1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 18, 2021

സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്കും നേരിട്ടുള്ള പ്രവേശനം അനുവദിക്കാന്‍ ആലോചിക്കുന്നു. നേരിട്ടുള്ള പ്രവേശന വിലക്ക് തുടരുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നേരിട്ടു പ്രവേശനം അനുവദിക്കുന്നതിന് നീക്കങ്ങള്‍ ആരംഭിച്ചതായി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാക്കിയവര്‍ക്ക് കോവിഡ് മാനദന്ധങ്ങള്‍ പാലിച്ചു രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നതിനാണ് സര്‍ക്കാര്‍ നീക്കം. നിലവില്‍ വിദേശികളുടെ പ്രവേശന വിലക്ക് കുവൈത്ത് പിന്‍വലിച്ചുവെങ്കിലും ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളവയുടെ പട്ടികയില്‍ തുടരുകയാണ്. എന്നാല്‍ നേരിട്ടു പ്രവേശിക്കാന്‍ കഴിയാത്ത ആയിരകണക്കിന് വിദേശികള്‍ സര്‍ക്കാരിന്റെ അനുകൂല തീരുമാനത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

അതിനിടെ വിദേശരാജ്യങ്ങളിലെ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരം നൽകുന്ന നടപടി പുരോഗമിക്കുകയാണെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം. ഇതുവരെ 91,805 വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകൾക്കാണ് ഇത്തരത്തിൽ അംഗീകാരം നൽകിയത്. ഇന്ത്യയിൽനിന്നുള്ള കോവിഷീൽഡ് വാക്സിൻ സർട്ടിഫിക്കറ്റിന് മാത്രമാണ് കുവൈത്തിൽ അംഗീകാരമുള്ളത്.

ആഗസ്റ്റ് 15 വരെയുള്ള കണക്കുപ്രകാരം കുവൈത്തിന് പുറത്തുവെച്ച് വാക്സിൻ സ്വീകരിച്ച സ്വദേശികളും വിദേശികളുമായി 165,145 പേരാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ 91,805 പേരുടെ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ആരോഗ്യ മന്ത്രാലയത്തിലെ ടെക്നിക്കൽ ടീം അംഗീകാരം നൽകി. 52,964 സര്‍ട്ടിഫിക്കറ്റുകള്‍ നിരസിച്ചു. ബാക്കിയുള്ളവ പരിശോധനാ ഘട്ടത്തിലാണ്.

സർട്ടിഫിക്കറ്റുകൾ അംഗീകരിക്കുന്നത് ഇതിനായി തയാറാക്കിയ ഒാൺലൈൻ ലിങ്കിലൂടെ മാത്രമാണെന്നും ഏതെങ്കിലും ചാനലിലൂടെ നേരിട്ട് നൽകില്ലെന്നും ഇതിനായി ആരും സമീപിക്കേണ്ടെന്നും ആരോഗ്യ മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി. ഇന്ത്യയിൽനിന്ന് കോവിഷീൽഡ് വാക്സിനെടുത്തവരുടെ സർട്ടിഫിക്കറ്റ് മാത്രമാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകരിക്കുന്നത്.

രണ്ടു ഡോസുകളുടെയും ബാച്ച് നമ്പറും വാക്സിൻ എടുത്ത തിയതിയുമുള്ള, കോവിൻ സൈറ്റിൽനിന്നുള്ള ഫൈനൽ സർട്ടിഫിക്കറ്റ് ആണ് ആരോഗ്യ മന്ത്രാലയം വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യേണ്ടത്. നേരത്തെ രജിസ്റ്റർ ചെയ്ത മലയാളികളിൽ പലർക്കും ഇതിനകം അംഗീകാരം ലഭിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.