![](https://www.nrimalayalee.com/wp-content/uploads/2021/06/Kuwait-Iqama-Renewal-Expats-above-60.jpg)
സ്വന്തം ലേഖകൻ: കുവൈത്തില്‍ തിരിച്ചെത്താന്‍ സാധിക്കാത്തതിനാല്‍ 3,90,000 പ്രവാസികളുടെ താമസ അനുമതി റദ്ദായി. കൊവിഡ് വര്‍ധിച്ച് സാഹചര്യത്തില്‍ വിമാന വിലക്ക് വന്നതോടെയാണ് നാട്ടിലേക്ക് പോയവര്‍ക്ക് തിരികെ കുവൈത്തില്‍ എത്താന്‍ സാധിക്കാതിരുന്നത്. താമസ രേഖകള്‍ പുതുക്കുന്നതില്‍ സ്പോണ്‍സര്‍മാര്‍ പരാജയപ്പെട്ടതാണ് റെസിഡന്‍സി പെര്‍മിറ്റുകള്‍ നഷ്ടമാവാന്‍ കാരണം.
നിയമവിരുദ്ധമായി ഇപ്പോള്‍ കുവൈത്തില്‍ ഒന്നര ലക്ഷത്തോളം പ്രവാസികള്‍ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. നിരവധി തവണ അനധികൃതമായി താമസിക്കുന്നവര്‍ക്ക് രേഖകള്‍ ശരിയാക്കാന്‍ അവസരം നല്‍കിയിട്ടുണ്ട്. ഇനി നല്‍കില്ലെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് കുവൈത്തിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്താവളങ്ങള്‍ തുറന്നിട്ടുണ്ട്. ജനജീവിതം സാധാരണ നിലയിലേക്ക് മാറി തുടങ്ങി.
ഈ സാഹചര്യത്തില്‍ ഇളവുകളുണ്ടാകില്ലെന്നും നിയമ ലംഘകരെ അറസ്റ്റ് ചെയ്യും എന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. നിയമവിരുദ്ധമായി താമസിക്കുന്നവരെ കണ്ടെത്തിയാല്‍ നാടുകടത്തുന്നത് ഉള്‍പ്പെടെയുള്ള നടപടിയിലേക്ക് പോകും എന്ന് അധികൃതര്‍ അറിയിച്ചതായിറിപ്പോര്‍ട്ട് പറയുന്നു. അതേസമയം, ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്കുള്ള സര്‍വീസുകളുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടില്ലെന്ന് എയര്‍ ഇന്ത്യ കഴിഞ്ഞ ദിവസം അറിയിച്ചു.
ഇന്ത്യയില്‍ നിന്നുള്ള രാജ്യന്തര വിമാനങ്ങള്‍ക്ക് സെപ്റ്റംബര്‍ 30 വരെ വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാജപ്രചാരണങ്ങളില്‍ യാത്രക്കാര്‍ വഞ്ചിതരാകരുതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിക്കുകയുണ്ടായി. ബുക്കിങ് ആരംഭിക്കുന്നതിനായി ഇന്ത്യന്‍ വ്യോമയാന മന്ത്രാലയത്തിന്റെയും വ്യോമയാന ഡയറക്ടറേറ്റിന്റെയും അനുമതി കാത്തിരിക്കുകയാണെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.
അതിനിടെ കുവൈത്തിൽ സന്ദർശക വിസ ഒക്ടോബറിൽ അനുവദിച്ചു തുടങ്ങുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇപ്പോൾ കമേഴ്സ്യൽ, ഫാമിലി സന്ദർശക വിസകൾ മന്ത്രിസഭയുടെയും കൊറോണ എമർജൻസി കമ്മിറ്റിയുടെയും പ്രത്യേകാനുമതിയോടെ മാത്രമാണ് അനുവദിക്കുന്നത്.
വളരെ കുറച്ച് വിസ മാത്രമേ ഇത്തരത്തിൽ അനുവദിച്ചിട്ടുള്ളൂ. ഇതിൽ അധികവും ആരോഗ്യ മേഖലയിലെയും തൊഴിൽ മേഖലക്ക് ആവശ്യമായ ചില പ്രഫഷനലുകളിലെ ഉപദേശകരുമായിരുന്നു. അധ്യാപകർക്കും എൻട്രി വിസ അനുവദിച്ചു. ദീർഘനാളായി അവധിയെടുത്ത് നാട്ടിൽ പോകാൻ കഴിയാത്ത പ്രവാസികൾ സന്ദർശക വിസയിൽ കുടുംബത്തെ കൊണ്ടുവരാൻ അവസരം കാത്തിരിക്കുന്നുണ്ട്.
തിരിച്ചുവരവ് സംബന്ധിച്ച് അനിശ്ചിതത്വം മാറിയിട്ടില്ലാത്തതിനാൽ അവധിയെടുത്ത് പോകാൻ പലരും മടിക്കുന്നു. ഇപ്പോൾ രാജ്യത്ത് കോവിഡ് സാഹചര്യം മെച്ചപ്പെട്ടിട്ടുണ്ട്. അടുത്ത ആഴ്ചകളിലും ഇതേനില തുടരുമെന്ന പ്രതീക്ഷയിലാണ് ഒക്ടോബർ മുതൽ സന്ദർശക വിസ അനുവദിക്കാൻ ആലോചിക്കുന്നത്. പുതിയ കേസുകളും മരണനിരക്കും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും ടി.പി.ആർ നിരക്കും കുറഞ്ഞുവരുന്നത് ആശ്വാസമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല