സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ വ്യോമസേനയുടെ വിമാനം കാബൂളില്‍ എത്തി. മലയാളികൾ അടക്കമുള്ളവരുമായി വിമാനം ഇന്ന് മടങ്ങിയെത്തിയേക്കും. ഇതുവരെ സെക്യൂരിറ്റി ക്ലിയറന്‍സ് കിട്ടിയിട്ടില്ല. ഗുരുദ്വാരയില്‍ കുടുങ്ങിയ 70 ഓളം പേരെ കാബൂളിലെ സുക്ഷിത കേന്ദ്രങ്ങളില്‍ എത്തിച്ചിട്ടുണ്ട്.
ഇവരെ വിമാനത്താവളത്തിൽ എത്തിച്ച് ഇന്ത്യയിലേക്ക് അവരുമായി ഇന്ന് തന്നെ മടങ്ങാനാകുമെന്നാണ് പ്രതീക്ഷ. വ്യോമസേനയുടെ സി 17 ഗ്ലോബ്മാസ്റ്റര്‍ വിമാനമാണ് കാബൂളില്‍ എത്തിയിരിക്കുന്നത്. അവിടെയുള്ള മലയാളികളടക്കമുള്ള 70ഓളം പേരെ ഒഴിപ്പിക്കാനാണ് നീക്കം.
കഴിഞ്ഞ ദിവസം ഈ 70 പേരെയും സുരക്ഷിത കേന്ദ്രങ്ങളിൽ എത്തിച്ചിരുന്നു. ഗുരുദ്വാരകളടക്കം വിവിധ സ്ഥലങ്ങളിലാണ് ഇവര്‍ കുടുങ്ങിയിരുന്നത്. എന്നാൽ കാബൂളില്‍ നിന്ന് എപ്പോൾ ഒഴിപ്പിക്കലുണ്ടാകുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
അതിനിടെ കാബൂളിലെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളെ ഒഴിപ്പിക്കുന്നതില്‍ താലിബാന് താല്പര്യമില്ലെന്ന് റിപ്പോട്ടുകളുണ്ട്. ഇതുസംബന്ധിച്ച് താലിബാന്റെ ഖത്തര്‍ ഓഫീസില്‍ നിന്നും കേന്ദ്രത്തിന് സന്ദേശം ലഭിച്ചതായും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യന്‍ ജീവനക്കാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സുരക്ഷിതത്വം സന്ദേശത്തില്‍ ഉറപ്പു നല്‍കിയതായാണ് വിവരം. താലിബാന്റെ പൊളിറ്റിക്കന്‍ ഘടകം അധ്യക്ഷന്‍ അബ്ബാസ് സ്റ്റാനിക്‌സായുടെ ഓഫീസില്‍ നിന്നാണ് സന്ദേശം അയച്ചിരിക്കുന്നത്. ലഷ്‌കര്‍, ജയ്ഷ് എന്നീ സംഘടനകളില്‍ നിന്നും ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ ആക്രമണമുണ്ടാകില്ലെന്നാണ് താലിബാൻ്റെ ഉറപ്പ്.
രണ്ടുഇന്ത്യന്‍ വ്യോമസേന വിമാനങ്ങളിലായി എംബസി ഉദ്യോഗസ്ഥരെയും സുരക്ഷാ ജീവനക്കാരെയും ഇന്ത്യ ഈ ആഴ്ച ഒഴിപ്പിച്ചിരുന്നു. കാബൂളിലും മറ്റ് അഫ്ഗാന്‍ നഗരങ്ങളിലുമായി ഇന്ത്യന്‍ പൗരന്മാര്‍ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല