1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 22, 2021

സ്വന്തം ലേഖകൻ: പേരുകേട്ട അഫ്ഗാന്‍ റോബോട്ടിക് സംഘത്തിലെ പകുതി പേരെ പ്രത്യേക വിമാനത്തില്‍ ഖത്തര്‍ ദോഹയിലെത്തിച്ചു. താലിബാന്‍ അഫ്ഗാന്റെ നിയന്ത്രണം പിടിച്ചെടുത്ത പശ്ചാത്തലത്തില്‍ തങ്ങളുടെ ഭാവിയും സുരക്ഷയും അപകടത്തിലാകുമെന്ന ആശങ്കയില്‍ പെണ്‍കുട്ടികള്‍ മാത്രമുള്ള അഫ്ഗാന്‍ റോബോട്ടിക് സംഘത്തിലെ പകുതി പെരെയാണ് കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി ഖത്തറില്‍ എത്തിച്ചത്. ബാക്കി പകുതി പേരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ഖത്തര്‍ അധികൃതര്‍ അറിയിച്ചു.

താലിബാന്‍ ഭരണം പിടിച്ചതോടെ ജീവിതം ആശങ്കയിലായ ഇവര്‍ക്ക് യുഎസ് ഗവേഷക ആലിസണ്‍ റെനോയുടെ ഇടപെടലാണ് തുണയായത്. 2019ലെ മാര്‍സ് കോണ്‍ഫറന്‍സില്‍ വെച്ച് അഫ്ഗാന്‍ ടീമിനെ പരിചയപ്പെട്ട ഇവര്‍ ഖത്തറിലെ യുഎസ് എംബസിയിലെ തന്റെ ഒരു സുഹൃത്ത് വഴി ഇവരെ അഫ്ഗാനില്‍ നിന്ന് പുറത്തെത്തിക്കാന്‍ ശ്രമം നടത്തുകയായിരുന്നു.

ദൗത്യം ഏറ്റെടുത്ത ഖത്തര്‍ കാബൂളിലേക്ക് പ്രത്യേക വിമാനം അയച്ചാണ് ഈ മിടുക്കികളെ പുറത്തെത്തിച്ചത്. വ്യാഴാഴ്ചയായിരുന്നു ശ്രമകരമായ ദൗത്യത്തിലൂടെ ഖത്തര്‍ വിമാനം തിരികെ ദോഹയില്‍ എത്തിയത്. ബാക്കിയുള്ളവരെ കൂടി അഫ്ഗാനില്‍ നിന്ന് പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഖത്തര്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ സിറ്റിസണ്‍ ഫണ്ടിന്റെ സഹായത്തോടെയാണ് അഫ്ഗാന്‍ റോബോട്ടിക് ടീം പഠനങ്ങള്‍ നടത്തുന്നത്. 18 വയസിൽ താഴെയുള്ള 20 പേര്‍ അടങ്ങുന്ന സംഘത്തിലെ പകുതി പേരാണ് ഇപ്പോള്‍ ഖത്തറിലെത്തിയിരിക്കുന്നത്. കാറിന്റെ ഭാഗങ്ങള്‍ ഉപയോഗിച്ച് കോവിഡ് രോഗികളെ ചികില്‍സിക്കുന്നതിനുള്ള ചെലവ് കുറഞ്ഞ വെന്റിലേറ്ററുകള്‍ നിര്‍മിച്ച് പേരെടുത്തവരാണ് ഈ കൊച്ചുമിടുക്കികള്‍.

2017ല്‍ വാഷിംഗ്ടണില്‍ നടന്ന അന്താരാഷ്ട്ര റോബോട്ടിക് മല്‍സരമായ ഫസ്റ്റ് ഗ്ലോബല്‍ ചാലഞ്ചില്‍ പങ്കെടുക്കാന്‍ അമേരിക്ക വിസ നിഷേധിച്ചതിനെ തുടര്‍ന്ന് അഫ്ഗാന്‍ ഡ്രീമേഴ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ പെണ്‍പട വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അന്ന് താലിബാന്റെ നിയന്ത്രണത്തിലായിരുന്ന പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിൽ നിന്ന് രണ്ട് തവണ 500 മൈല്‍ യാത്ര ചെയ്ത് കാബൂളിലെ അമേരിക്കന്‍ എംബസിയില്‍ സംഘം എത്തിയെങ്കിലും അവര്‍ക്ക് വിസ നിഷേധിക്കപ്പെടുകയായിരുന്നു.

അന്നത്തെ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം അഫ്ഗാന്‍ ഉള്‍പ്പെടെയുള്ള ആറ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായിരുന്നു വിസ നിഷേധത്തിന് കാരണം. അവസാനം ട്രംപ് തന്നെ ഇടപെട്ടാണ് അവര്‍ക്ക് പ്രത്യേക വിസ അനുവദിച്ചത്. അങ്ങനെ അമേരിക്കയിലെത്തിയ സംഘത്തിന് മറ്റുള്ളവരെ അപേക്ഷിച്ച് ഏതാനും ദിവസങ്ങള്‍ മാത്രമേ തങ്ങളുടെ മല്‍സര പ്രൊജക്ട് തയ്യാറാക്കാന്‍ അവസരം ലഭിച്ചിരുന്നുള്ളൂ എങ്കിലും 150 ടീമുകള്‍ പങ്കെടുത്ത മല്‍സരത്തില്‍ അവര്‍ മൂന്നാം സ്ഥാനം നേടി ലോകത്തെ ഞെട്ടിക്കുകയായിരുന്നു.

അഫ്ഗാനിലെ പെണ്‍കുട്ടികള്‍ ജീവന്‍ പണയം വച്ചാണ് സ്‌കൂള്‍ വിദ്യാഭ്യാസം നടത്തുന്നതെന്ന് സംഘത്തിലെ അംഗമായ റുദാബ നൂരി പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് ഹൈസ്‌കൂളും കോളേജുമില്ലാത്ത നാട്ടില്‍ പഠിക്കുക അത്ര എളുപ്പമല്ല. അഫ്ഗാസ്ഥാനിലെ റോബോട്ടിക് ടെക്‌നോളജി രംഗത്തെ മുന്‍നിരയിലെത്തുകയാണ് തങ്ങളുടെ സ്വപ്‌നമെന്നും അഫ്ഗാന്‍ ഡ്രീമേഴ്‌സിലെ 16കാരിയായ നൂറ പറഞ്ഞു. ഞങ്ങളുടെ രാജ്യത്തെ മികച്ച ഒരു ഇടമാക്കി മാറ്റാന്‍ പുരുഷന്‍മാര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും നൂറ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.