സ്വന്തം ലേഖകൻ: കാബൂളിന്റെ ബ്രിട്ടിഷ് എംബസിയുടെ മുകളിൽ സ്വന്തം പതാക ഉയർത്തിയായിരുന്നു താലിബാന് വിജയം ആഘോഷിച്ചത്. അതോടെ അഫ്ഗാനിൽ മാത്രമല്ല, ലോകരാജ്യങ്ങൾക്കു മുന്നിലും നാണം കെട്ടിരിക്കുകയാണ് ബ്രിട്ടൻ. ഇക്കാലമത്രയും യുഎസിന്റെ വിശ്വസ്ത സഖ്യകക്ഷിയായി അഫ്ഗാനിൽ തുടര്‍ന്ന രാജ്യത്തിന് ഇതാണോ പ്രതിഫലമെന്ന ചോദ്യം ബ്രിട്ടനകത്തും പുറത്തും ഉയർന്നു കഴിഞ്ഞു.
സൂയസ് പ്രതിസന്ധിക്കു ശേഷം ബ്രിട്ടന്റെ വിദേശ നയത്തിൽ സംഭവിച്ച ഏറ്റവും വലിയ ദുരന്തം എന്നാണ് ബ്രിട്ടിഷ് പാർലമെന്റിലെ വിദേശ കാര്യ സമിതി ചെയർമാനായ ടോം ടുഗെൻഹാറ്റ് അഫ്ഗാനിലെ തിരിച്ചടിയെ വിശേഷിപ്പിച്ചത്. ‘യുഎസിന്റെ യഥാർഥ സ്വഭാവത്തെയാണ് ഇതു കാണിക്കുന്നത്. ഒരു തീരുമാനത്തില്‍ ഉറച്ചു നിൽക്കാനുള്ള ബ്രിട്ടന്റെ കഴിവില്ലായ്മയെയും. നമുക്കൊപ്പം എന്നും നില്ക്കുന്ന സഖ്യകക്ഷിയാണു വേണ്ടത്…’ ടോം പറയുന്നു.
ബ്രിട്ടിഷ് നയതന്ത്ര ഉദ്യോഗസ്ഥരുടെയും അഫ്ഗാനിൽ ബ്രിട്ടനെ സഹായിച്ച അഫ്ഗാൻ സ്വദേശികളുടെയും മടങ്ങിപ്പോക്കിനായി സൈനികരെ നിയോഗിക്കാനും ബ്രിട്ടൻ തീരുമാനിച്ചിരുന്നു. 600 ട്രൂപ്പ് സൈനികർ ഓഗസ്റ്റ് അവസാനത്തോടെ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. അപ്പോൾപ്പോലും താലിബാൻ കാബൂളിലേക്കെത്തുമെന്ന പ്രതീക്ഷയേ ഉണ്ടായിരുന്നില്ല.
എന്നാൽ താലിബാന്റെ വരവോടെ സൈനികരുടെ വരവും ബ്രിട്ടൻ നേരത്തെയാക്കി. എല്ലാ ഉദ്യോഗസ്ഥരെയും അടിയന്തരമായി ഒഴിപ്പിക്കുകയും ചെയ്തു. താലിബാൻ സർക്കാരുണ്ടാക്കുമെന്നു പ്രഖ്യാപിച്ചതോടെ യുകെ അബാസഡറെയും ‘എയർലിഫ്റ്റ്’ ചെയ്യാൻ തീരുമാനമായി. അഫ്ഗാൻ താലിബാന്റെ നിയന്ത്രണത്തിലായെന്നും ബ്രിട്ടിഷ്–നേറ്റോ സൈന്യം ഇനിയും അവിടേക്ക് മടങ്ങില്ലെന്നും ബ്രിട്ടിഷ് പ്രതിരോധ മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്.
കാബൂളിലെ എംബസി വിട്ടോടേണ്ടി വന്നതിനെപ്പറ്റി ചോദിച്ചപ്പോൾ വാൽസിൻ്റെ മറുപടി ഇങ്ങനെ: “ആ കെട്ടിടം ഇനി ഞങ്ങളുടെ എംബസിയല്ല. അത് ഞങ്ങൾ ഉപേക്ഷിച്ചു കഴിഞ്ഞു. നിലവിൽ അതൊരു വെറും കെട്ടിടം മാത്രം. പക്ഷേ സ്ഥിതിഗതികൾ ഇങ്ങനെയൊക്കെ ആയിത്തീരണമെന്ന് ഞങ്ങളാരും ആഗ്രഹിച്ചിരുന്നില്ല.“
താലിബാൻ സർക്കാരിനെ പിന്തുണയ്ക്കണമോയെന്ന കാര്യത്തിലും ബ്രിട്ടൻ ആശയക്കുഴപ്പത്തിലാണ്. കാരണം താലിബാൻ അഫ്ഗാൻ പിടിച്ചെടുത്തതിനെ ഒട്ടും ശുഭകരമായല്ല ബ്രിട്ടൻ കാണുന്നത്. അഫ്ഗാൻ ആഭ്യന്തര യുദ്ധത്തിലേക്കു മടങ്ങിപ്പോകുമെന്നും വൈകാതെതന്നെ അൽ ഖായിദ ഉൾപ്പെടെയുള്ള ഭീകര സംഘടനകൾ തിരികെയെത്തുമെന്നും പ്രതിരോധ സെക്രട്ടറി ബെൻ വാലസ് മുന്നറിയിപ്പ് നൽകുന്നു.
താലിബാന്റെ കടന്നു കയറ്റം ബ്രിട്ടനെ ആശങ്കപ്പെടുത്താൻ പല കാരണങ്ങളുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിന്റെയും അൽഖായിദയുടെയും രണ്ടാം വരവിന് അഫ്ഗാൻ വിളനിലമൊരുക്കുമോ എന്ന ആശങ്കയാണ് അതിൽ പ്രധാനം. 2020ൽ ദോഹയിൽ താലിബാനുമായി യുഎസ് ഒപ്പിട്ട കരാറിനെപ്പോലും ‘ദുഷിച്ച ഇടപാട്’ എന്ന് ബ്രിട്ടിഷ് പ്രതിരോധ സെക്രട്ടറി ബെൻ വാലസ് വിശേഷിപ്പിക്കാൻ കാരണവും ഇതാണ്. യുഎസ് സേന പിന്മാറിയാൽ അതു താലിബാന്റെ തിരിച്ചുവരവിനു മാത്രമേ ഉപകാരപ്പെടൂ എന്നും വാലസ് നേരത്തേ പറഞ്ഞിരുന്നു.
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം വിയറ്റ്നാം ഒഴികെ മറ്റെല്ലാ രാജ്യങ്ങളിലെയും യുഎസിന്റെ സൈനിക നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് ബ്രിട്ടൻ. ആ ഞങ്ങളോട് ഈ ചതി വേണമായിരുന്നോ എന്ന് ഒരു അഭിമുഖത്തിൽ വാലസ് തുറന്നു ചോദിച്ചതും താലിബാന്റെ തിരിച്ചുവരവ് മുന്നിൽക്കണ്ടായിരുന്നു. അഫ്ഗാനിലെ തിരിച്ചടിയ്ക്ക് താലിബാനെയല്ല, പകരം യുഎസിനു നേരെയാണ് ബ്രിട്ടന് വിരൽ ചൂണ്ടുന്നതെന്നാണ് നിലവിലെ സൂചനകൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല