ചരിത്രത്തില്‍ നെതര്‍ലന്‍ഡുകാരനായ വിഖ്യാത ചിത്രകാരന് വിന്‍സെന്റ് വാന്‍ഗോഗ് 1890-ല്‍ ഫ്രാന്‍സിലെ ഒവേര് സിര്വാസിലാണ് മരിക്കുന്നത്. എന്നാല്‍ 37-ാം വയസ്സില്‍ മരണത്തിന്റെ വഴി സ്വയം തിരഞ്ഞെടുക്കുകയായിരുന്നുവെന്ന വിശ്വാസത്തിന് തിരുത്തലാണിപ്പോള് ഉണ്ടായിരിക്കുന്നത്. വാന്‍ഗോഗിന്റെ പരിചയക്കാരായ രണ്ട് കുട്ടികളുമായി സമയംചെലവിടുന്നതിനിടെ അവരിലൊരാളുടെ കൈയിലുണ്ടായിരുന്ന തോക്കില്‍ നിന്ന് അബദ്ധവശാല്‍ ഉതിര്‍ന്ന വെടിയുണ്ടയാണ് വാന്‍ഗോഗിന്റെ ജീവനെടുത്തതെന്നാണ് പുതിയ വെളിപ്പെടുത്തല്‍. തന്റെ മരണത്തിന് ഉത്തരവാദി താന്‍ മാത്രമാണെന്ന് മരണമൊഴി നല്കി അദ്ദേഹം കുട്ടികളെ രക്ഷിക്കുകയായിരുന്നുവെന്നും പുതിയ ജീവചരിത്ര കൃതിയുടെ കര്‍ത്താക്കള്‍ പറയുന്നു.
സത്രത്തില്‍ താമസിക്കുകയായിരുന്ന വാന്‍ഗോഗ് ചിത്രം വരയ്ക്കാനായി സമീപത്തുള്ള ഗോതമ്പുപാടത്തേക്ക് പോവുക പതിവായിരുന്നു. കാലിമേച്ചിലുകാരായ രണ്ട് കുട്ടികള്‍ ഇവിടെ അദ്ദേഹത്തിന് കൂട്ടായുണ്ടായിരുന്നു. മൂന്നു പേരും നന്നായി മദ്യപിച്ചിരുന്ന ഒരു ദിവസം 16 കാരനായ റെനെ സെക്രറ്റിന്റെ കൈയിലെ തോക്ക് അബദ്ധത്തില്‍ പൊട്ടുകയായിരുന്നെന്നാണ് ഗ്രന്ഥകര്‍ത്താക്കള്‍ പറയുന്നത്. ആ ദിവസം വാന്‍ഗോഗ് പാടത്തേക്ക് പോയത് ആത്മഹത്യയ്ക്കായിരുന്നില്ല, ചിത്രം വരയ്ക്കാന്‍ തന്നെയായിരുന്നുവെന്നും അവര്‍ ഉറപ്പിച്ച് പറയുന്നു.
ഇതിനായി ഇവര്‍ നിരത്തുന്ന തെളിവുകള്‍ ഇങ്ങനെ: വാന്‍ഗോഗിന്റെ വയറിനു മുകള്‍ ഭാഗത്തായി ചെരിഞ്ഞ കോണിലൂടെയാണ് വെടിയുണ്ട തുളച്ചുകയറിയത്. ആത്മഹത്യയായിരുന്നുവെങ്കില്‍ വെടിയുണ്ട മുന്നില്‍നിന്ന് നേരെ കയറുകയാണു ചെയ്യുക. ബോധപൂര്‍വമുള്ള വെടിവെപ്പായിരുന്നു ഇതെന്ന് കരുതാനാവില്ല. വാന്‍ഗോഗ് ആ ഘട്ടത്തില്‍ ആത്മഹത്യ തേടിയിരുന്നില്ല. എന്നാല്‍, അപ്പോള്‍ തന്റെ മുന്നിലെത്തിയ മരണമെന്ന വാഗ്ദാനത്തെ അദ്ദേഹം ഏറ്റുവാങ്ങുകയായിരുന്നു. തന്റെ സഹോദരന് തിയോവിനോടുള്ള സ്നേഹക്കൂടുതല് കാരണമാണ് അദ്ദേഹമങ്ങനെ ചെയ്തത്. അന്ന് ചിത്രങ്ങളൊന്നും വിറ്റുപോവാതിരുന്ന വാന്‍ഗോഗിനെ സാമ്പത്തികമായി സഹായിച്ചിരുന്നത് തിയോവായിരുന്നു – ഗ്രന്ഥകാരിലൊരാളായ ഗ്രിഗറി വൈറ്റ് പറഞ്ഞു.
വാന്‍ഗോഗിന്റെ ജീവചരിത്രമെഴുതുകയും കത്തുകളും കുറിപ്പുകളും തര്‍ജമ ചെയ്യുകയും ചെയ്ത 20 ലധികം എഴുത്തുകാരെയും ഗവേഷകരെയും നേരില്‍കണ്ടാണ് ‘വാന്‍ഗോഗ്: ദ ലൈഫ്’ എന്ന ജീവചരിത്രകൃതി സ്റ്റീവന്‍ നൈഫി, ഗ്രിഗറി വൈറ്റ് സ്മിത്ത് എന്നിവര്‍ തയ്യാറാക്കിയത്. വാന്‍ഗോഗിന്റെ വിവര്‍ത്തനം ചെയ്യപ്പെടാത്ത ആയിരക്കണക്കിന് കത്തുകളും കുറിപ്പുകളും കൂടി ഇവര്‍ പഠന വിധേയമാക്കുകയുണ്ടായി. 10 വര്‍ഷം നീണ്ട പരിശ്രമത്തിനിടെ തയ്യാറാക്കിയ കൃതി വാന്‍ഗോഗിന്റെ ജീവിതം സംബന്ധിച്ച ഏറ്റവും വിശ്വസനീയവും ആധികാരികവുമായ വിവരങ്ങളാണ് നല്‍കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല