1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 25, 2021

സ്വന്തം ലേഖകൻ: റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാനസര്‍വീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് എയര്‍ലൈന്‍സുകള്‍ക്കുള്ള മാര്‍ഗനിര്‍ദേശം കുവൈത്ത് വ്യോമയാന വകുപ്പ് പുറത്തിറക്കി. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഈ ആഴ്ച തന്നെ സര്‍വീസ് ആരംഭിക്കുമെന്നാണ് സൂചന. മന്ത്രിസഭാ അനുമതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യ, ഈജിപ്ത്, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍ എന്നിവിടങ്ങളില്‍നിന്ന് നേരിട്ട് കുവൈത്തിലേക്ക് വിമാന സര്‍വീസിന് അനുമതി നല്‍കിയതായി കാണിച്ചാണ് വ്യോമയാന വകുപ്പ് വിമാനക്കമ്പനികള്‍ക്ക് സര്‍ക്കുലര്‍ നല്‍കിയത്.

ഇതോടൊപ്പം യാത്രക്കാര്‍ക്കുള്ള നിബന്ധനകളും നടപടിക്രമങ്ങളും വിശദീകരിക്കുന്നുമുണ്ട്. അനുമതി നല്‍കിക്കൊണ്ട് നേരത്തെ മന്ത്രിസഭ പ്രഖ്യാപനം വന്നിരുന്നെങ്കിലും വ്യോമയാന വകുപ്പിന്റെ സര്‍ക്കുലര്‍ ഇറങ്ങാത്തതിനാല്‍ വിമാനക്കമ്പനികള്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് വിജ്ഞാപനം ഇറങ്ങിയതോടെ അടുത്ത ദിവസം തന്നെ സര്‍വീസുകള്‍ ആരംഭിച്ചേക്കുമെന്നാണ് സൂചന. ഇന്നു മുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഡി.ജി.സി.എ വ്യക്തമായി പറഞ്ഞിട്ടില്ല.

അതേസമയം വ്യാഴാഴ്ചമുതല്‍ ഇന്ത്യയില്‍ നിന്നുള്ള സര്‍വീസുകള്‍ ആരംഭിക്കുമെന്നു അല്‍ റായി ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. കൊറോണ എമര്‍ജന്‍സി കമ്മിറ്റി നിശ്ചയിച്ച വ്യവസ്ഥകള്‍ക്ക് അനുസൃതമായാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള ആറു രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പ്രവേശനം അനുവദിക്കുക കുവൈത്ത് അംഗീകരിച്ച ഫൈസര്‍, ആസ്ട്രസെനക/കോവിഷീല്‍ഡ്, മോഡേണ, ജോണ്‍സന്‍ & ജോണ്‍സണ്‍ വാക്‌സിനുകളിലൊന്ന് സ്വീകരിച്ചവര്‍ക്കാണ് പ്രവേശനം.

കുവൈത്ത് അംഗീകരിച്ചിട്ടില്ലാത്ത സിനോഫാം, സ്പുട്‌നിക്, സിനോവാക് വാക്‌സിന്‍ എടുത്തവര്‍ കുവൈത്ത് അംഗീകരിച്ച വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസായി എടുത്താലും പ്രവേശനം അനുവദിക്കും. 72 മണിക്കൂറിനുള്ളില്‍ എടുത്ത പി.സി.ആര്‍ നെഗറ്റിവ് റിപ്പോര്‍ട്ട്, ഏഴു ദിവസത്തെ ഗാര്‍ഹിക നിരീക്ഷണം, ശ്ലോനിക് ആപ്പ് രജിസ്‌ട്രേഷന്‍ എന്നിവയും നിര്‍ബന്ധമാണ്.

അതിനിടെ പ്രതിദിനം 18,000 വിദേശ തൊഴിലാളികള്‍ക്ക് താമസ മേഖലകളില്‍ കോവിഡ് പ്രതിരോധ കുത്തിവപ്പ് നടത്തി വരുന്നതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതിനായി തൊഴിലാളികളുടെ താമസ ഇടങ്ങളില്‍ വേണ്ടത്ര കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും താമസ മേഖലകളില്‍ കോവിഡ് പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കി പുരോഗമിക്കുന്നതയും കോവിഡ് എമര്‍ജന്‍സി സമിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രധാന കോവിഡ് വാക്സിനേഷന്‍ സെന്ററുകളിലെ തിരക്ക് കുറക്കുന്നതിനും എത്രയും വേഗം രാജ്യത്ത് എല്ലാവര്‍ക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാക്കുകയുമാണ് ആരോഗ്യ മന്ത്രാലയം ലക്ഷ്യമിടുന്നത്. അതേസമയം നിരവധി മൊബൈല്‍ യൂണിറ്റുകളും രാജ്യത്തിന്റെ വിവിധ മേഖലകളില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് നടത്തിവരുന്നതയും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.