സ്വന്തം ലേഖകൻ: കാബൂളില്‍നിന്ന് ടേക് ഓഫ് ചെയ്ത യുഎസ് വ്യോമസേനയുടെ ചരക്കുവിമാനത്തില്‍നിന്നു വീണ് നിരവധി പേര്‍ മരിച്ചതായി സ്ഥിരീകരണം. സംഭവത്തെക്കുറിച്ചു യുഎസ് അന്വേഷണം പ്രഖ്യാപിച്ചു. യുഎസ് വ്യോമസേന സി–17 ഗ്ലോബ്മാസ്റ്റര്‍ വിമാനം ഒഴിപ്പിക്കലിനാവശ്യമായ വസ്തുക്കള്‍ എത്തിക്കാനാണെന്നും, ജനം തിരക്കിക്കയറിയതോടെ ചരക്ക് ഇറക്കാതെ ടേക് ഓഫ് ചെയ്തെന്നുമാണു വിശദീകരണം.
ഖത്തറിലെ അല്‍ ഉദൈദ് വ്യോമത്താവളത്തില്‍ ലാന്‍ഡ് ചെയ്ത വിമാനത്തിന്റെ ടയറില്‍നിന്നു ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. താലിബാൻ അധികാരം പിടിച്ചതോടെ അഫ്ഗാനിസ്ഥാനിൽ പരിഭ്രാന്തരായ ജനങ്ങളുടെ കൂട്ട പലായനമാണ്. ഇതിനിടെയാണു കാബൂൾ വിമാനത്താവളത്തിൽ യുഎസ് സേനാവിമാനത്തിലേക്കു തൂങ്ങിക്കയറിയ 7 പേർ വീണു മരിച്ചത്. മനുഷ്യര്‍ വിമാനത്തില്‍നിന്നു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എത്ര പേരാണു മരിച്ചതെന്ന് യുഎസ് വ്യക്തമാക്കിയിട്ടില്ല.
യുഎസ് സേന ആകാശത്തേക്കു വെടിവച്ചതോടെ ജനം ചിതറിയോടി. ആളുകൾ റൺവേയിലേക്ക് ഇരച്ചുകയറുന്നതിന്റെയും മറ്റു വിമാനങ്ങളിൽ കയറിപ്പറ്റാൻ ശ്രമിക്കുന്നതിന്റെയും അമ്പരപ്പിക്കുന്ന കാഴ്ചകൾ ലോകത്തെ നടുക്കിയിരുന്നു. രാജ്യത്തെ വ്യോമമേഖലയുടെ നിയന്ത്രണം നഷ്ടപ്പെട്ടതായി അഫ്ഗാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചതിനു പിന്നാലെ, എല്ലാ യാത്രാവിമാന സർവീസുകളും നിർത്തി.
അതിനിടെ 1000 സൈനികരെക്കൂടി അഫ്ഗാനിലേക്ക് അയയ്ക്കാൻ യുഎസ് പ്രതിരോധ സെക്രട്ടറി അനുമതി നൽകി. യുഎസ് പൗരന്മാരെയും യുഎസിനുവേണ്ടി പ്രവർത്തിച്ച അഫ്ഗാൻ പൗരന്മാരെയും സുരക്ഷിതമായി ഒഴിപ്പിക്കാനാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല