സ്വന്തം ലേഖകൻ: ഐഫോൺ ഉൾപ്പെടെയുള്ള ആപ്പിളിന്റെ ഈ വർഷത്തെ പുതിയ ഉൽപന്നങ്ങൾ ഇന്നു രാത്രി 10.30ന് യുഎസിൽ നടക്കുന്ന ചടങ്ങിൽ അനാവരണം ചെയ്യും. ഐഫോൺ 13 ശ്രേണിയിൽ പുതിയ നാല് ഫോണുകളും, എയർപോഡ്, ആപ്പിൾ വാച്ച് തുടങ്ങിയ മറ്റ് ഉപകരണങ്ങളുടെ പുതിയ പതിപ്പുകളുമാണ് ആപ്പിൾ ഇന്ന് അവതരിപ്പിക്കുക.
ആപ്പിളിന്റെ ഇത്തവണ ലോഞ്ചിങ് ചടങ്ങുകളും ഓൺലൈനിലാണ്. കോവിഡ് നിയന്ത്രണങ്ങൾ കാരണം ആപ്പിൾ ഇവന്റ് ‘കലിഫോർണിയ സ്ട്രീമിങ്’ എന്ന പേരിൽ വെർച്വലായാണ് നടക്കുന്നത്. ഇന്ത്യൻ സമയം ചൊവ്വാഴ്ച രാത്രി 10.30 നാണ് ഇവന്റ് തുടങ്ങുക. ‘കലിഫോർണിയ സ്ട്രീമിങ്’ ആപ്പിളിന്റെ വെബ്സൈറ്റിലും യൂട്യൂബിലും തത്സമയം സംപ്രേഷണം ചെയ്യും.
ഇന്നത്തെ ആപ്പിൾ ഇവന്റിലെ പ്രധാനപ്പെട്ട ഉൽപന്നം ഐഫോണിന്റെ പുതിയ പതിപ്പ് തന്നെയാണ്. ഐഫോൺ 13 എന്നായിരിക്കും പുതിയ സീരീസിന്റെ പേര്. അതേസമയം, പേര് ഐഫോൺ 14 ആയേക്കുമെന്നും ഊഹാപോഹങ്ങളുണ്ട്. പുതിയ ഐഫോൺ 13 സീരീസും ഏകദേശം ഐഫോൺ 12 പോലെയാകാൻ സാധ്യതയുണ്ട്. ഐഫോൺ 12 നെ പോലെ തന്നെ നാല് വ്യത്യസ്ത മോഡലുകളിലാണ് ഐഫോൺ 13 സീരീസും വരുന്നതെന്നാണ് സൂചന.
ഐഫോൺ 13, 13 മിനി, 13 പ്രോ, 13 പ്രോ മാക്സ് എന്നിങ്ങനെയാകും നാല് വേരിയന്റുകളുടെ പേരുകൾ. സ്ക്രീൻ വലുപ്പങ്ങൾ ഐഫോൺ 12 ലേത് അതേപടി തുടരും. ഐഫോൺ 13 മിനിക്ക് 5.4 ഇഞ്ച്, ഐഫോൺ 13 ന് 6.1 ഇഞ്ച്, ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്സിനായി 6.7 ഇഞ്ച് എന്നിങ്ങനെയാകും സ്ക്രീൻ വലുപ്പം. നാല് മോഡലുകളിലും A15 പ്രോസസർ പ്രതീക്ഷിക്കാം. വിഡിയോയ്ക്കായുള്ള പോർട്രെയിറ്റ് മോഡ്, മെച്ചപ്പെട്ട പ്രോറെസ് വിഡിയോ റെക്കോർഡിങ്ങിനുള്ള ശേഷി എന്നിവ ഉൾപ്പെടെയുള്ള ചെറിയ മാറ്റങ്ങൾ എല്ലാ പുതിയ മോഡലുകളിലും വന്നേക്കാം.
ആപ്പിൾ വാച്ച് സീരീസ് 7 ഇന്നത്തെ പരിപാടിയിൽ പ്രഖ്യാപിക്കപ്പെടുന്ന മറ്റൊരു ജനപ്രിയ ഉൽപന്നമാണ്. ആപ്പിൾ വാച്ച് അതിന്റെ ഏറ്റവും മികച്ച രൂപകൽപനയിലാകും പുറത്തിറങ്ങുക. ഐപാഡ് പ്രോ, ഐഫോൺ 12 എന്നിവയ്ക്ക് സമാനമായ ഒരു ഫ്ലാറ്റർ എഡ്ജ് ഡിസൈൻ ആണ് പ്രതീക്ഷിക്കുന്നത്. പുതിയ ആപ്പിൾ വാച്ച് സീരീസ് 7 ന്റെ ബാറ്ററി ലൈഫിൽ ഗണ്യമായ വർധനവ് പ്രതീക്ഷിക്കുന്നു. വേഗമേറിയ പ്രോസസ്സറും പ്രതീക്ഷിക്കാം.
എയർപോഡ്സ് 2 ഇപ്പോൾ വിപണിയിൽ ഏറ്റവും പ്രചാരമുള്ള ഉൽപന്നമാണ്. ഇതിന്റെ പരിഷ്കരിച്ച പതിപ്പായിട്ടാണ് എയർപോഡ്സ് 3 എത്തുന്നത്. ഡിസൈനിങ്ങിന്റെ കാര്യത്തിൽ മാറ്റങ്ങളുണ്ടാകും. 2016 സെപ്റ്റംബറിൽ ലോഞ്ച് ചെയ്തതിന് ശേഷം ആപ്പിൾ ഇതുവരെ എയർപോഡുകൾക്ക് വലിയ മാറ്റം വരുത്തിയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല