![](https://www.nrimalayalee.com/wp-content/uploads/2021/09/Afghan-Boy-Qatar-Camp-Reunion-Father.jpg)
സ്വന്തം ലേഖകൻ: ഖത്തറിൻ്റെ സ്നേഹ ചിറകിലേറി പിതാവിനടുത്തേക്ക് മൂന്നു വയസുകാരൻ അഫ്ഗാൻ ബാലൻ പറന്നെത്തി. വ്യക്തിഗത വിവരങ്ങൾ പു റത്തു വിടാനാവാത്തതിനാൽ ബാലനെ മാധ്യമങ്ങൾ കുഞ്ഞ് അലിയെന്നാണ് വിശേഷിപ്പിക്കുന്നത്. താലിബാന് അധികാരം പിടിച്ചതിന് പിന്നാലെ രാജ്യം വിടാനായി കാബൂള്‍ വിമാനത്താവളത്തില്‍ തടിച്ചുകൂടിയവര്‍ക്കിടയില്‍ ചാവേർ സ്ഫോടനം നടന്ന ദിവസമാണ് അലിയുടെ ജീവിതം കീഴ്മേൽ മറിഞ്ഞത്.
ആള്‍ക്കൂട്ടത്തിനിടയില്‍ ചാവേര്‍ ബോംബ് പൊട്ടിത്തെറിക്കുകയും 169 അഫ്ഗാനികളും 13 യുഎസ് സൈനികരും കൊല്ലപ്പെട്ടു. സ്ഫോടനത്തിന് പിന്നാലെ ജനം ചിതറിയോടി. കുഞ്ഞു അലിയെ മാതാവിന് കൈവിട്ടു. വിമാനത്താവളത്തിന്റെ ഓരങ്ങളിലെവിടെയോ തനിച്ചിരുന്ന് വിതുമ്പിയ അലിയെ ഒരു പതിനേഴുകാരന് ശ്രദ്ധിച്ചു. ഖത്തറിന്റെ രക്ഷാ വിമാനത്തിലേക്ക് അവനെയും കൂടെ കൂട്ടി.
ദോഹയിലെ അഭയാര്‍ത്ഥി കേമ്പില്‍ വെച്ച് അലിയുടെ സ്ഥിതിഗതികള്‍ ഖത്തര്‍ അധികൃതര്‍ മനസ്സിലാക്കി. ഖത്തര്‍ അസിസ്റ്റന്റ് വിദേശകാര്യമന്ത്രി ലുല്‍വ അല്‍ ഖാതിറിന്റെ മേല്‍നോട്ടത്തില്‍ അലിക്ക് പ്രത്യേക പരിചരണവും കരുതലും. മ്നാനമായിരുന്ന മുഖം പതുക്കെ തെളിഞ്ഞു വന്നു. ഇടയ്ക്കെപ്പോഴോ തന്റെ ഉപ്പ കാനഡയിലാണുള്ളതെന്ന് അവന് പറഞ്ഞൊപ്പിച്ചു.
ഉടൻ ഖത്തർ വിദേശകാര്യമന്ത്രാലയം കാനഡ എംബസിയുമായി ബന്ധപ്പെട്ടു. ഉപ്പയെ അന്വേഷിച്ചു. വിവരങ്ങള്‍ കിട്ടി. ദോഹയില്‍ നിന്നും 14 മണിക്കൂര്‍ വിമാനയാത്ര ചെയ്ത് അലി ടൊറോന്റോയിലെത്തി. ഉപ്പയെ കണ്ടു. വാരിപ്പുണര്‍ന്നു. യുദ്ധവും സംഘര്‍ഷങ്ങളും തീര്‍ത്ത കൂരാകൂരിരുട്ടിനിടയില്‍ കെട്ടിപ്പുണര്‍ന്നു നില്ക്കുന്ന അലിയും ഉപ്പയുടെയും ചിത്രം സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു.
പിന്നെ ഉമ്മയെയും സഹോദരങ്ങളെയും കുറിച്ചുള്ള അന്വേഷണമായി. അവരും അഫ്ഗാനില്‍ സുരക്ഷിതരാണെന്ന സന്തോഷ വാര്‍ത്തയും മാധ്യമങ്ങള്‍ പങ്കുവെച്ചു. പക്ഷെ കാബൂളില്‍ നിന്നും കാനഡയിലേക്ക് തിരിക്കാന്‍ നിലവില്‍ ബുദ്ധിമുട്ടുകളുണ്ട്. മേല്‍വിലാസം വെളിപ്പെടുത്തുന്നതും പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്നതിനാല്‍ കുടുംബത്തിന്റെ യഥാര്‍ത്ഥ പേര് വിവരങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ല.
“ആശംസകള്‍ അലി, നിന്നെ ഞങ്ങള്‍ക്കിവിടെ വല്ലാതെ മിസ് ചെയ്യുന്നു.എന്നെങ്കിലും ഞങ്ങളെ കാണാനായി നീ തിരിച്ചുവരണം,“ ഖത്തര്‍ അസിസ്റ്റന്റ് വിദേശകാര്യമന്ത്രി ലുല്‍വ അല്‍ ഖാതിര്‍ ട്വീറ്റ് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല