സ്വന്തം ലേഖകൻ: വെജിറ്റേറിയൻ മാത്രം കഴിക്കുന്നവർക്കും ഇനി ചിക്കൻ കഴിക്കാം. ചെടികളിൽ ഉൽപാദിപ്പിച്ച കോഴിയിറച്ചി ഗൾഫിൽ പരിചയപ്പെടുത്തുകയാണ് സിങ്കപ്പൂരിലെ ഒരു സ്ഥാപനം. സൗജന്യമായി ഇതിന്റെ രുചി അറിയാനും സകൗര്യമുണ്ട്. ദുബായിൽ ഈമാസം 16 മുതൽ 18 വരെ ദിവസവും നൂറുപേർക്ക് വെജിറ്റേറിയൻ ചിക്കൻ കൊണ്ട് നിർമിച്ച ബർഗർ സൗജന്യമായി വിതരണം ചെയ്യും.
ടിൻഡിൽ എന്നാണ് ഈ വെജിറ്റേറിയൻ കോഴിയിറച്ചിയുടെ പേര്. വിളിക്കുന്നത് ചിക്കൻ, കോഴിയിറച്ചി എന്നൊക്കെയാണെങ്കിലും ഇതിന് കോഴി എന്നല്ല ഒരു പക്ഷിയുമായും ബന്ധമില്ല. പൂർണമായും ചെടികളിൽ വിളയുന്ന വസ്തുക്കൾ ഉപയോഗിച്ചാണ് ചിക്കന്റെ രുചിയുള്ള ഇതിന്റെ നിർമാണമെന്ന് നെക്സ്റ്റ് ജെൻ ഫുഡ് കമ്പനിയുടെ സ്ഥാപകരിൽ ഒരാളും സി ഇ ഒയുമായ ആൻഡ്രേ മെനസിസ് പറയുന്നു.
ദുബായ് ജുമൈറ ബീച്ച് ഹോട്ടലിൽ നടന്ന ചടങ്ങിലാണ് ടിൻഡിൽ എന്ന വെജിറ്റേറിയൻ കോഴിയിറച്ചി ദുബായിൽ പുറത്തിറക്കിയത്. ക്ഷണിക്കപ്പെട്ട അതിഥികൾക്കും മാധ്യമപ്രവർത്തകർക്കും ഈ വെജിറ്റേറിയൻ കോഴിയിറച്ചികൊണ്ട് പാകം ചെയ്ത വിഭവങ്ങൾ പരീക്ഷിക്കാനും അവസരമുണ്ടായിരുന്നു. ചിക്കൻ വിഭവങ്ങളുടെ രൂപത്തിലും ഭാവത്തിലും രുചികളിലും നിരവധി വിഭവങ്ങളൊരുക്കാൻ കഴിയുമെന്നാണ് വിദഗ്ധരായ ഷെഫുമാർ പറയുന്നത്.
ഈമാസം 16 മുതൽ യു എ ഇയിലെ ദുബായ്, അബൂദബി, ഫുജൈറ എന്നിവിടങ്ങളിലെ എട്ട് റെസ്റ്റോറന്റുകളുടെ ഇരുപതോളം ശാഖകളിൽ ടിൻഡിൽ ചിക്കൻ കൊണ്ട് നിർമിച്ച വിഭവങ്ങൾ വിളമ്പി തുടങ്ങും. ബുർജ് ഖലീഫയിലെ അറ്റ്മോസ്ഫിയനർ, അക്കിറ ബാക്ക് ദുബായ്, ഡി ഐ എഫ്സിയിലെ ബിബി സോഷ്യൽ ഡൈനിങ്ങ്, ഡി ഐ എഫ് സിയിലെയും ജുമൈറ പാർക്കിലെയും ബൈറ്റ് മീ ബർഗർ, ഗെറ്റ് പ്ലക്ക്ഡ് റെസ്റ്റോറന്റുകൾ, ജുമൈറ ബീച്ച് ഹോട്ടലിലെ ഫിക്ക, ദുബായ് മറീനയിലെ സീറോ ഗ്രാവിറ്റി, ദുബായിലെയും അബൂദബിയിലെയും ലാ ബ്രിയോഷേ, ഫുജൈറ അൽ അഖ ബീച്ചിലെ ലേ മേറിഡിയൻ എന്നിവിടങ്ങളിലാണ് വിഭവങ്ങൾ വിളമ്പി തുടങ്ങുക.
വെജിറ്റേറിയൻ ചിക്കൻ വിഭവങ്ങൾ ഒന്ന് രുചിച്ച് നോക്കാൻ ആഗ്രഹമുമള്ളവർക്ക് മൂന്ന് ദിവസം ടിൻഡിൽ കൊണ്ട് നിർമിച്ച നൂറ് ബർഗറുകൾ സൗജന്യമായി നൽകാനും പദ്ധതിയുണ്ട്. ഡിഐഫിസിലെയ ബൈറ്റ് മീ ബർഗറിലാണ് ഈമാസം 16,17,18 തിയതികളിൽ നൂറ് ടിൻഡിൽ ബർഗറുകൾ സൗജന്യമായി വിതരണം ചെയ്യുക.
വിവിധ കാരണങ്ങളാൽ ചിക്കൻ ഉപയോഗിക്കാൻ കഴിയാത്തവർ മാത്രമല്ല. സിങ്കപ്പൂരിൽ സാധാരണ ചിക്കൻ കഴിക്കുന്നവരാണ് തങ്ങളുടെ ഉപഭോക്താക്കളിൽ ഏറിയപങ്കുമെന്ന് നിർമാതാക്കൾ പറയുന്നു. ലോകത്തിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് ഈ വിഭവം എത്തിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല