![](https://www.nrimalayalee.com/wp-content/uploads/2020/09/Covid-19-Bahrain-Schools-Reopening-Guidelines.jpg)
സ്വന്തം ലേഖകൻ: കോവിഡ് നിയന്ത്രണങ്ങളിൽ ആശ്വാസമായി ബഹ്റൈൻ വെള്ളിയാഴ്ച മുതൽ ഗ്രീൻ ലെവലിലേക്ക് മാറുന്നു. ആരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ അസി. അണ്ടർ സെക്രട്ടറി ഡോ. മറിയം അൽ ഹാജിരിയാണ് ഇക്കാര്യം വാർത്തസമ്മേളനത്തിൽ അറിയിച്ചത്. പ്രതിദിന കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിലാണ് ഗ്രീൻ ലെവലിലേക്ക് മാറുന്നത്. അതേസമയം, കോവിഡ് പ്രതിരോധ മുൻകരുതൽ നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് അവർ ഓർമിപ്പിച്ചു.
പുതിയ അധ്യയനവർഷം ആരംഭിക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിൽ പ്രത്യേക ജാഗ്രത വേണമെന്നും അവർ പറഞ്ഞു. സെപ്റ്റംബർ ഏഴിന് ആരംഭിക്കുന്ന പുതിയ അധ്യയനവർഷത്തിൽ വിദ്യാർഥികൾക്ക് നേരിട്ട് സ്കൂളിലെത്തി പഠനം നടത്താനും ഒാൺലൈൻ പഠനം നടത്താനും അവസരമുണ്ടെന്ന് വിദ്യാഭ്യാസമന്ത്രാലയത്തിലെ ഹ്യൂമൻ റിസോഴ്സസ് വിഭാഗം അസി. അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് മുബാറക് ജുമാ പറഞ്ഞു.
ഇക്കാര്യത്തിൽ രക്ഷിതാക്കൾക്ക് തീരുമാനമെടുക്കാം. ഇതുവരെ 79,000 വിദ്യാർഥികളാണ് സ്കൂളിൽ എത്തി പഠനം നടത്താൻ താൽപര്യമറിയിച്ച് രജിസ്റ്റർ ചെയ്തത്. ഒാരോ ജാഗ്രതാ ലെവലിലും വ്യത്യസ്ത അനുപാതത്തിലാണ് സ്കൂളുകളിൽ നേരിട്ട് അധ്യയനം അനുവദിക്കുക. ഗ്രീൻ ലെവലിൽ 100 ശതമാനം വിദ്യാർഥികൾക്കും സ്കൂളിലെത്തി പഠനം നടത്താൻ അനുമതി നൽകിയിട്ടുണ്ട്. യെല്ലോ ലെവലിൽ 50 ശതമാനം വിദ്യാർഥികൾക്കും ഒാറഞ്ച് ലെവലിൽ 30 ശതമാനം പേർക്കുമാണ് അനുമതി. റെഡ് ലെവലിൽ ഒാൺലൈൻ പഠനം മാത്രമാണുണ്ടാവുക.
സർക്കാർ സ്കൂളുകളിൽ ആവശ്യമെങ്കിൽ 100 ശതമാനം ജീവനക്കാർക്കും ജോലിക്കെത്താൻ അനുമതിയുണ്ട്. സ്വകാര്യ മേഖലയിൽ അതത് സ്കൂളുകൾക്ക് ഇക്കാര്യത്തിൽ തീരുമാനം എടുക്കാം. അധ്യാപകരും മറ്റ് ജീവനക്കാരും ബുധനാഴ്ച തന്നെ സ്കൂളുകളിൽ എത്തി.
വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകൾ ഉൾപ്പെടെയുള്ള ജീവനക്കാരും പാലിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം മാർഗനിദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. സ്കൂളുകൾ ദിവസം മുഴുവൻ അണുമുക്തമാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സുരക്ഷാമുൻകരുതലുകൾ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെയും നിയോഗിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല