1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 15, 2021

സ്വന്തം ലേഖകൻ: രാജ്യം വികസനത്തിന്റെ നിര്‍ണായക ഘട്ടത്തിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്തതലമുറ അടിസ്ഥാന സൗകര്യ വികസനം, ലോകോത്തര നിര്‍മാണങ്ങള്‍, പുതുതലമുറ ടെക്‌നോളജി എന്നിവയ്ക്കായി നമ്മള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് പറഞ്ഞ പ്രധാനമന്ത്രി 100 ലക്ഷം കോടിയുടെ ഗതി ശക്തി പദ്ധതിയും പ്രഖ്യാപിച്ചു. പദ്ധതി സമഗ്രമായ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് അടിത്തറയിടുകയും നമ്മുടെ സമ്പദ് വ്യവസ്ഥയിലേക്ക് ഒരു സംയോജിത പാത തുറക്കുമെന്നും പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞു.

വരും വര്‍ഷങ്ങളില്‍ രാജ്യത്തെ ചെറുകിട കര്‍ഷകരുടെ കൂട്ടായ ശക്തി വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. നമ്മള്‍ അവര്‍ക്ക് പുതിയ സൗകര്യങ്ങള്‍ നല്‍കണം. അവര്‍ രാജ്യത്തിന്റെ അഭിമാനമായി മാറണം. ‘ഛോട്ട കിസാന്‍ ബനേ ദേശ് കി ഷാന്‍’ (ചെറുകിട കര്‍ഷകര്‍ രാജ്യത്തിന്റെ അഭിമാനമായി മാറട്ടെ) എന്നതാണ് നമ്മുടെ മന്ത്രം. ഇത് നമ്മുടെ സ്വപ്നമാണ്. രാജ്യത്തെ 70ല്‍ അധികം റൂട്ടുകളില്‍ ‘കിസാന്‍ റെയില്‍’ ഓടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ ഗ്രാമങ്ങള്‍ അതിവേഗം മാറുന്നത് ഇന്ന് നാം കാണുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി റോഡ്, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങള്‍ ഗ്രാമങ്ങളില്‍ എത്തിയിട്ടുണ്ട്. ഇന്ന്, ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്വര്‍ക്ക് ഗ്രാമങ്ങള്‍ക്ക് ഡാറ്റയുടെ ശക്തി നല്‍കുന്നു, ഇന്റര്‍നെറ്റ് അവിടെ എത്തുന്നു. ഗ്രാമങ്ങളിലും ഡിജിറ്റല്‍ സംരംഭകര്‍ തയ്യാറെടുക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യം നൂറാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ഊർജമേഖലയിൽ ഇന്ത്യ സ്വയം പര്യാപ്തരാകുമെന്നും മോദി വ്യക്തമാക്കി. ഇന്ത്യയെ ഗ്രീൻ ഹൈഡ്രജന്റെ കയറ്റുമതിയിലൂടെ രാജ്യത്തെ ഗ്രീൻ ഹൈഡ്രജന്റെ ഓഗോള ഹബ്ബ് ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ രാജ്യത്ത് ദേശീയ ഹൈഡ്രജൻ പദ്ധതി (നാഷണൽ ഗ്രീൻ മിഷൻ) ആവിഷ്‌കരിക്കാൻ തീരുമാനിച്ചതായും മോദി പറഞ്ഞു.

പത്തുവർഷത്തിനകം 450 ഗിഗാവാട്ട് പുനരുപയോഗ ഊർജ്ജ ഉത്പാദനം രാജ്യം ലക്ഷ്യം വയ്ക്കുന്നു. ഇതിനോടകം തന്നെ 100 ഗിഗാവാട്ട് പുനരുപയോഗ ഊർജ്ജ ഉത്പാദന ശേഷി കൈവരിച്ചുകഴിഞ്ഞെന്നും മോദി അവകാശപ്പെട്ടു.

“ദേശീയ സുരക്ഷ പോലെ പാരിസ്ഥിതിക സുരക്ഷയ്ക്കും രാജ്യം തുല്യ പ്രാധാന്യം നൽകുന്നു. ജൈവവൈവിധ്യം, കാലാവസ്ഥാ വ്യതിയാനം, മാലിന്യ പുനഃചംക്രമണം, ഓർഗാനിക് ഫാമിങ് മേഖലകളിലെല്ലാം രാജ്യം മുന്നേറുകയാണ്. കാർബൺ പുറംതള്ളൽ 2030ഓടെ ഇന്ത്യ പൂർണമായും അവസാനിപ്പിക്കും നമ്മുടെ ഇന്നത്തെ പ്രവൃത്തിയാണ് ഭാവിയെ നിർണയിക്കുക,“ പ്രധാനമന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.