![](https://www.nrimalayalee.com/wp-content/uploads/2020/07/Kuwait-DGCA-issues-health-protocol-commercial-operation-at-the-airport.jpg)
സ്വന്തം ലേഖകൻ: കുവൈത്ത് വിമാനത്താവളത്തിൽ ഇറങ്ങുന്ന യാത്രക്കാരുടെ എണ്ണം വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. പ്രതിദിനം എത്തുന്ന യാത്രക്കാരുടെ എണ്ണം 5000 ൽ നിന്നു 7500 ആക്കി ഉയർത്താനാണു തീരുമാനം. വ്യോമയാന വകുപ്പ് വിമാന കമ്പനികളിൽ നിന്നു ലഭിക്കുന്ന അപേക്ഷ അനുസരിച്ചു ക്വോട്ട നിർണയിച്ചു നൽകും.
കുവൈത്ത് വിമാന കമ്പനികളായ കുവൈത്ത് എയർവേയ്സ്, ജസീറ എയർവേയ്സ് എന്നിവയ്ക്കു 2500 സീറ്റ് വരെ അനുവദിച്ചേക്കും. ബാക്കി സീറ്റുകൾ മറ്റ് വിമാന കമ്പനികൾക്ക് വീതിച്ചു നൽകും. കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവച്ച വിമാന സർവീസ് പുനരാരംഭിച്ചപ്പോൾ യാത്രക്കാരുടെ എണ്ണം പരമാവധി 1000 ആയിരുന്നു. തുടർന്ന് ഘട്ടംഘട്ടമായാണ് എണ്ണം വർധിപ്പിക്കുന്നത്.
അതിനിടെ സർക്കാർ ആശുപത്രികളിൽ വിദ്യാർഥികൾക്ക് പി.സി.ആർ പരിശോധന സൗജന്യമാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്കൂളുകളിൽ നേരിട്ടുള്ള അധ്യയനം ആരംഭിച്ചാൽ വാക്സിനെടുക്കാൻ വിസമ്മതിക്കുന്ന വിദ്യാർഥികൾ ആഴ്ചയിൽ പി.സി.ആർ പരിശോധന നടത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. അലി അൽ മുദഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
12 വയസ്സിനു മുകളിലുള്ള വിദ്യാർഥികൾക്കാണ് ഇൗ നിബന്ധന. ഇൗ പശ്ചാത്തലത്തിലാണ് സൗജന്യമായി പി.സി.ആർ പരിശോധനക്ക് സൗകര്യമൊരുക്കുന്നത്. മുൻകൂട്ടി അപ്പോയിൻറ്മെൻറ് എടുത്ത് സ്വദേശി, വിദേശി വിദ്യാർഥികൾക്ക് ഇത് പ്രയോജനപ്പെടുത്താം. സ്കൂൾ ക്ലിനിക്കുകളിൽ സ്വാബ് എടുക്കില്ല. ഒക്ടോബർ മൂന്നുമുതലാണ് വിദ്യാർഥികൾ സ്കൂളുകളിലെത്തി നേരിട്ടുള്ള അധ്യയനം നടത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല