സ്വന്തം ലേഖകൻ: 4 മാസത്തെ ഇടവേളയ്ക്ക് ശേഷം കണ്ണൂരിൽ നിന്ന് ഇന്നുമുതൽ മസ്കത്തിലേക്ക് വിമാന സർവീസ് പുനരാരംഭിക്കും. എയർ ഇന്ത്യ എക്സ്പ്രസ് ആണ് 129 ദിവസങ്ങൾക്ക് ശേഷം എയർ ബബിൾ ക്രമീകരണത്തിലൂടെ സർവീസ് നടത്തുന്നത്. ഏപ്രിൽ 24 മുതലാണ് മസ്കത്തിൽ യാത്രാ വിലക്ക് ഏർപ്പെടുത്തിയത്.
രാവിലെ 9.45ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം 11.25ന് മസ്കത്തിൽ എത്തുന്ന തരത്തിലാണ് സമയ ക്രമീകരണം. തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ്. ഒക്ടോബർ പകുതി വരെ ടിക്കറ്റ് ബുക്കിങ് ഓപ്പൺ ആണ്. ഉയർന്ന ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിനെ തുടർന്ന് യാത്രക്കാർക്കിടയിൽ നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്.
യുഎഇ സർവീസുകൾക്ക് പിന്നാലെ ഒമാനിലേക്കും സർവീസ് ആരംഭിച്ചതോടെ കണ്ണൂരിൽ രാജ്യാന്തര സർവീസ് സജീവമായി തുടങ്ങി. റഗുലർ രാജ്യാന്തര സർവീസ് തുടങ്ങാൻ ഡിജിസിഎ അനുമതി നൽകിയിട്ടില്ലെങ്കിലും വന്ദേഭാരത്, എയർ ബബിൾ ക്രമീകരണം വഴിയാണ് വീണ്ടും സർവീസുകൾ ആരംഭിച്ചത്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് ആണ് കൂടുതലും സർവീസും നടത്തുന്നത്.
ഷാർജയിലേക്ക് ഇൻഡിഗോയും ഷാർജ, അബുദാബി എന്നിവിടങ്ങളിലേക്ക് ഗോ ഫസ്റ്റും സർവീസ് നടത്തുന്നുണ്ട്. വെള്ളി ഒഴികെ ആഴ്ചയിൽ 6 ദിവസമാണ് കണ്ണൂർ-ഷാർജ സർവീസ്. 10,000 മുതൽ 12,000 വരെയാണ് ടിക്കറ്റ് നിരക്ക്. ആഴ്ചയിൽ 4 ദിവസം( ഞായർ, ചൊവ്വ, വ്യാഴം, ശനി) ആണ് കണ്ണൂർ- ദുബായ് സർവീസ്. 20,000 മുതൽ 29,000 വരെയാണ് ടിക്കറ്റ് നിരക്ക്.
തിങ്കൾ ഒഴികെ ആഴ്ചയിൽ 6 ദിവസമാണ് കണ്ണൂർ -അബുദാബി സർവീസ്. 16,000 രൂപ മുതൽ 20,000 വരെയാണ് ടിക്കറ്റ് നിരക്ക്. കൂടാതെ റിയാദ് കുവൈത്ത് സെക്ടറിലും സർവീസുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല