സ്വന്തം ലേഖകൻ: യുഎഇ.യിലെ കോവിഡ് മുന്നണിപ്പോരാളികളെ കാണാനെത്തുമെന്ന് ഒരു വര്‍ഷം മുന്‍പ് നല്‍കിയ വാക്ക് പാലിക്കാന്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ എത്തി. മുന്നണിപ്പോരാളികള്‍ക്ക് ഹൃദയസ്പര്‍ശിയായ ആദരവൊരുക്കാന്‍ അബുദാബിയിലെ വി.പി.എസ്.-ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയിലാണ് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ എത്തിയത്.
‘ലാലേട്ടാ, യുഎഇ.യിലെത്തുമ്പോള്‍ ഞങ്ങളെയൊക്കെ ഒന്ന് കാണാന്‍ വരാമോ’, എന്ന ആഗ്രഹം അന്ന് പങ്കുവച്ച രജിസ്ട്രേഡ് നഴ്‌സ് സോണിയ ചാക്കോയ്ക്കും സഹപ്രവര്‍ത്തകര്‍ക്കും വന്‍ സര്‍പ്രൈസൊരുക്കിയായിരുന്നു മോഹന്‍ലാലിന്റെ സന്ദര്‍ശനവും സ്‌നേഹാദരവും.
ആരോഗ്യപ്രവര്‍ത്തകരെ നേരില്‍ കണ്ടു സംസാരിക്കാനായത് ജീവിതത്തിലെ ഭാഗ്യമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. കോവിഡിനെതിരായ പോരാട്ടത്തിലെ ആരോഗ്യപ്രവര്‍ത്തകരുടെ നിരന്തരമായ സേവനത്തിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. മോഹന്‍ലാലുമായി നഴ്സസ് ഡേയില്‍ ഫോണിലൂടെ സംസാരിച്ച വിവിധ എമിറേറ്റുകളിലെ നഴ്സുമാര്‍ അദ്ദേഹത്തെ കാണാന്‍ എത്തിയിരുന്നു.
നിരവധിപേര്‍ ഓണ്‍ലൈനായും പങ്കെടുത്തു. ഇന്ത്യ, ഫിലിപ്പീന്‍സ്, ഈജിപ്ത്, പാകിസ്താന്‍, മൊറോക്കോ തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു. ആരോഗ്യപ്രവര്‍ത്തകരുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയതിന് വി.പി.എസ് ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.ഷംഷീര്‍ വയലിലിന് മോഹന്‍ലാല്‍ നന്ദി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല