സ്വന്തം ലേഖകൻ: ഇസ്രയേലിലെ ഗില്‍ബവേ ജയിലില്‍നിന്ന് രക്ഷപ്പെട്ട രണ്ടുപേരെ കൂടി ഇസ്രയേല്‍ സൈന്യം പിടികൂടി. ഇഹാം കമാംജി, മുനദ്ദില്‍ നഫായത്ത് എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച രാവിലെയാണ് ഇവരെ പിടികൂടിയതെന്നും ഇതോടെ ജയില്‍ചാടിയ ആറുപേരും പിടിയിലായെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു.
ജെനിനില്‍ സൈന്യം നടത്തിയ തിരച്ചിലിലാണ് രണ്ടുപേരും പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, രക്ഷപ്പെട്ട തടവുകാരെ പിടികൂടാനുള്ള ശ്രമത്തിനിടെ പ്രദേശത്ത് സംഘര്‍ഷമുണ്ടായതായി പലസ്തീന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൈന്യം നഗരത്തിലേക്ക് പ്രവേശിച്ചതിന് പിന്നാലെയാണ് സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. എന്നാല്‍ രണ്ടുപേരെയും ഒരു വീട്ടില്‍നിന്നാണ് പിടികൂടിയതെന്നും ഇവര്‍ ചെറുത്തുനില്‍പ്പിന് ശ്രമിച്ചില്ലെന്നും ഇസ്രയേല്‍ പോലീസ് വക്താവ് പ്രതികരിച്ചു.
ഇഹാം കമാംജിയുടെ വീട് സൈന്യം വളഞ്ഞതോടെ ഇയാള്‍ കീഴടങ്ങാന്‍ തീരുമാനിച്ചെന്ന് അസോസിയേറ്റഡ് പ്രസ്സും റിപ്പോര്‍ട്ട് ചെയ്തു. വീട്ടുകാര്‍ക്ക് അപകടമുണ്ടാവാതിരിക്കാന്‍ താന്‍ കീഴടങ്ങുകയാണെന്ന് ഇഹാം പിതാവിനോട് പറയുകയായിരുന്നു.
സെപ്റ്റംബര്‍ ആറിന് നടന്ന ജയില്‍ചാട്ടത്തില്‍ ആറ് തടവുകാരാണ് രക്ഷപ്പെട്ടത്. ജയിലില്‍നിന്ന് തുരങ്കം നിര്‍മിച്ച് ഇവര്‍ രക്ഷപ്പെട്ടത് ഇസ്രയേല്‍ പോലീസിനും അധികൃതര്‍ക്കും വലിയ നാണക്കേട് സൃഷ്ടിച്ചിരുന്നു. ജയില്‍ചാട്ടത്തില്‍ അധികൃതര്‍ക്കെതിരേ രൂക്ഷവിമര്‍ശനവും ഉയര്‍ന്നു.
ഇസ്രയേലിന് നാണക്കേടുണ്ടാക്കിയ ജയില്‍ചാട്ടത്തില്‍ മുഖ്യസൂത്രധാരന്റെ മൊഴി പുറത്ത്. ജയില്‍ചാടി വീണ്ടും പിടിയിലായ മഹ്മൂദ് അല്‍-അരീദ അഭിഭാഷകനോട് വെളിപ്പെടുത്തിയ വിവരങ്ങളാണ് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏറെ വിവാദമായ ജയില്‍ചാട്ടത്തിന്റെ മുഖ്യസൂത്രധാരനാണ് അല്‍-അരീദ.
താനടക്കം ജയിലില്‍നിന്ന് രക്ഷപ്പെട്ട ആറുപേരും ഒമ്പത് മാസം മുമ്പ് ജയില്‍ചാട്ടത്തിനുള്ള ‘ഓപ്പറേഷന്’ ആരംഭിച്ചിരുന്നതായാണ് അരീദയുടെ വെളിപ്പെടുത്തല്‍. ഇതിന് ജയിലില്‍നിന്ന് മറ്റുള്ളവരുടെ സഹായം ലഭിച്ചിട്ടില്ലെന്നും ഇയാള്‍ പറഞ്ഞു.
“ജയിലില്‍ തുരങ്കമുണ്ടാക്കിയതിനും രക്ഷപ്പെടുന്നതിനുമുള്ള പദ്ധതികളുടെയെല്ലാം ഉത്തരവാദിത്വം എനിക്കാണ്. ജയിലിനകത്തുനിന്നോ പുറത്തുനിന്നോ ഇതിന് യാതൊരു സഹായവും ലഭിച്ചിട്ടില്ല,“ അരീദ വിശദീകരിച്ചു.
അതേസമയം, വിവാദമായ ജയില്‍ചാട്ടത്തിന് പിന്നില്‍ 11 തടവുപുള്ളികള്‍ക്ക് പങ്കുണ്ടെന്നാണ് ചില മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. 2020 നവംബര്‍ മുതല്‍ ഇവര്‍ തുരങ്കമുണ്ടാക്കുന്ന പ്രവൃത്തികള്‍ ആരംഭിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
സെപ്റ്റംബര്‍ ആറിനാണ് ഇസ്രയേലിലെ ഗില്‍ബവേ ജയിലില്‍നിന്ന് പലസ്തീനുകാരായ ആറ് തടവുകാര്‍ രക്ഷപ്പെട്ടത്. സെല്ലില്‍നിന്ന് ജയിലിന് പുറത്തേക്ക് തുരങ്കം നിര്‍മിച്ചായിരുന്നു ഇവരുടെ സിനിമാസ്റ്റൈല്‍ ജയില്‍ചാട്ടം. പുലര്‍ച്ചെ ഒന്നരയോടെ തടവുപുള്ളികള്‍ തുരങ്കത്തില്‍നിന്ന് കടക്കുന്നത് സിസിടിവി ദൃശ്യങ്ങളിലും കണ്ടെത്തിയിരുന്നു. എന്നാല്‍ നാലുമണിയോടെ മാത്രമാണ് ജയിലിലെ അലാറം സംവിധാനം പ്രവര്‍ത്തിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്.
ഇസ്രയേല്‍ സൈനികരെ കൊലപ്പെടുത്തിയതും തീവ്രവാദ കുറ്റവും ഉള്‍പ്പെടെ ചുമത്തി വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട ആറ് പേരാണ് അതിവിദഗ്ധമായി ജയില്‍ചാടിയത്. ഇതില്‍ അഞ്ച് പേരും ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നവരായിരുന്നു. എന്നാല്‍ അതിസുരക്ഷാ സംവിധാനമുള്ള ജയിലില്‍നിന്ന് ഇവര്‍ രക്ഷപ്പെട്ടത് ഇസ്രയേലിന് വലിയ നാണക്കേടുണ്ടാക്കി.
ആറ് പലസ്തീന് തടവുകാര്‍ രക്ഷപ്പെട്ട വിവരം പുറത്തറിഞ്ഞതോടെ ഇസ്രയേല്‍ അന്വേഷണ ഏജന്‍സികള്‍ വ്യാപകമായ തിരച്ചിലാണ് നടത്തിയത്. ഡ്രോണുകളും മറ്റും അന്വേഷണത്തിന് ഉപയോഗിച്ചു. ഇതിനിടെ, തടവുകാര്‍ നിര്‍മിച്ച തുരങ്കത്തിന്റെ ചിത്രങ്ങളും പുറത്തുവന്നു. ഇത് പലസ്തീനുകാര്‍ വ്യാപകമായി പ്രചരിപ്പിക്കുകയും അതിര്‍ത്തി മേഖലകളില്‍ ജയില്‍ചാട്ടത്തിന്റെ പേരില്‍ മധുരവിതരണം ഉള്‍പ്പെടെ നടക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല