![](https://www.nrimalayalee.com/wp-content/uploads/2021/08/Afghan-Parliament-India-Taliban.jpg)
സ്വന്തം ലേഖകൻ: കാബൂളിൽ അഫ്ഗാനിസ്ഥാൻ പാർലമെന്റ് മന്ദിരത്തിനകത്തു തോക്കേന്തിയ താലിബാൻകാർ ചുറ്റിനടക്കുന്ന ചിത്രങ്ങൾ പുറത്തുവന്നത് ഇന്ത്യയെ അസ്വസ്ഥയാക്കി. കാരണം അഫ്ഗാനിസ്ഥാൻ പാർലമെന്റ് മന്ദിരം നിർമിച്ചുനൽകിയത് ഇന്ത്യയാണ്. അഞ്ചു വർഷം മുൻപു പ്രധാനമന്ത്രി നരേന്ദ്രമോദിയും അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനിയും ചേർന്നായിരുന്നു ഉദ്ഘാടനം. അഫ്ഗാൻ ജനതയ്ക്കുള്ള ഇന്ത്യയുടെ ഈ സമ്മാനത്തിന് അനുമതി നൽകിയത് 2005ൽ മൻമോഹൻ സിങ് സർക്കാരും.
അഫ്ഗാനിലെ വിശേഷപ്പെട്ട സമൻഗാൻ മാർബിൾ ഉപയോഗിച്ചുള്ള നിർമിതിയാണു യഥാർഥത്തിൽ കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ഉദ്ദേശിച്ചത്. സുരക്ഷാപ്രശ്നങ്ങൾ മൂലം പിന്നീട് അതു വേണ്ടെന്നു വച്ചു. ആധുനിക കെട്ടിടനിർമാണ സാമഗ്രികൾ ഉപയോഗിച്ചാണ് ഏകദേശം 1300 കോടി രൂപയുടെ സമുച്ചയം തീർത്തത്.
അണക്കെട്ടുകൾ, റോഡുകൾ, വൈദ്യുതനിലയങ്ങൾ എന്നിങ്ങനെ അടിസ്ഥാനസൗകര്യ വികസനരംഗത്ത് അഫ്ഗാനിലെ ഇന്ത്യയുടെ നിക്ഷേപങ്ങളെക്കാൾ ജനാധിപത്യത്തിൻ്റെ ക്ഷേത്രമായ പാർലമെന്റ് മന്ദിരം ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിൻ്റെ ചിഹ്നമായി. ഇപ്പോൾ അഫ്ഗാനിൽ താലിബാന്റെ സ്വേഛ്ഛാധികാരമോ മറ്റൊരു ആഭ്യന്തരയുദ്ധഭീഷണിയോ ഉയരുമ്പോൾ ഈ ബന്ധമാണ് ഉലയുന്നതും.
എന്നാൽ, അഫ്ഗാനിൽ ഇന്ത്യയുടെ ദൗത്യങ്ങൾ പൂർത്തീകരിക്കപ്പെട്ടെന്നും അഫ്ഗാനിലെ ഒരു തലമുറ മുഴുവനും ഇന്ത്യയുടെ സംഭാവനകളെ നന്ദിയോടെ സ്മരിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മാത്രമല്ല, അഫ്ഗാനിലെ പ്രതിസന്ധി നീങ്ങിക്കഴിയുമ്പോൾ ഇരുരാജ്യങ്ങൾക്കിടയിൽ നല്ല ബന്ധവും വിശ്വാസവും ഉണ്ടാകുകയും ചെയ്യുമെന്നും നിരീക്ഷകർ ആശ്വസിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല