സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിലെ തൊഴില്‍ രംഗങ്ങളില്‍ കൂടുതല്‍ പിടിമുറുക്കാനൊരുങ്ങി സൗദി. ഇതിന്റെ ഭാഗമായി 16 മേഖലകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികള്‍ക്ക് പ്രൊഫഷനല്‍ ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു. സൗദി മുന്‍സിപ്പല്‍-റൂറല്‍ അഫയേഴ്സ് മന്ത്രാലയമാണ് പുതിയ നിബന്ധന നടപ്പിലാക്കുന്നത്. അടുത്ത വര്‍ഷം ആദ്യത്തോടെ ഇത് നടപ്പിലാക്കി തുടങ്ങുമെന്ന് ഡെപ്യൂട്ടി മന്ത്രി ഡോ. അഹ്ദമദ് ഖത്താന്‍ അറിയിച്ചു.
എയര്‍ കണ്ടീഷനിംഗ് ടെക്നീഷ്യന്, ഇലക്ട്രോണിക്സ് ടെക്നീഷ്യന്, സാറ്റലൈറ്റ് ടെക്നീഷ്യന്, പ്ലംബര്‍, ആശാരി, ഇലക്ട്രീഷന്‍, കൊല്ലന്, പെയിന്റര്‍, ബില്‍ഡര്‍, ഫര്‍ണിച്ചര്‍ ക്ലീനര്‍, വാട്ടര്‍ ടാങ്ക് ക്ലീനിര്‍, ബാര്‍ബര്‍, മരം മുറിക്കാരന്, പെസ്റ്റ് കണ്ട്രോളര്, മെക്കാനിക്ക്, വനിതാ ബ്യൂട്ടീഷ്യന് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് നിബന്ധന ബാധകമാകുക. ഈ 16 മേഖലകളിലെ 72 തസ്തികകളില്‍ പണിയെടുക്കുന്നവര്‍ക്ക് പ്രൊഫഷനല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാവും.
രാജ്യത്തെ തൊഴില്‍ മേഖലയുടെ ഗുണമേന്മ വര്‍ധിപ്പിക്കുകയും തൊഴില്‍ മേഖലയില്‍ പരിചയ സമ്പത്തുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിബന്ധന നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. വിദേശി തൊഴിലാളികളുടെ ഇഖാമയില്‍ കാണിച്ചിരിക്കുന്ന ജോലിക്ക് തുല്യമായ പ്രഫഷനല്‍ സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണമെന്നതാണ് പുതിയ നിബന്ധന. മുനിസിപ്പല്‍ മന്ത്രാലയമാണ് ലൈസന്‍സുകള്‍ അനുവദിക്കുക.
തൊഴിലാളിയുടെ പ്രവൃത്തി പരിചയം, അക്കാദമിക യോഗ്യതകള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുക. സ്വകാര്യ മേഖലയുടെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കാത്ത രീതിയിലായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്നും മന്ത്രി അറിയിച്ചു. തുടക്കത്തില്‍ സ്ഥാപനത്തിലെ ഒരാളെങ്കിലും പ്രൊഫഷനല്‍ സര്‍ട്ടിഫിക്കറ്റ് നേടണം. എങ്കില്‍ മാത്രമേ സ്ഥാപനത്തിന്റെ ലൈസന്‍സ് പുതുക്കി നല്‍കുകയുള്ളൂ. തുടര്‍ന്ന് മറ്റുള്ളവര്‍ക്കു കൂടി സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
അതിനിയെ, സൗദിയില്‍ എഞ്ചിനീയറിംഗ് മേഖലയില്‍ സൗദികള്‍ക്ക് കൂടുതല്‍ തൊഴിലുകള്‍ ലഭ്യമാക്കാന്‍ സഹായിക്കുന്നതിനായി പുതിയ പോര്‍ട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു. അംഗീകൃത എഞ്ചിനീയര്‍മാരുടെ നിയമനം സാധ്യമാക്കുക, എഞ്ചിനീയറിംഗ് രംഗത്തെ പുതിയ മാറ്റങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുക എന്നിവ ലക്ഷ്യമിട്ടാണിത്. രാജ്യത്തെ എഞ്ചിനീയറിംഗ് ടെക്നിക്കല്‍ പ്രഫഷനുകളുടെ അക്രഡിറ്റേഷന് ഏജന്‍സിയാ സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനിയേഴ്സ് ആണ് പുതിയ പോര്‍ട്ടല്‍ ആരംഭിച്ചത്.
സ്ഥാപനങ്ങളുടെയും ഏജന്‍സികളുടെയും ആവശ്യത്തിന് അനുസരിച്ചുള്ള ഉദ്യോഗാര്‍ഥികളെ ഇത് വഴി ലഭ്യമാക്കാനാകും. ഒപ്പം ഈ മേഖലയില്‍ ലഭ്യമാകുന്ന ബിസിനസ് സംരഭങ്ങളെ കുറിച്ചും അവസരങ്ങളെ കുറിച്ചും സ്ഥാപനങ്ങള്‍ക്കാവശ്യമായ സേവനങ്ങളും പോര്‍ട്ടലില്‍ ഉണ്ടാകും. ജോലിയുടെ സ്വഭാവം, നിര്‍ദ്ദിഷ്ട മേഖലകള്‍, വേതനവും വ്യവസ്ഥകളും എന്നിവയും ഇത് വഴി അറിയാന്‍ സാധിക്കും. എഞ്ചിനീയറിംഗ് രംഗത്ത് സുതാര്യതയും മത്സരവും വര്‍ധിപ്പിക്കാന്‍ പോര്‍ട്ടല്‍ സഹായകമാവുമെന്ന് കൗണ്‍സില്‍ വക്താവ് അബ്ദുന്നാസര്‍ അബ്ദുല്ലത്തീഫ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല