സ്വന്തം ലേഖകൻ: യുട്യൂബ് – ടിക്‌ടോക് താരമായ പെൺകുട്ടിയെ ഉപദ്രവിച്ചതിനു പാക്കിസ്ഥാനിലെ ലഹോറിൽ 400 പേർക്കെതിരെ കേസെടുത്തു. പാക്ക് സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 14ന് ടിക് ടോക് വിഡിയോ തയാറാക്കാൻ പാക്കിസ്ഥാന്റെയും ഇന്ത്യയുടെയും പതാകകളുമായി ലഹോറിലെ പ്രശസ്തമായ മിനാർ ഇ പാക്കിസ്ഥാനോടു ചേർന്നുള്ള ആസാദി ചൗക്കിൽ എത്തിയതായിരുന്നു പെൺകുട്ടിയും സംഘവും.
പാർക്കിലേക്ക് ഇരച്ചെത്തിയ ആൾക്കൂട്ടം പെൺകുട്ടിയെ തുടർച്ചയായി മുകളിലേക്ക് എടുത്തെറിയുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്നവരെയും മർദിച്ചു. പണവും ഫോണും സ്വർണാഭരണവും കവർന്നു. പെൺകുട്ടിയെ രക്ഷിക്കാൻ പലരും ശ്രമിച്ചെങ്കിലും ആൾക്കൂട്ടത്തിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല.
മിനാർ ഇ പാക്കിസ്ഥാൻ പാർക്കിലെ ഗാർഡ് പെൺകുട്ടിക്കു രക്ഷപ്പെടാനായി പാർക്കിന്റെ ഗേറ്റ് തുറന്നുകൊടുത്തെങ്കിലും ആൾക്കൂട്ടം പിന്നാലെയെത്തി. സംഭവത്തിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്തത്. ദൃശ്യങ്ങൾ പരിശോധിച്ചു പ്രതികളെ പിടികൂടാനാണ് നീക്കം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല