സ്വന്തം ലേഖകൻ: രണ്ട് ഡോസ് വാക്സിൻ എടുത്തവരിൽ കോവിഡ് ബാധിച്ച് മരിക്കാനുള്ള സാധ്യത വാക്സിൻ സ്വീകരിക്കാത്തവരെക്കാൾ 11 മടങ്ങ് കുറവാണെന്ന് റിപ്പോർട്ട്. യുഎസ് സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് പുതിയ കണ്ടെത്തൽ. കൂടാതെ വാക്സിൻ സ്വീകരിച്ചവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ള സാധ്യത മറ്റുള്ളവരെക്കാൾ 10 ശതമാനം കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
കോവിഡ് ഡെൽറ്റ വകഭേദത്തിൻ്റെ തീവ്രത കുറഞ്ഞെന്നും, അമേരിക്കയുടെ മോഡേണ വാക്സിൻ ഈ വകഭേദത്തിനെതിരെ പ്രതീക്ഷിച്ചതിലധികം ഫലപ്രാപ്തി നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു. തങ്ങൾ പറഞ്ഞതുപോലെ വാക്സിനുകൾ ഫലപ്രാപ്തി കാണുന്നുണ്ടെന്ന് സിഡിസി ഡയറക്ടർ റോഷൽ വാലൻക്സി മാധ്യമങ്ങളോട് പറഞ്ഞു.
ഡെൽറ്റ വകഭേദം രൂക്ഷമാകുന്നതിന് മുമ്പ് ഏപ്രിൽ നാല് മുതൽ ജൂൺ 19 വരെ ആദ്യ പഠനം നടത്തുകയും ശേഷം ജൂൺ 20 മുതൽ ജൂലായ് 17 വരെയുള്ള കാലയളവിൽ വിവരങ്ങൾ താരതമ്യം ചെയ്തു. ഇതിലൂടെ വാക്സിൻ സ്വീകരിച്ചവരിൽ കോവിഡ് ബാധയുണ്ടാകാനുള്ള സാധ്യത കുറഞ്ഞെന്നും വാക്സിൻ സ്വീകരിക്കാത്തവരേക്കാൾ 10 മടങ്ങ് കുറവാണെന്നും കണ്ടെത്തി.
കൂടാതെ മോഡേണ വാക്സിന് 95 ശതമാനം, ഫൈസർ വാക്സിന് 80 ശതമാനം , ജോൺസൺ ആൻഡ് ജോൺസൺ വാക്സിന് 60 ശതമാനം ഫലപ്രാപ്തിയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. നൂറിലധികം തൊഴിലാളികളുള്ള കമ്പനികളിൽ തൊഴിലാളികൾക്കായി വാക്സിനേഷൻ ഏർപ്പെടുത്തുകയോ അല്ലെങ്കിൽ ആഴ്ചതോറും കോവിഡ് പരിശോധനയെങ്കിലും നടത്തണമെന്ന അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ്റെ നിർദ്ദേശത്തിന് പിന്നാലെയാണ് സിഡിസി റിപ്പോർട്ട് പുറത്തുവരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല