![](https://www.nrimalayalee.com/wp-content/uploads/2020/07/Kuwait-private-schools-asked-to-cut-tuition-fees-by-25.jpg)
സ്വന്തം ലേഖകൻ: ഇന്ത്യൻ സ്കൂളുകൾ ഉൾപ്പെടെ കുവൈത്തിലെ വിദേശ വിദ്യാലയങ്ങൾ സെപ്റ്റംബർ 26ന് തുറക്കും. സ്വദേശി സ്കൂളുകളിലും സ്വകാര്യ അറബിക് സ്കൂളുകളിലും ഒക്ടോബർ 3നാകും റഗുലർ ക്ലാസുകൾ ആരംഭിക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി അലി അൽ മുദ്‌ഹഫ് അറിയിച്ചു. 24 ഇന്ത്യൻ സ്കൂളുകൾ ഉൾപ്പെടെ 175 വിദേശ വിദ്യാലയങ്ങളാണ് കുവൈത്തിലുള്ളത്.
കോവിഡ് ആരംഭത്തിൽ അടച്ചിട്ട വിദ്യാലയങ്ങളാണ് ഏകദേശം ഒന്നര വർഷത്തിന് ശേഷം തുറക്കുന്നത്. കർശന മാനദണ്ഡങ്ങൾ പാലിച്ചാകും സ്കൂൾ പ്രവർത്തനം. വിദേശ വിദ്യാലയങ്ങൾക്ക് അധ്യയന വർഷ കലണ്ടർ അനുസരിച്ച് ഓൺലൈൻ ക്ലാസുകൾ ഏതുസമയത്തും ആരംഭിക്കാം. എന്നാൽ റഗുലർ ക്ലാസുകൾ സെപ്റ്റംബർ 26ന് മാത്രമേ ആരംഭിക്കാവൂ.
ഒരു ക്ലാസിൽ പരമാവധി 20 കുട്ടികൾ മാത്രമായിരിക്കണം. ഒരു കുട്ടിയുടെ തലയിൽ നിന്ന് അടുത്ത കുട്ടിയുടെ തലയിലേക്ക് 2 മീറ്റർ അകലം പാലിക്കും വിധമായിരിക്കണം ഇരിപ്പിടം. മാസ്ക്, സാനിറ്റൈസർ ഉപയോഗത്തിൽ വിട്ടുവീഴ്ച പാടില്ല.
ഒരു ക്ലാസിൽ 20 കുട്ടികൾ മാത്രമാണ് നിലവിലുള്ളതെങ്കിൽ ഞായർ മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ വൈകിട്ട് 3വരെ ക്ലാസ് നടത്താം. 20ൽ കുടുതൽ കുട്ടികളുണ്ടെങ്കിൽ ഒരു ക്ലാസിൽ പരമാവധി 20 കുട്ടികൾ എന്ന തോതിൽ വിഭജിക്കണം. ഞായർ തൊട്ട് വ്യാഴം വരെ രാവിലെ 7.30 മുതൽ 11.30 വരെയും 12മുതൽ 3.30വരെയും 2 ഷിഫ്റ്റുകളിലായി ക്ലാസ് നടത്താം.
അല്ലെങ്കിൽ ഒരു വിഭാഗം കുട്ടികൾക്ക് ഞായർ, ചൊവ്വ, വ്യാഴം ദിവസങ്ങളിലും രണ്ടാമത്തെ വിഭാഗത്തിൽ തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിലുമായി രാവിലെ 8 മുതൽ വൈകിട്ട് 3വരെ ക്ലാസ് ആകാം. ഒരു വിഭാഗം കുട്ടികൾക്ക് റഗുലർ ക്ലാസും രണ്ടാമത്തെ വിഭാഗത്തിന് ഓൺലൈൻ ക്ലാസും എന്ന രീതിയും സ്വീകരിക്കാവുന്നതാണ്. ഏത് രീതി അവലംബിക്കണമെന്നത് ഓരോ സ്കൂൾ അധികൃതരുടെയും സ്വാതന്ത്ര്യമാണ്.
പീരിയഡ് സമയപരിധി 45 മിനിറ്റിന് പകരം ഒരു മണിക്കൂർ ആയിരിക്കും. മഹാമാരിയെ തുടർന്ന് ഘഗുലർ ക്ലാസുകൾ നിർത്തിവച്ച സാഹചര്യത്തിൽ പാഠഭാഗങ്ങൾ വല്ലതും തീർക്കാനുണ്ടെങ്കിൽ അതുകൂടി പരിഗണിച്ചാണ് പീരിയഡ് സമയം വർധിപ്പിക്കുന്നത്.
സ്കൂൾ ബസുകളിൽ ഇരിപ്പിടത്തിന്റെ പകുതി എണ്ണം കുട്ടികളെ മാത്രമേ കയറ്റാവൂ. വാക്സീൻ എടുക്കാത്ത കുട്ടികളും അധ്യാപകരും ജീവനക്കാരും ആഴ്ചതോറും പിസിആർ പരിശോധനയ്ക്ക് വിധേയരാകണം. കുട്ടികൾ ഒരു കാരണവശാലും കൂട്ടംകൂടാൻ പാടില്ല. ഒത്തുചേരും വിധമുള്ള പരിപാടികളും സ്കൂളിൽ നടത്താൻ പാടില്ല.
കോവിഡ് പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന അധ്യാപകർ, സ്കൂൾ ജീവനക്കാർ, അവരുടെ ബന്ധുക്കൾ എന്നിവരെ ഉടനെ കുവൈത്തിൽ എത്തിക്കുന്നതിനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. സ്കൂളുകളിൽനിന്ന് സ്വകാര്യ വിദ്യാഭ്യാസ വകുപ്പ് ശേഖരിച്ച പട്ടിക വ്യോമയാന അധികൃതർക്ക് കൈമാറിയിട്ടുണ്ട്.
വ്യോമയാന മന്ത്രാലയം അനുമതി നൽകുന്ന മുറയ്ക്ക് മിതമായ നിരക്കിൽ കുവൈത്ത് എയർവേയ്സ് വിമാനം ചാർട്ടർ ചെയ്ത് ഈ വിഭാഗം ആളുകളെ കുവൈത്തിൽ എത്തിക്കും. വിമാന കമ്പനികളുടെ ചൂഷണം ഇല്ലാതാക്കുന്നതിനാണ് ഈ നടപടി. യാത്രാക്കൂലി ബന്ധപ്പെട്ട സ്കൂൾ നൽകണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല