സ്വന്തം ലേഖകൻ: ജപ്പാന്‍ തീരത്ത് ചരക്കുകപ്പല്‍ മണല്‍ത്തിട്ടയില്‍ ഇടിച്ച് രണ്ടായി പിളര്‍ന്നു. പനാമയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ക്രിംസണ്‍ പൊളാരിസ് എന്ന ചരക്കുകപ്പലാണ് അപകടത്തില്‍പ്പെട്ടത്. ജപ്പാന്റെ വടക്കന്‍തീരത്തെ ഹച്ചിനോഹെ തുറമുഖത്താണ് സംഭവം. കപ്പലിലുണ്ടായിരുന്ന ചൈനീസ്, ഫിലിപ്പൈൻസ് പൗരൻമാരായ 21 ജീവനക്കാരെ രക്ഷപ്പെടുത്തിയതായി ജപ്പാന്‍ കോസ്റ്റ്ഗാര്‍ഡ് അധികൃതര്‍ അറിയിച്ചു.
കപ്പലില്‍നിന്നു ചോര്‍ന്ന എണ്ണ, കടലില്‍ 24 കിലോമീറ്റര്‍ ദൂരത്തോളം പരന്നിരുന്നു. ഇതുണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതത്തിന്‍റെ വ്യാപ്തി വ്യക്തമല്ല. നിലവില്‍ എണ്ണച്ചോർച്ച നിയന്ത്രണ വിധേയമാക്കിയതായാണ് ജപ്പാൻ തീരസേനയുടെ വിശദീകരണം. മരച്ചീളുകളുമായി തായ്ലൻഡിൽ നിന്നാണ് കപ്പല്‍ പുറപ്പെട്ടത്.
39,910 ടണ്ണാണ് കപ്പലിന്‍റെ ഭാരം. മൺതിട്ടയിൽ കുടുങ്ങിയ കപ്പൽ പിന്നീട് സ്വയം സ്വതന്ത്രമായെങ്കിലും മോശം കാലാവസ്ഥ കാരണം ബുധനാഴ്ച ഹച്ചിനോഹെ തുറമുഖത്തിന് നാലു കിലോമീറ്റർ അകലെ നങ്കൂരമിടുകയായിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയാണ് കപ്പൽ രണ്ടായി പിളർന്നത്. കപ്പലിന്‍റെ ഭാഗങ്ങൾ ഇനിയും മാറ്റിയിട്ടില്ല. മൂന്ന് വീതം പട്രോൾ ബോട്ടുകളും വിമാനങ്ങളുമാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല