ എല്‍ബിഡബ്ള്യു ബി ഉമേഷ് യാദവ് 42, ബ്രസ്നന്‍ സി റെയ്ന ബി വിനയ്കുമാര്‍ 12, സ്വാന്‍ ബി വിനയ്കുമാര്‍ 7, ഫിന്‍ നോട്ടൌട്ട് 6, ഡെന്‍ബാഷ് റണ്ണൌട്ട് 3, എക്സ്ട്രാസ് 16, ആകെ 48.2 ഓവറില്‍ 237 ന് എല്ലാവരും പുറത്ത്.
ബൌളിംഗ്: പ്രവീണ്‍കുമാര്‍ 9-1-40-1, വിനയ്കുമാര്‍ 9-1-30-4, വിരാട് കോഹ്്ലി 5-0-18-0, ഉമേഷ് യാദവ് 8.2-0-50-2, ആര്‍. അശ്വിന്‍ 10-0-56-1, രവീന്ദ്ര ജഡേജ 7-0-38-1.
ഇന്ത്യ ബാറ്റിംഗ്: പാര്‍ഥിവ് പട്ടേല്‍ സി കുക്ക് ബി ബ്രസ്നന്‍ 12, രഹാനെ സി ഡെന്‍ബാഷ് ബി ബ്രസ്നന്‍ 14, ഗംഭീര്‍ 84 നോട്ടൌട്ട്, കോഹ്ലി 112 നോട്ടൌട്ട്, എക്സ്ട്രാസ് 16, ആകെ 36.4 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 238.
ബൌളിംഗ്: ബ്രസ്നന്‍ 7-1-41-2, ഫിന്‍ 9-0-50-0, ഡെന്‍ബാഷ് 5.4-0-41-0, സ്വാന്‍ 8-0-52-0, ബൊപ്പാര 3-0-21-0, സമിത് പട്ടേല്‍ 2-0-17-0, പീറ്റേഴ്സണ്‍ 2-0-13-0.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല