1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 2, 2021

സ്വന്തം ലേഖകൻ: ഇന്ത്യയിൽനിന്ന്​ നേരിട്ടുള്ള വിമാന സർവീസിന്​ ആഴ്​ചയിൽ 5528 സീറ്റ്​ അനുവദിച്ച്​ കുവൈത്ത്​ വ്യോമയാന വകുപ്പ്​. ഇതിൽ പകുതി കുവൈത്തി വിമാനക്കമ്പനികളായ കുവൈത്ത്​ എയർവേയ്​സും ജസീറ എയർവേയ്​സും പങ്കി​െട്ടടുക്കും. ഇന്ത്യൻ വിമാന കമ്പനികളുടെ വിഹിതം വീതിച്ചുനൽകാൻ കുവൈത്ത്​ വ്യോമയാന വകുപ്പ്​ മേധാവി യൂസുഫ്​ അൽ ഫൗസാൻ ഇന്ത്യൻ വ്യോമയാന വകുപ്പിന്​ അയച്ച കത്തിൽ നിർദേശിച്ചു.

ഇതനുസരിച്ച്​ ആദ്യ വിമാനം വ്യാഴാഴ്​ച കൊച്ചിയിൽ നിന്നാണ്​. 1,15,000 രൂപ മുതൽക്കാണ്​ ടിക്കറ്റ്​ നിരക്ക്​. ഇന്ത്യ അന്താരാഷ്​ട്ര വിമാന സർവീസിന്​ വിലക്ക്​ ഏർപ്പെടുത്തിയത്​ തുടരുന്ന പശ്ചാത്തലത്തിൽ പ്രത്യേക എയർ ബബിൾ സംവിധാനത്തിലൂടെയാണ്​ ഇപ്പോൾ സർവീസ്​ ആരംഭിക്കുന്നത്​.

ആഴ്ചയില്‍ 5600 യാത്രക്കാര്‍ക്ക് ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് യാത്ര ചെയ്യാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കിയത് പ്രവാസികൾക്ക് ആശ്വാസമായി. അതേസമയം ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്കിടയിലെ സീറ്റ് വിഭജനത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാവാൻ ഇരിക്കുന്നതേയുള്ളൂ.

അതേസമയം വിമാന സര്‍വീസ് പുനരാരംഭിച്ചാലുടന്‍ കുവൈത്തിലേക്ക് യാത്ര ചെയ്യാന്‍ കാത്തിരിക്കുന്നവര്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ് വിമാന ടിക്കറ്റ് നിരക്ക്. കൊച്ചി, മുംബൈ, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് ചരിത്രത്തിലെ തന്നെ റെക്കോഡ് ടിക്കറ്റ് നിരക്കാണ് വിമാനക്കമ്പനികള്‍ ഈടാക്കുന്നത്. 700 ദിനാര്‍ മുതല്‍ 850 ദിനാര്‍ വരെയാണ് (ഒന്നര ലക്ഷം രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെ) കുവൈത്തില്‍ നിന്നുള്ള എയര്‍ലൈനുകളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ടിക്കറ്റ് നിരക്ക്.

എന്നാല്‍ ഇന്ത്യന്‍ വിമാന കമ്പനികളുടെ ടിക്കറ്റ് നിരക്ക് ഇത്രത്തോളം വരില്ലെന്നാണ് ട്രാവല്‍സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്. കുവൈത്ത് എയര്‍ലൈനുകളുടെ പകുതി നിരക്ക് മാത്രമേ ഇന്ത്യന്‍ കമ്പനികള്‍ ഈടാക്കൂ എന്നാണ് ട്രാവല്‍ ഏജന്‍സികളുടെ പക്ഷം.

ടിക്കറ്റിനുള്ള വന്‍ ഡിമാന്റ് മുതലാക്കാനുള്ള ശ്രമമാണ് എയര്‍ലൈന്‍സുകള്‍ നടത്തുന്നത്. കോവിഡ് പശ്ചാത്തലത്തിലുണ്ടായ വലിയ നഷ്ടം നികത്താനുള്ള വിമാന കമ്പനികളുടെ ശ്രമത്തിന്റെ ഭാഗമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഇങ്ങനെ ടിക്കറ്റിന് തീവില ഈടാക്കാനുള്ള നീക്കം വ്യോമയാന മേഖലയ്ക്ക് ഗുണം ചെയ്യില്ലെന്ന് ഏജന്‍സികള്‍ അഭിപ്രായപ്പെടുന്നു.

ആദ്യ ദിവസങ്ങളില്‍ തന്നെ യാത്ര ചെയ്യാതെ ഏതാനും ദിവസം കാത്തിരിക്കുന്നതാണ് നല്ലെന്നും അവര്‍ പറയുന്നു. ഏതാനും ദിവസങ്ങള്‍ക്കു ശേഷം ടിക്കറ്റ് നിരക്കില്‍ വലിയ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 18 മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ തുടങ്ങുന്നത് മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് വീണ്ടും പ്രതീക്ഷ നൽകിയിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.