സ്വന്തം ലേഖകൻ: ലോകകപ്പിൻെറ വർഷമായ 2022ൽ പുതുവർഷ സമ്മാനവുമായി ലയണൽ മെസ്സിയും നെയ്മറും കിലിയൻ എംബാപ്പെയും സെർജിയോ റാമോസും ഉൾപ്പെടുന്ന പി.എസ്.ജിയുടെ താരപ്പട ഖത്തറിലെത്തും. 2019ന് ശേഷം ആദ്യാമായണ് ഖത്തർ ഉടമസ്ഥതയിലുള്ള ഫ്രഞ്ച് ടീമിൻെറ ദോഹ സന്ദർശനം.
ഫിഫ അറബ് കപ്പും കഴിഞ്ഞ്, ലോകകപ്പിനെ വരവേൽക്കാനൊരുങ്ങുന്ന ഖത്തറിൻെറ തയ്യാറെടുപ്പുകളെ രാജ്യാന്തര ശ്രദ്ധയിലെത്തിക്കുന്നത് കൂടിയാവും പി.എസ്.ജിയുടെ സന്ദർശനം. ജനുവരി 16 മുതൽ 20 വരെ അഞ്ചു ദിവസം ടീം ദോഹയിലിണ്ടാവും. സൂപ്പർതാരങ്ങൾ ഉൾപ്പെടുന്ന ഫസ്റ്റ് ടീമായിരിക്കും ഖത്തറിലെത്തുകയെന്ന് പി.എസ്.ജി വാർത്ത കുറിപ്പിൽ അറിയിച്ചു.
ഫ്രഞ്ച് ലീഗിൽ തങ്ങളുടെ 21ാം റൗണ്ട് മത്സരം പൂർത്തിയാക്കി ടീം അംഗങ്ങളും പരിശീലകൻ മൗറിസിയോ പൊച്ചെട്ടിനോയും ദോഹയിലേക്ക് തിരിക്കും. ആസ്പയർ അകാദമിയിലെ പരിശീലനവും, ലോകകപ്പിൻെറ ഒരുക്കങ്ങളും നിർമാണം പൂർത്തിയായ സ്റ്റേഡിയങ്ങളിലെ സന്ദർശനവും, ആരാധകരുമായുള്ള കൂടികാഴ്ചയുമായി ടീമിൻെറ ഖത്തർ ടൂർ അവിസ്മരണീയമാവുമെന്ന് ക്ലബ് അറിയിച്ചു.
ലോകകപ്പിനുള്ള ഖത്തറിൻെറ തയ്യാറെടുപ്പുകൾ രാജ്യാന്തര ശ്രദ്ധയിലെത്തിക്കാൻ കൂടി പര്യടനം സഹായിക്കും. ദോഹയിലെ പി.എസ്.ജി അകാദമി സന്ദർശനവും, സ്പോൺസർമാരുടെ മറ്റ് പ്രൊമോഷൻ പരിപാടികളിലും ഉൾകൊള്ളുന്നതാണ് വിൻറർ ടൂർ. ഖത്തർ പര്യടനം പൂർത്തിയാക്കിയ ശേഷം സൗദിയിലെത്തുന്ന ടീം, റിയാദ് സീസൺ കപ്പിൽ കളിച്ച ശേഷം ഫ്രാൻസിലേക്ക് തിരിക്കും.
അൽ ഹിലാൽ, അൽ നസ്ർ ടീമുകളിലെ താരങ്ങൾ അണിനിരക്കുന്ന ടീമിനെയാവും നേരിടുക. 2019ന് ശേഷം ആദ്യമായാണ് പി.എസ്.ജിയുടെ ഖത്തർ ടൂർ തീരുമാനിക്കുന്നത്. കോവിഡ് കാരണം കഴിഞ്ഞ സീസണുകളിൽ ടീം ഇവിടെ എത്തിയിട്ടില്ല. 2011ലാണ് ഖത്തർ ഇൻവെസ്റ്റ്മെൻറ് ഗ്രൂപ്പ് പി.എസ്.ജിയെ സ്വന്തമാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല