1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 25, 2021

സ്വന്തം ലേഖകൻ: ഇപ്പോഴത്തെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ 64 ശതമാനവും കേരളത്തില്‍ നിന്നാണ്. രോഗബാധിതരേക്കാള്‍ കൂടുതല്‍ രോഗം ബാധിക്കാത്തവരായതിനാല്‍ കോവിഡിന്റെ മൂന്നാം തരംഗമുണ്ടായാലും കേരളത്തിന് ആശ്വസിക്കാനാവില്ല. എന്തു കൊണ്ടാണ് കേരളത്തില്‍ ഇപ്പോഴും കോവിഡ് കേസുകള്‍ കൂടി നില്‍ക്കുന്നത്? രോഗപ്രതിരോധത്തില്‍ കേരളത്തിന് പാളിച്ച പറ്റിയത് എവിടെ?

സംസ്ഥാനത്തെ കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആഞ്ഞടിച്ചതും ഈ സാഹചര്യത്തിലാണ്. കോവിഡ് രോഗികളുടെ എണ്ണം 38 ലക്ഷം കവിഞ്ഞിട്ടും കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യഡേറ്റ കേരളം മാത്രം മറച്ചുവയ്ക്കുകയാണ്. ഇത് മൂന്നാം തരംഗം തടയുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനെ തടസപ്പെടുത്തും. കോവിഡ് ഡാറ്റാ വിശകലനം നടക്കാത്തത് ഗവേഷണപ്രവര്‍ത്തനങ്ങളെ പോലും ഗുരുതരമായി ബാധിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

രോഗബാധ-ജനസംഖ്യാ അനുപാതം എട്ടിന് മുകളിലുള്ള 414 തദ്ദേശ വാര്‍ഡുകളിലാണ് കഴിഞ്ഞ ആഴ്ച ലോക് ഡൗണ്‍ നടപ്പാക്കിയിരുന്നത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ ഒരാഴ്ചക്കിടെ രോഗസ്ഥിരീകരണ നിരക്കില്‍ മൂന്ന് ശതമാനത്തിന്റെ വര്‍ധനവുണ്ടായി. ഇന്നലെ ടിപിആര്‍ 18 ശതമാനം കടന്നു. ഐപിആര്‍ 8ന് മുകളിലുള്ള വാര്‍ഡുകള്‍ വര്‍ദ്ധിച്ചു. അതിനാല്‍ ഈ ആഴ്ച കൂടുതല്‍ പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നടപ്പാക്കും. മൈക്രോ കണ്ടെയെന്‍മെന്റ് സോണുകളും കൂടും.

കേരളം നടപ്പാക്കിയ കോവിഡ് നിയന്ത്രണ രീതി വിചാരിച്ച ഫലം നൽകിയില്ലെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ മുഖ്യമന്ത്രി പിണറായി വിജയനു കത്തയച്ചിരുന്നു. ചില ജില്ലകളിൽ പോസിറ്റീവായവരുടെ എണ്ണക്കൂടുതൽ കാരണം ഓക്സിജൻ, ഐസിയു കിടക്കകൾക്ക് ക്ഷാമമുണ്ടെന്നും കത്തിൽ പറയുന്നു. സമ്പർക്കരോഗികളെ കണ്ടെത്താനുള്ള സമഗ്ര നടപടി ഇല്ലാതെ പോകുന്നതു വ്യാപനം കൂട്ടും. ആർടിപിസിആർ പരിശോധനയുടെ എണ്ണം കൂട്ടണം. ഹോം ഐസലേഷനിൽ കഴിയുന്നവരുടെ കാര്യത്തിൽ തുടർനടപടികളുണ്ടാകുന്നില്ലെന്നും കേന്ദ്രം പറയുന്നു. കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു കത്ത്.

ടിപിആർ അടിസ്ഥാനമാക്കി ജനങ്ങളെ അടച്ചുപൂട്ടി ജനജീവിതം ദുസ്സഹമാക്കുന്ന രീതി അശാസ്ത്രീയമാണെന്ന് ഇതിനകം തന്നെ വിദഗ്ദർ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. കോവിഡ് കൂടുമ്പോൾ അടച്ചിടുകയും കുറയുമ്പോൾ തുറക്കുകയും ചെയ്യുക എന്നതിനപ്പുറം ദീർഘ വീക്ഷണത്തോടെയുള്ള ലോക്ഡൗൺ നയം ഇല്ലാത്തതാണു കേരളത്തിന്റെ പ്രധാന പ്രശ്നമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കേരളത്തിനു പഴയരീതിയിലേക്ക് തിരിച്ചുവരാൻ കാര്യമായ ഇടപെടലുകൾ കൂടിയേ തീരൂ എന്ന് അടുത്തിടെയുണ്ടായ ഒട്ടേറെ ആത്മഹത്യകളും തെളിയിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.