1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2021

സ്വന്തം ലേഖകൻ: ഇന്‍സ്റ്റഗ്രാം ഉപയോഗം കൗമാരക്കാരായ പെണ്‍കുട്ടികളില്‍ ഗുരുതരമായ മാനസിക പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന് ഫേസ്ബുക്ക് നേരത്തെ തന്നെ കണ്ടെത്തിയിരുന്നുവെന്നാണ് അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നത്. 2019 മുതല്‍ ഫേസ്ബുക്ക് ആഭ്യന്തരമായി നടത്തിയ രഹസ്യപഠനത്തിന്റെ റിപ്പോര്‍ട്ടാണ് വാള്‍സ്ട്രീറ്റ് ജേണല്‍ പുറത്തു വിട്ടത്.

ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളായ കൗമാരക്കാരുടെ മാനസിക ആരോഗ്യം മനസിലാക്കാന്‍ 2019-2021 കാലത്താണ് ഫേസ്ബുക്ക് പഠനം നടത്തിയത്. ഇതിനായി പ്രത്യേക പ്രായക്കാരില്‍ നിരവധി ഓണ്‍ലൈന്‍ സര്‍വ്വെകള്‍ നടത്തി. ”മൂന്നിലൊന്നു കൗമാരക്കാരികളിലെ ബോഡി ഇമേജ് പ്രശ്‌നങ്ങള്‍ നാം വഷളാക്കുന്നു,” എന്നാണ് ഗവേഷണത്തില്‍ ഫേസ്ബുക്ക് കണ്ടെത്തിയിരുന്നത്.

സ്വന്തം ശരീരത്തെ കുറിച്ച് മോശമായ ധാരണയുണ്ടാക്കാന്‍ ഇന്‍സ്റ്റഗ്രാം കാരണമായെന്ന് 32 ശതമാനം കൗമാരക്കാരികളും അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ട് പറയുന്നു. ആത്മഹത്യാ ചിന്തയുള്ള 13 ശതമാനം ബ്രിട്ടീഷ് ഉപയോക്താക്കളും ആറ് ശതമാനം അമേരിക്കന്‍ ഉപയോക്താക്കള്‍ക്കും പ്രശ്‌നകാരണമായി ചൂണ്ടിക്കാട്ടിയത് ഇന്‍സ്റ്റഗ്രാമിനെയാണ്.

”ആകാംക്ഷാ പ്രശ്‌നവും വിഷാദാവസ്ഥയും ഉണ്ടാവാന്‍ ഇന്‍സ്റ്റഗ്രാം കാരണമാവുന്നതായി കൗമാരക്കാര്‍ പറയുന്നു. പ്രായഭേദമേന്യെ എല്ലാ വിഭാഗങ്ങളില്‍ ഉള്ളവരും ഈ പ്രശ്‌നം നേരിടുന്നു,” കമ്പനിയുടെ രഹസ്യറിപ്പോര്‍ട്ട് പറയുന്നു. ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം 40 ശതമാനം കൗമാരക്കാര്‍ക്ക് ശരീരത്തിന്റെ ആകര്‍ഷകത്വം കുറവാണെന്നു തോന്നിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഇന്‍സ്റ്റഗ്രാം കൗമാരക്കാര്‍ക്കിടയില്‍ പോപുലര്‍ ആണെന്നത് മാത്രമല്ല പ്രശ്‌നമെന്ന് യുഎസ്സിലെ കെന്റക്കി സര്‍വ്വകലാശാലയിലെ മനശാസ്ത്ര പ്രഫസറായ ക്രിസ്റ്റിയ സ്പിയേഴ്‌സ് ബ്രൗണ്‍ ‘ദ കോണ്‍വര്‍സേഷനില്‍’ എഴുതിയ ലേഖനം പറയുന്നു. വ്യാജ പ്രതീതിയുണ്ടാക്കുന്ന രീതിയില്‍ ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാനും ഫില്‍റ്റര്‍ ചെയ്യാനും ഉള്ള സൗകര്യവും സെലിബ്രിറ്റികളെ ഫോളോ ചെയ്യാന്‍ അവസരമൊരുക്കുന്നതുമാണ് പ്രശ്‌നം.

സെലിബ്രിറ്റികള്‍ കെട്ടിച്ചമക്കുന്ന ശരീരവുമായും ജീവിതവുമായും സ്വന്തം ശരീരത്തെയും ജീവിതത്തെയും താരതമ്യം ചെയ്യാന്‍ ഇത് വഴിയൊരുക്കുന്നു. കൗമാരക്കാര്‍ പൊതുവില്‍ സ്വന്തം ശരീരത്തെ കുറിച്ച് പലതരം ആശങ്കയുള്ളവരാണ്. മറ്റുള്ളവരുടെ ശരീരവുമായും ജീവിതവുമായും സ്വന്തം ശരീരത്തെയും ജീവിതത്തെയും നെഗറ്റീവായി താരതമ്യം ചെയ്യുന്നത് ആത്മവിശ്വാസക്കുറവിനും മാനസിക പ്രശ്‌നങ്ങള്‍ക്കും കാരണമാവാം. ഭക്ഷണം കഴിക്കുന്നതിലെ പ്രശ്‌നങ്ങള്‍ അടക്കം നിരവധി തരം പ്രശ്‌നങ്ങള്‍ കൗമാരക്കാര്‍ക്ക് വരാന്‍ ഇതാണ് കാരണമെന്നും ഡോ. ക്രിസ്റ്റിയ പറയുന്നു.

പണം നല്‍കി ഉപയോഗിക്കാത്ത സോഷ്യല്‍ മീഡിയ എല്ലാവര്‍ക്കും ഒരു പോലെയാണെന്നാണ് ലോകം കരുതുന്നത്. സോഷ്യല്‍ മീഡിയ കമ്പനികള്‍ സോഷ്യലിസം കൊണ്ടുവന്നുവെന്നും ചിലര്‍ വിശ്വസിക്കുന്നു. പക്ഷെ, സെലിബ്രിറ്റികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ഇന്‍സ്റ്റഗ്രാം പ്രത്യേക സൗകര്യങ്ങള്‍ നല്‍കുന്നതായി വാള്‍സ്ട്രീറ്റ് ജേണലിലെ റിപ്പോര്‍ട്ട് പറയുന്നു.

സെലിബ്രിറ്റികള്‍ക്ക് ഇഷ്ടമുള്ള ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്യാം. അതായത്, മറ്റുള്ളവര്‍ക്കുള്ള നിയന്ത്രണങ്ങളൊന്നും ഇവര്‍ക്കില്ല. സെലിബ്രിറ്റികള്‍ക്കായി കമ്പനി പ്രത്യേക റജിസ്റ്റര്‍ വരെ തയ്യാറാക്കിയിട്ടുണ്ടെന്നാണ് വാര്‍ത്ത പറയുന്നത്.

പതിമൂന്ന് വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായി പ്രത്യേക ഇന്‍സ്റ്റഗ്രാം ആപ്പ് നിര്‍മിക്കുമെന്ന തീരുമാനത്തില്‍ നിന്ന് ഫേസ്ബുക്ക് പിന്‍വാങ്ങണമെന്ന് യുഎസ് സെനറ്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പാര്‍ടിയായ ഡെമോക്രാറ്റിക് പാര്‍ടി സെനറ്റര്‍മാരായ എഡ് മാര്‍ക്കിയും കാത്തി കാസ്റ്ററുമാണ് ആവശ്യവുമായി രംഗത്തെത്തിയത്. യുഎസിലെ ശിശു സുരക്ഷാ സംഘടനകളും 44 നിയമഉദ്യോഗസ്ഥരും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. പതിമൂന്ന് വയസില്‍ താഴെയുള്ളവരുടെ സ്വകാര്യത സംരക്ഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ആഭ്യന്തര ഗവേഷണത്തിലെ ചില ഭാഗങ്ങളെ കുറിച്ചാണ് വാര്‍ത്തകളെങ്കിലും റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ക്കൊപ്പമാണ് തങ്ങളെന്ന് ഇന്‍സ്റ്റഗ്രാം പ്രസ്താവനയില്‍ പറഞ്ഞു. കൗമാരക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കണ്ടെത്താനും പരിഹരിക്കാനുമായാണ് പഠനം നടത്തിയത്. സോഷ്യല്‍ മീഡിയ പലരെയും പലതരത്തിലാണ് സ്വാധീനിക്കുന്നത്. ചിലര്‍ക്ക് സോഷ്യല്‍ മീഡിയ ചില ദിവസം നല്ലതായിരിക്കും. ചില ദിവസങ്ങളില്‍ മോശവും. ആളുകള്‍ എങ്ങനെയാണ് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത്, ഉപയോഗിക്കുന്ന സമയത്തെ മാനസികാവസ്ഥ എന്താണ് എന്നതൊക്കെയാണ് പ്രധാന കാര്യമെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.