സ്വന്തം ലേഖകൻ: 2022ലെ ഫിഫ ലോകകപ്പ് ടിക്കറ്റുകളുടെ വിൽപന അടുത്ത വർഷം ആദ്യ പാദത്തിൽ ആരംഭിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഔദ്യോഗിക വക്താവ് ഖാലിദ് അൽ നഅ്മ. ഫിഫ അറബ് കപ്പിനുള്ള ടിക്കറ്റ് വിൽപനയുടെ ആദ്യ ഘട്ടം വിസ കാർഡുടമകൾക്ക് നൽകിയപ്പോൾ കൂടുതലും സ്വന്തമാക്കിയത് ഖത്തറിനകത്തുനിന്നുള്ളവരാണെന്നും ഇത് േപ്രാത്സാഹജനകമാണെന്നും ഖാലിദ് അൽ നഅ്മ കൂട്ടിച്ചേർത്തു.
നാലാമത് നജാഹ് ഖത്തർ ഫെസ്റ്റിവലിനോടനുബന്ധിച്ച് അൽ ശർഖ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് നഅ്മ ഇക്കാര്യം വ്യക്തമാക്കിയത്. 2022ലെ ലോകകപ്പിനായുള്ള ഹോസ്പിറ്റാലിറ്റി പാക്കേജുകൾ പ്രഖ്യാപിച്ച് 24 മണിക്കൂറിനകംതന്നെ പൂർണമായും വിൽപന നടത്താനായെന്നും മുൻ ടൂർണമെൻറുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വലിയ നേട്ടമാണെന്നും അൽ നഅ്മ ചൂണ്ടിക്കാട്ടി.
അറബ് ലോകത്തെയും മിഡിലീസ്റ്റിലെയും പ്രഥമ ഫിഫ ലോകകപ്പ് ടൂർണമെൻറിനാണ് ഖത്തർ ആതിഥ്യം വഹിക്കാനിരിക്കുന്നതെന്നും ലോകം ഉറ്റുനോക്കുന്ന കാൽപന്തുകളി മാമാങ്കത്തിനായുള്ള തയാറെടുപ്പുകൾ 95 ശതമാനവും പൂർത്തിയായതായും നാലു സ്റ്റേഡിയങ്ങൾ ഇതിനകം പൂർത്തിയായതായും അദ്ദേഹം വിശദീകരിച്ചു.
അൽഖോറിലെ അൽ ബയ്ത് സ്റ്റേഡിയം നിർമാണം പൂർത്തിയാതയും റാസ് അബൂ അബൂദ് സ്റ്റേഡിയം, തുമാമ സ്റ്റേഡിയം എന്നിവയുടെ അവസാന മിനുക്കുപണികൾ നടക്കുകയാണെന്നും ഫിഫ അറബ് കപ്പിനായി ഈ മൂന്ന് സ്റ്റേഡിയങ്ങളും തുറന്നുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വർഷം ആദ്യത്തോടെ പ്രധാന വേദിയായ ലുസൈൽ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുന്നതോടെ ലോകകപ്പിെൻറ ഒരു വർഷം മുമ്പുതന്നെ എല്ലാ സ്റ്റേഡിയങ്ങളും പൂർണസജ്ജമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഖത്തറിെൻറ ലോകകപ്പ് തയാറെടുപ്പുകൾ സംബന്ധിച്ച് ഫിഫ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളും സന്ദർശകരും ഫുട്ബാൾ ഇതിഹാസങ്ങളും പ്രശംസ അറിയിച്ചിട്ടുണ്ട്. ഈ വർഷം അവസാനത്തിൽ നടക്കാനിരിക്കുന്ന അറബ് കപ്പ് ടൂർണമെൻറിനും അടുത്ത വർഷത്തെ ലോകകപ്പിനും ഖത്തർ പൂർണ സജ്ജമാണെന്ന് ആത്മവിശ്വാസത്തോടെ പറയാനാകും.
കോവിഡ് പശ്ചാത്തലത്തിൽ എ.എഫ്.സി ചാമ്പ്യൻസ് ലീഗ്, ഫിഫ ക്ലബ് ലോകകപ്പ് തുടങ്ങി പ്രധാന ചാമ്പ്യൻഷിപ്പുകളും മറ്റു ടൂർണമെൻറുകളും വിജയകരമായി സംഘടിപ്പിക്കാനായത് തങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്. കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ പൂർണമായും വാക്സിൻ സ്വീകരിച്ചവർക്കു മാത്രമായിരിക്കും അറബ് കപ്പ് മത്സരങ്ങൾ വീക്ഷിക്കുന്നതിന് സ്റ്റേഡിയത്തിലേക്ക് പ്രവേശനം. ഖാലിദ് അൽ നഅ്മ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല