സ്വന്തം ലേഖകൻ: താലിബാൻ സംഘത്തിൽ മലയാളികളുണ്ടോ എന്ന സംശയം പങ്കുവെച്ച് ശശി തരൂർ എംപി. ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് ട്വിറ്ററിലൂടെയാണ് കോൺഗ്രസ് നേതാവ് സംശയം ഉന്നയിച്ചത്. ആയുധധാരികളായ താലിബാനികളെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. കുറഞ്ഞത് രണ്ട് മലയാളികളെങ്കിലും ഈ വീഡിയോയിൽ ഉണ്ടെന്ന് കരുതുന്നു എന്നാണ് തരൂർ പറയുന്നത്.
“ഈ വീഡിയോയിൽ കുറഞ്ഞത് രണ്ട് മലയാളി താലിബാൻകാരെങ്കിലും ഉണ്ടെന്നു തോന്നുന്നു. ഒരാൾ “സാംസാരിക്കെട്ടെ” എന്ന് പറയുന്നു” വീഡിയോ പങ്കുവെച്ചുകൊണ്ട് ശശി തരൂർ ട്വീറ്റ് ചെയ്തു. മലയാളം സംസാരിക്കുന്നയാളും അത് മനസിലാകുന്ന മറ്റൊരാളും ഉൾപ്പെടെ കുറഞ്ഞത് രണ്ട് പേർ ഇവിടെയുണ്ടാകാം എന്നാണ് എംപി പറയുന്നത്. വീഡിയോയിൽ 8 സെക്കൻഡ് പിന്നിടുമ്പോഴാണ് മലയാളം വാക്ക് കേൾക്കാനാവുക.
എന്നാൽ കേരളത്തിൽ നിന്നുള്ളവർ താലിബാനിൽ ഇല്ലെന്നാണ് വീഡിയോ ആദ്യം പോസ്റ്റ് ചെയ്തയാൾ നൽകുന്ന വിശദീകരണം. സബൂൾ പ്രവിശ്യയിൽ നിന്നുള്ളവരാണ് ഇവരെന്നും ബ്രാഹ്വി ഭാഷായണ് ഇവർ സംസരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മലയാളവും, തെലുങ്കും, തമിഴുമായി സാമ്യമുള്ള ദ്രാവിഡ ഭാഷയാണ് ബ്രാഹ്വിയെന്നും അദ്ദേഹം കൂട്ടിച്ചർത്തു.
ഈ വിശദീകരണം പങ്കുവെച്ച തരൂർ ഇതിന്റെ ആധികാരികത ഭാഷാശാസ്ത്രജ്ഞർ പരിശോധിക്കട്ടെയെന്നും, വഴിതെറ്റിയ തരൂർ മലയാളികൾ താലിബാനിൽ ചേർന്നിട്ടുണ്ടെന്നുമാണ് പറയുന്നത്. അതിനാൽ ആ സാധ്യത പൂർണ്ണമായും തള്ളിക്കളയാനാകില്ലെന്നും തരൂർ ചൂണ്ടിക്കാട്ടി.
ഇതിനിടെ ഐഎസിൽ ചേരാൻ അഫ്ഗാനിസ്ഥാനിലെത്തിയ നിമിഷ ഫാത്തിമ അടക്കമുള്ള മലയാളികൾ ജയിൽ മോചിതരായെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. ഐഎസിൽ ചേരാൻ ഇന്ത്യവിട്ട് പോയവരാണ് ഇവരിൽ പലരുമെന്നാണ് റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിൽ എത്തിയ ഇവർ സൈന്യത്തിന്റെ പിടിയിലാകുകയായിരുന്നു. ഇത്തരത്തിൽ പിടിയിലായ 21 പേർ ജയിലിൽ നിന്നും മോചിപ്പിക്കപ്പെട്ടതായാണ് റിപ്പോർട്ട്.
അതേസമയം അഫ്ഗാൻ നിയന്ത്രണം താലിബാൻ പിടിച്ചതോടെ രാജ്യത്ത് നിന്ന് ഇന്ത്യ നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാൻ കേന്ദ്ര സർക്കാർ നീക്കം ആരംഭിച്ചു. കാബൂളിൽ നിന്ന് ഉദ്യോഗസ്ഥരുമായി ഇന്ത്യൻ വ്യോമസേന വിമാനം ഗുജറാത്തിലെ ജാംനഗറിലാണ് എത്തിയത്. കാബുളിലെ എംബസിയും രാജ്യത്തെ എല്ലാ നയതന്ത്ര ഓഫീസുകളും പൂട്ടിയതായാണ് റിപ്പോർട്ട്.
കൂടുതൽ വിമാനങ്ങൾ കാബൂളിലേക്ക് അയച്ച് നയതന്ത്ര ഉദ്യോഗസ്ഥരെയും പൗരന്മാരെയും തിരിച്ചെത്തിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. കാബൂളിലെ ഹമീദ് കർസായ് അന്താരാഷ്ട്ര വിമാനത്താവളം മുഖേനെയാണ് നിന്നാണ് നയതന്ത്ര ഉദ്യോഗസ്ഥരെ മടക്കി എത്തിക്കുന്നത്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാരുമായി ഇറാൻ വ്യോമപാതയിലൂടെയാണ് വ്യോമസേനാ വിമാനം ഇന്ത്യയിലേക്ക് എത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല