സ്വന്തം ലേഖകൻ: കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചുള്ള ഗവേഷകരുടെ മുന്നറിയിപ്പ് എല്ലാ രാജ്യങ്ങളും അതീവ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നത്. അതിനിടയില്‍ മറ്റൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുകായമാണ് ലോക ബാങ്ക്. നിലവില്‍ സാമ്പത്തികം, സാമൂഹികം, രാഷ്ട്രീയം തുടങ്ങിയ വിവിധ കാരണങ്ങളാല്‍ ആളുകള്‍ സ്വന്തം രാജ്യം ഉപേക്ഷിച്ച് പോകുന്ന ചിത്രമാണ് ഉള്ളതെങ്കില്‍ 2050ഓടെ കാലാവസ്ഥ വ്യതിയാനവും പ്രതിസന്ധിയും കാരണം ആളുകള്‍ നാടുവിടുമെന്നാണ് ലോക ബാങ്ക് അഭിപ്രായപ്പെടുന്നത്.
വര്‍ധിക്കുന്ന ജലനിരപ്പ്, വരള്‍ച്ച, കൃഷി നശിക്കല്‍ എന്നിവയെ ചെറുക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ 30 വര്‍ഷത്തിനുള്ളില്‍ 216 ദശലക്ഷം ആളുകള്‍ സ്വന്തം നാട് ഉപേക്ഷിച്ച് മറ്റുള്ള സ്ഥലങ്ങളിലേക്ക് കുടിയേറാന്‍ നിര്‍ബന്ധിതരാക്കുമെന്നാണ് ലോക ബാങ്ക് തിങ്കളാഴ്ച പുറത്തിക്കിയ ഗ്രൗണ്ട്സ്വെല്‍ (Groundswell) എന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. ലോകത്തിലെ ഏറ്റവും വലിയ ദരിദ്ര രാജ്യങ്ങളിലെ ജനങ്ങളാണ് ഇത്തരത്തില്‍ കുടിയേറ്റ ഭീഷണി കൂടുതലായി നേരിടുന്നത്.
“2050 ആകുമ്പോഴേക്കും ഏകദേശം 2150 ദശലക്ഷത്തിലധികം ആളുകള്‍ സ്വന്തം രാജ്യങ്ങളിലെ തന്നെ വിവിധ പ്രദേശങ്ങളിലേക്ക് മാറി താമസിക്കും. ഇത്തരത്തിലുള്ള ആറ് പ്രദേശങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്,“ ഗ്രൗണ്ട്സ്വെല്‍ റിപ്പോര്‍ട്ട് പറയുന്നു.
കിഴക്കന്‍ ഏഷ്യ- പെസഫിക്, വടക്കേ ആഫ്രിക്ക, കിഴക്കന്‍ യൂറോപ്പ് – മധ്യേഷ്യ എന്നീ മൂന്ന് മേഖലകളാണ് പുതിയ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെുത്തിയിരിക്കുന്നത്. നേരത്തെ 2018ല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍, ഉപ-സഹാറന്‍ ആഫ്രിക്ക, ദക്ഷിണേഷ്യ, ലാറ്റിന്‍ അമേരിക്ക എന്നിവയും ഉള്‍പ്പെട്ടിരുന്നു. ഈ രണ്ട് ഗ്രൗണ്ട്സ്വെല്‍ റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണ് ലോക ബാങ്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
മാത്രമല്ല, ഈ മേഖലകളില്‍ നിന്നുള്ള പ്രവചനം അനുസരിച്ച് 2050ല്‍ സബ്-സഹാറന്‍ ആഫ്രിക്കയില്‍ 86 ദശലക്ഷം ആന്തരിക കാലാവസ്ഥാ കുടിയേറ്റക്കാരെയും കിഴക്കന്‍ ഏഷ്യ- പെസഫിക്ക് പ്രദേശങ്ങളില്‍ 49 ദശലക്ഷം കുടിയേറ്റക്കാരേയും കാണാന്‍ കഴിയും. അതുപോലെത്തന്നെ, ദക്ഷിണേഷ്യയില്‍ 40 ദശലക്ഷവും വടക്കേ ആഫ്രിക്കയില്‍ 19 ദശലക്ഷവും ലാറ്റിനമേരിക്കയില്‍ 17 ദശലക്ഷം ആളുകളും കുടിയേറിപാര്‍ക്കും. കിഴക്കന്‍ യൂറോപ്പ്-മധ്യേഷ്യ പ്രദേശത്ത് 5 ദശലക്ഷം ആളുകളേയും ഇത്തരത്തില്‍ കാണാന്‍ സാധിക്കും.
അതേസമയം, ദുരന്തങ്ങള്‍ മൂലമുള്ള കുടിയേറ്റം അല്ലെങ്കില്‍ കുിയൊഴിപ്പിക്കലുകള് നടത്തുമ്പോള്‍, മനുഷ്യക്കടത്ത് വര്‍ധിക്കുന്നതും രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം വലിയ തലവേദനയായിരിക്കുകയാണ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ഈ ആശങ്ക നിലനില്‍ക്കുന്നുണ്ട്. പ്രകൃതി ദുരന്തം മൂലം നാടുകടത്തപ്പെട്ടവരില്‍ നിന്ന് ഏകദേശം 20 മുതല്‍ 30 ശതമാനം വരെ മനുഷ്യക്കടത്തുകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് യു.എന്‍ പരിസ്ഥിതി പ്രോഗ്രാം കണക്കാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല