ഡയബറ്റിസ് ഒരു രോഗിയെ സംബന്ധിച്ച് ഏറെ കടുപ്പമുള്ള ഒരു രോഗമാണ്. ദിനംപ്രതിയുള്ള രണ്ട് ഇന്‍ജക്ഷനുകള്‍ കൂടിയാകുമ്പോള്‍ രോഗി കൂടുതല്‍ ക്ഷീണിതനാകുന്നു. എന്നാല്‍ ബ്രിട്ടനിലെ ഡയബറ്റിസ് രോഗികള്‍ക്ക് ഒരു സന്തോഷവാര്‍ത്തയാണ് നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ആഴ്ചയില്‍ ഒന്നു വീതമുള്ള പുതിയ ഇന്ജക്ഷന് ഡയബറ്റിസിന് ഫലപ്രദമാണെന്ന് അവര്‍ അംഗീകാരം കൊടുത്തിരിക്കുന്നു. ഒരു ഡോസിന് പതിനെട്ട് പൗണ്ട് വിലയുള്ള മരുന്നിനാണ് ഇപ്പോള്‍ എന്‍ എച്ച് എസ് അംഗീകാരം നല്‍കിയിരിക്കുന്നത്. മുമ്പുപയോഗിച്ചിരുന്ന എക്സനറ്റൈഡ് എന്ന മരുന്നിന്റെ മറ്റൊരു രൂപമാണ് ഇത്.
പഴയ എക്സനറ്റൈഡിനേക്കാള് പതുക്കെ മാത്രമേ രോഗ മുക്തി നല്‍കുകയുള്ളൂവെങ്കിലും മരുന്നു മൂലമുള്ള ക്ഷീണം ഇതുപയോഗിക്കുമ്പോള്‍ ഉണ്ടാകുന്നില്ല എന്നതാണ് ഇതിന്റെ ഗുണം. മുമ്പുണ്ടായിരുന്ന എക്സ്നറ്റൈഡ് ദിവസത്തില്‍ രണ്ട് പ്രാവശ്യം ഉപയോഗിക്കുന്നത് രോഗികളുടെ ജീവിത രീതിയെയും ബാധിച്ചിരുന്നുവെന്നും എന്നാല്‍ പുതിയ എക്സ്നറ്റൈഡ് ഉപയോഗിക്കുമ്പോള്‍ രോഗികള്‍ക്ക് സാധാരണ ജീവിതം തന്നെ നയിക്കാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അടുത്ത ഫെബ്രുവരിയോടെ ഈ മരുന്ന് രാജ്യത്തെ ഹെല്‍ത്ത് സര്‍വീസുകളില്‍ ലഭ്യമാകുമെന്നാണ് കരുതുന്നത്. നിര്‍മ്മാതാക്കള്‍ ബിഡുറിയോന് എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ മരുന്ന് ഡയബറ്റിസിലെ ടൈപ്പ് 2 രോഗങ്ങള്‍ക്ക് ഏറെ ഫലപ്രദമാണെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ക്ലിനിക്കല്‍ എക്സലന്‍സ് വിലയിരുത്തി. രാജ്യത്തെ 25 ലക്ഷത്തോളം പേര്‍ക്കാണ് ടൈപ്പ് 2 ഡയബറ്റിസ് ഉള്ളത്.
ഈ മരുന്നിന് അംഗീകാരം നല്‍കിയതോടെ രാജ്യത്തിന്റെ മൊത്തം ആരോഗ്യത്തെ മെച്ചപ്പെടുത്തും. ആഴ്ചയില്‍ പതിനാല് ഇന്ജക്ഷനുകളുണ്ടായിരുന്ന പഴയ മരുന്ന് രോഗികളെ മാനസിക ആരോഗ്യത്തെയും വളരെയേറെ ബാധിച്ചിരുന്നു. ടൈപ്പ് 1 ഡയബറ്റിസില്‍ നിന്ന് വ്യത്യസ്തമായി ടൈപ്പ് 2 നാല്‍പ്പത് വയസ്സിന് മുമ്പാണ് ഉണ്ടാകുന്നത്. കുറഞ്ഞത് പത്ത് ലക്ഷം രോഗികളെങ്കിലും ഈ രോഗം തുടക്കത്തില്‍ അറിയാതെ പോകുകയും ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല