![](https://www.nrimalayalee.com/wp-content/uploads/2021/07/Kuwait-Jazeera-Airways-cancelled-Indian-Flights.jpg)
സ്വന്തം ലേഖകൻ: ഇന്ത്യയിൽനിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള സർവീസുമായി കൂടുതൽ വിമാന കമ്പനികൾ എത്തി. എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, കുവൈത്ത് എയർവേയ്സ് എന്നിവയും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതോടെ നിരക്ക് ഗണ്യമായി കുറഞ്ഞു.
കൊച്ചിയിൽനിന്നും കോഴിക്കോടു നിന്നും കുവൈത്തിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സൈറ്റിൽ കാണിക്കുന്ന കുറഞ്ഞ നിരക്ക് 60,000 രൂപയാണ്. കുവൈത്ത് എയർവേയ്സ് ഇന്നലെ രാവിലെ ബുക്കിങ് ആരംഭിച്ചപ്പോൾ 1.5 ലക്ഷം രൂപയായിരുന്നു കുറഞ്ഞ നിരക്ക്. ഉച്ചയോടെ ബുക്കിങ് തുടങ്ങിയ ഇൻഡിഗോയിൽ ഒരു ലക്ഷത്തിനടുത്തും.
കുവൈത്തിലേക്ക് ഇന്ത്യയിൽനിന്ന് നേരിട്ടുള്ള സർവീസ് പുനരാരംഭിക്കുന്നതിന് അനുമതിയായതോടെ ആദ്യം ബുക്കിങ് ആരംഭിച്ച ജസീറ എയർവേയ്സ് 2.43 ലക്ഷം രൂപയ്ക്ക് വരെ ടിക്കറ്റ് വിൽപന നടത്തിയിരുന്നു. ഇന്ത്യയിൽ നിന്ന് യാത്ര ചെയ്യാവുന്ന എല്ലാ വിമാനക്കമ്പനികളും രംഗത്തെത്തിയതോടെയാണ് നിരക്ക് നാലിലൊന്നായി കുറഞ്ഞത്.
നീണ്ട ഇടവേളക്ക് ശേഷം കുവൈത്തിലേക്കുള്ള വിമാന സര്‍വീസ് ആരംഭിച്ചതോടെ ടിക്കറ്റ് നിരക്കിലുണ്ടായ അമിത വര്‍ധനവ് ശ്രദ്ധയില്‍ പെട്ടതായും, ഇത് സംബന്ധമായ ആശങ്കകള്‍ ഇന്ത്യയിലെയും കുവൈത്തിലെയും അധികൃതരുടെ ശ്രദ്ധയില്‍പെടുത്തുമെന്നും കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് അറിയിച്ചു.
എയര്‍ ഇന്ത്യ അടക്കമുള്ള ഇന്ത്യന്‍ വിമാന കമ്പനികള്‍ കൂടി സര്‍വീസ് ആരംഭിക്കുന്നതോടെ വിമാന ടിക്കറ്റ് നിരക്ക് ഗണ്യമായി കുറയുവാന്‍ സാധ്യതയുണ്ടെന്നും ഇത് സംബന്ധമായി അധികൃതരുമായി ബന്ധപ്പെടുമെന്നും എംബസിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. കുവൈത്തിലേക്ക് ഇന്ത്യന്‍ വിമാന കമ്പനികള്‍ നേരിട്ടുള്ള വിമാന സര്‍വീസ് നടത്തുന്നതിനുള്ള നടപടി ക്രമങ്ങള്‍ പുരോഗിമിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല