![](https://www.nrimalayalee.com/wp-content/uploads/2021/08/Malayalee-Paris-Hotel-Messi-fan-moment-.jpg)
സ്വന്തം ലേഖകൻ: ലയണൽ മെസി സ്പാനിഷ് ക്ലബ് ബാഴ്സലോണ വിട്ടതും ചൊവ്വാഴ്ച ഫ്രഞ്ച് ക്ലബ് പി.എസ്.ജിയിൽ എത്തിയതുമെല്ലാമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ലോകമെങ്ങുമുള്ള ഫുട്ബാൾ ആരാധകരുടെ ചൂടൻ ചർച്ചകൾ. കാത്തിരുന്ന കൂടുമാറ്റം പൂർത്തിയായി, പാരിസിലെ ഹോട്ടൽ ബാൽക്കണിയിൽ കുടുംബത്തിനൊപ്പം പ്രത്യക്ഷപ്പെട്ടത് കായികലോകത്തെ ട്രെൻഡിങ്ങായി.
ഇതിനിടെയാണ്, ആരാധകരെ അഭിവാദ്യം ചെയ്ത മെസിയെ ആവേശത്തോടെ നീട്ടിവിളിച്ച ഒരു മലയാളിയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. തൃശൂർ തളിക്കുളം സ്വദേശിയായ ഖത്തർ പ്രവാസി പി.എ. അനസിനാണ് പ്രിയ താരത്തെ കൈയ്യെത്തും ദൂരത്ത് കിട്ടിയത്. ഖത്തറിൽനിന്ന് ജോലി ആവശ്യാർഥം പാരിസിലെത്തിയതായിരുന്നു അനസ്.
മെസിയും അനസും ഒരേ ഹോട്ടലിെൻറ ഒരേ നിലയിലെ അടുത്തടുത്ത സ്യൂട്ടുകളിലായിരുന്നു. “ലേ റോയൽ മോൺക്യു ഹോട്ടലിെൻറ അഞ്ചാം നിലയിലായിരുന്നു ഞാനും താനൂർ സ്വദേശിയായ സമീറും താമസിച്ചത്. ലയണൽ മെസി വരുന്ന വിവരം രാവിലെതന്നെ ഹോട്ടൽ ജീവനക്കാർ വഴി അറിഞ്ഞു. കാണാനുള്ള അവസരമുണ്ടാവുമോ എന്നെല്ലാം അവരോട് അന്വേഷിച്ചെങ്കിലും ഒന്നും മിണ്ടിയില്ല. രാത്രി എേട്ടാടെ സൂപ്പർതാരം ഹോട്ടലിലെത്തുമെന്നായിരുന്നു അറിയിപ്പ്. പക്ഷേ, വൈകീട്ട് നാലു മുതൽ ഹോട്ടലിന് മുന്നിലെ തെരുവുകൾ ആരാധകരെക്കൊണ്ടു നിറഞ്ഞു,“ അനസ് മാധ്യമത്തോട് പറഞ്ഞു.
“ഒരു ഘട്ടത്തിൽ ആരാധക ആരവം ഏറെ ഉയർന്നപ്പോൾ ഞങ്ങൾ ബാൽക്കണിയിലിറങ്ങി പുറത്തേക്ക് നോക്കി. ആൾക്കൂട്ടമെല്ലാം മുകളിലേക്കു നോക്കി ആരവം മുഴക്കുന്നതായിരുന്നു കാഴ്ച. ഉടൻ വലതുവശത്തേക്ക് തിരിഞ്ഞുനോക്കിയപ്പോൾ, ഇതാ സൂപ്പർ താരം തൊട്ടടുത്ത ബാൽക്കണിയിൽ. സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ പ്രയാസപ്പെട്ട നിമിഷങ്ങൾ. മുന്നിലെ കാഴ്ച സ്വപ്നമോ യാഥാർഥ്യമോ എന്നു പോലും സംശയിച്ചുപോയി. ഉടൻ മൊബൈൽ വിഡിയോ ഓൺ ചെയ്ത് മെസിയെ നീട്ടിവിളിക്കാൻ തുടങ്ങി. അലറിവിളിച്ചെങ്കിലും സൂപ്പർ താരം കേട്ടില്ല. അപ്പോഴാണ് മകൻ തിയാഗോ ഞങ്ങളെ ചൂണ്ടിക്കാണിക്കുന്നത്. തുടർന്ന് ഞങ്ങളെ നോക്കി മെസി അഭിവാദ്യം ചെയ്തു,“ അനസ് കൂട്ടിച്ചേർത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല