സ്വന്തം ലേഖകൻ: ഖത്തറിലെ ഇന്ത്യന്‍ പ്രവാസികളുടെ ക്ഷേമത്തിനായി പ്രവാസി ഭാരതീയ സഹായതാ കേന്ദ്രം ആരംഭിച്ചു. ഇന്ത്യക്കാര്‍ക്ക് 24 മണിക്കൂറും സഹായങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനുള്ള കേന്ദ്രം ഇന്ത്യന്‍ എംബസിയിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. പ്രവാസി ഇന്ത്യക്കാര്‍ക്ക് പരസ്പരം ബന്ധപ്പെടുന്നതിനും സേവനങ്ങള്‍ ഒരു കുടക്കീഴില് കൊണ്ടുവരുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിച്ച പദ്ധതിയാണിത്.
ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ചാണ് പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തിന് ഖത്തറില്‍ തുടക്കമായത്. ഏതെങ്കിലും രീതിയുള്ള സഹായവും വിവരങ്ങളും ആവശ്യമുള്ളവര്‍ക്ക് 44953500 എന്ന നമ്പറിലോ pbskqatar@gmail.com എന്ന ഇമെയിലിലോ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ ഹിന്ദി, മലയാളം, ഇംഗ്ലീഷ് ഭാഷകളിലാണ് കേന്ദ്രത്തിന്റെ സേവനം ലഭ്യമാവുക.
തമിഴ്, കന്നഡ, തെലുഗു ഭാഷകളും അധികം വൈകാതെ ലഭ്യമാവും. കേന്ദ്രത്തിന്റെ ലൈവ് ചാറ്റ്, വാട്ട്സാപ്പ് സേവനങ്ങള്‍ ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ദിനത്തില്‍ ആരംഭിക്കുമെന്നും എംബസി അറിയിച്ചു. ഇവിടെ നിന്ന് പ്രവാസികള്‍ക്ക് സൗജന്യമായി നിയമം, മാനസികാരോഗ്യം, സാമ്പത്തികം എന്നീ മേഖലകളില്‍ സൗജന്യ കൗണ്‍സലിംഗ് ഉള്‍പ്പെടെയുള്ള സഹായം ലഭ്യമാക്കും. ക്രമേണ അഭിഭാഷകരുടെ സൗജന്യ സേവനവും ഇവിടെ ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല