1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 9, 2021

സ്വന്തം ലേഖകൻ: ക്വെക് യു സുവാൻ, ജനിക്കു​േമ്പാൾ 212ഗ്രാം മാത്രമായിരുന്നു തൂക്കം. കഷ്​ടിച്ച്​ ഒരു ആപ്പിളിന്‍റെ തൂക്കം മാത്രം​. 2020 ജൂൺ ഒമ്പതിന്​ സിംഗപ്പൂരിലെ നാഷനൽ യൂനിവേഴ്​സിറ്റി ആശ​ുപത്രിയിലായിരുന്നു ക്വെകിന്‍റെ ജനനം. മാസം തികയാതെ 25ാം ആഴ്ചയിലായിരുന്നു ക്വെക്​ ജനിച്ചത്​. കുഞ്ഞു ജീവൻ അതിജീവിക്കുമെന്ന പ്രതീക്ഷ ഡോക്​ർമാർക്കും മാതാപിതാക്കൾക്കും ഇല്ലായിരുന്നു. 24 സെന്‍റിമീറ്റർ മാത്രമായിരുന്നു കുട്ടിയുടെ വലിപ്പം.

പിന്നീട്,​ കുട്ടിയെ നിയോനേറ്റൽ ഇന്‍റൻസീവ്​ കെയർ യൂനി​റ്റിലേക്ക്​ കുഞ്ഞിനെ മാറ്റി. കുട്ടിയെ യൂനിറ്റി​േലക്ക്​ കൊണ്ടുവന്നപ്പോൾ കണ്ണുകൊണ്ട്​ വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന്​ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്​സ്​ പറയുന്നു. 22 വർഷമായി നഴ്​സിങ്​ രംഗത്ത്​​ ജോലിചെയ്യുന്ന താൻ ആദ്യമായാണ്​ ഇത്രയ​ും ചെറിയ കുഞ്ഞിനെ പരിചരിക്കുന്നതെന്നും അവർ പറഞ്ഞിരുന്നു.

13മാസം ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രത്യേക പരിചരണത്തിലായിരുന്നു കുട്ടി. ആഴ്ചകളോളം വെന്‍റിലേറ്ററിലും പ്രവേശിപ്പിച്ചിരുന്നു. 13 മാസത്തിലധികം ചികിത്സ നേടിയശേഷം കഴിഞ്ഞമാസം ക്വെക്​ ആശുപത്രിവിട്ടു. ഇപ്പോൾ 6.3 കിലോയാണ്​ ക്വെകിന്‍റെ തൂക്കം. മാസം തികയാതെ പ്രസവിച്ചശേഷം അതിജീവിച്ച​ ഏറ്റവും ചെറിയ കുഞ്ഞാണ്​ ക്വെകെന്നാണ്​ വിദഗ്​ധരുടെ അഭിപ്രായം.

മറ്റു കുട്ടികളെ പോലെയായിരുന്നില്ല ക്വെകിന്‍റെ പരിചരണം. ഡോക്​ടർമാരെയും വളരെയധികം ക്വെക് കുഴക്കിയിരുന്നു. തൊലി വളരെ നേർത്തതായതിനാൽ വിരൽകൊണ്ടുപോലും സ്​പർശിക്കാൻ കഴിഞ്ഞിരുന്നില്ല. പരിശോധിക്കാൻ അതിലും ബുദ്ധിമുട്ടായിരുന്നു. കുഞ്ഞിനായി വളരെ ചെറിയ ശ്വാസകോശ ട്യൂബ്​ സംഘടിപ്പിക്കേണ്ടി വന്നു.

ഡയപ്പർ മുറിച്ചായിരുന്നു ഉപയോഗിച്ചിരുന്നത്​. നൽകേണ്ട മരുന്നിന്‍റെ അളവ്​ പോയിന്‍റ്​ രേഖപ്പെടുത്തി കുറിക്കേണ്ടി വന്നുവെന്നും ഡോക്​ടർമാർ പറയുന്നു. ആശുപത്രി വാസത്തിനിടെ കുഞ്ഞിനെ പരിചരിക്കുന്നതിന്​ പ്രത്യേക പരിശീലനം മാതാപിതാക്കൾക്ക്​ നൽകിയിരുന്നു. അതിന്​ ശേഷമാണ്​ ഡിസ്​ചാർജ്​ ചെയ്​തത്​. കോവിഡ്​ മഹാമാരിക്കാലത്ത്​ ക്വെകിനെപ്പോലെ ഒരു പെൺകുട്ടിയുടെ അതിജീവനം ശാസ്​ത്ര ലോകത്തിന്​ വളരെയധികം പ്രതീക്ഷ നൽകുന്നതാണെന്ന്​ ആശുപത്രി അധികൃതർ പ്രതികരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.