അലക്സ് വർഗ്ഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി): ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി ദേശീയ സംഘടനയായ യുക്മയും മലയാള മനോരമയും ചേർന്ന് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി “ഓണവസന്തം 2021” സെപ്റ്റംബർ 26 ഞായറാഴ്ച ഓൺലൈൻ പ്ളാറ്റ്ഫോമിലൂടെ പ്രക്ഷേപണം ചെയ്യുന്നു.
മലയാള മനോരമ യൂറോപ്പിലെ ഒരു പ്രവാസി മലയാളി സംഘടനയുമായി ചേർന്ന് നടത്തുന്ന ആദ്യ പരിപാടി എന്ന നിലയിൽ ഏറെ ശ്രദ്ധേയമായി കഴിഞ്ഞ ഈ പരിപാടിയിൽ, മലയാള ചലച്ചിത്ര സംഗീത രംഗത്തെ പുതു തലമുറയിലെ പ്രശസ്ത ഗായകരായ വിധു പ്രതാപ്, സിത്താര കൃഷ്ണകുമാർ, ശ്രേയ ജയദീപ് എന്നിവരോടൊപ്പം യു കെ യിലെ ശ്രദ്ധേയരായ കലാ പ്രതിഭകളും ഒത്തുചേരുന്നു.
1999 ൽ ദേവദാസി എന്ന ചിത്രത്തിലെ “പൊൻ വസന്തം”, നിറം സിനിമയിലെ “ശുക്രിയ” എന്നീ ഗാനങ്ങൾ പാടി മലയാളികളുടെ മനസ്സിൽ ഇടം നേടിയ വിധു പ്രതാപ്, 2000 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് ഉൾപ്പടെ നിരവധി അവാർഡുകൾ കരസ്ഥമാക്കിയ ഗായകനാണ്. മലയാളം, തമിഴ് ഭാഷകളിലായി നൂറ്റി അൻപതിലേറെ ചിത്രങ്ങളിൽ പാടിയ വിധു പ്രതാപ് നൂറിലേറെ സംഗീത ആൽബങ്ങളിലും പാടിയിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമായി നൂറു കണക്കിന് വേദികളിൽ പ്രേക്ഷകരെ ആനന്ദ നൃത്തം ചെയ്യിച്ച വിധു പ്രതാപ്, ടി വി മ്യൂസിക് റിയാലിറ്റി ഷോകളിലും പ്രേക്ഷകരുടെ ഇഷ്ട പാത്രമാണ്.
ഗായിക, സംഗീത സംവിധായിക, ഡാൻസർ എന്നീ നിലകളിൽ മലയാളി മനസ്സുകളിൽ ഇടം പിടിച്ച സിത്താര കൃഷ്ണകുമാർ ടി വി മ്യൂസിക് റിയാലിറ്റി ഷോകളിലെ പ്രിയ താരമാണ്. 2012, 2017 വർഷങ്ങളിലെ നല്ല ഗായികയ്ക്കുള്ള സംസ്ഥാന അവാർഡുകൾ ഉൾപ്പടെ നിരവധി അവാർഡുകൾ കരസ്ഥമാക്കിയിട്ടുള്ള സിത്താര വിവിധ ഭാഷകളിലായി മുന്നൂറിലേറെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. നർത്തകിയായി കലാ ജീവിതം തുടങ്ങിയ സിത്താര പിന്നീട് സംഗീതത്തിലെ തന്റെ കഴിവുകൾ തിരിച്ചറിയുകയും സംഗീത പഠനം ആരംഭിക്കുകയുമായിരുന്നു. രണ്ട് സിനിമകൾക്കും രണ്ട് ആൽബങ്ങൾക്കും സംഗീത സംവിധാനം നിർവ്വഹിച്ച സിത്താര നൂറ് കണക്കിന് ആൽബങ്ങൾക്ക് വേണ്ടി മനോഹരങ്ങളായ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
എട്ട് വയസ്സ് മുതൽ ടി വി മ്യൂസിക് റിയാലിറ്റി ഷോകളിലൂടെ മലയാളി മനസ്സുകളിൽ ഇടം പിടിച്ച ശ്രേയ ജയദീപ് സംഗീത ലോകത്ത് ഉദിച്ചുയരുന്ന പൊൻ താരകമാണ്. തന്റെ എട്ടാമത്തെ വയസ്സിൽ സിനിമയ്ക്ക് പാടി തുടങ്ങിയ ശ്രേയ “അമർ അക്ബർ ആന്റണി” എന്ന ചിത്രത്തിലെ “എന്നോ ഞാനെന്റെ”, മോഹൻലാൽ നായകനായ “ഒപ്പം” സിനിമയിലെ “മിനുങ്ങും മിന്നാമിനുങ്ങേ”, “ഗോഡ്” എന്ന ആൽബത്തിലെ “മേലേ മാനത്തെ ഈശോയെ” എന്നീ ഗാനങ്ങളിലൂടെ പ്രശസ്തയായി. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലായി നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ച ശ്രേയ ഒട്ടേറെ ആൽബങ്ങൾക്ക് വേണ്ടിയും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
സംഘാടന മികവിന്റെ നിരവധി മുഹൂർത്തങ്ങൾ യു കെ മലയാളികൾക്ക് കാഴ്ചവെച്ച് മുന്നേറുന്ന യുക്മ ആദ്യമായാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. പ്രവർത്തന പന്ഥാവിൽ ഒരു പതിറ്റാണ്ട് പിന്നിട്ട യുക്മ , മലയാള മനോരമയുമായി ചേർന്ന് ഒരുക്കുന്ന ഈ ഓണാഘോഷം നിലവിലുള്ള ദേശീയ സമിതിയുടെ പ്രവർത്തന മികവിന്റെ മറ്റൊരു മകുടോദാഹരണമാവുകയാണ്. മനോജ് കുമാർ പിള്ള നേതൃത്വം നൽകുന്ന യുക്മ ദേശീയ സമിതി കോവിഡ് ലോക്ഡൌൺ സമയത്ത് പോലും നിരവധി മികവാർന്ന പ്രവർത്തനങ്ങളാണ് നടത്തി വന്നിരുന്നത്.
യുക്മ ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ: എബി സെബാസ്റ്റ്യൻ ഇവന്റ് കോർഡിനേറ്ററായി സംഘടിപ്പിച്ചിരിക്കുന്ന ഓണവസന്തം 2021 ന്റെ പ്രധാന സ്പോൺസർമാർ കോൺഫിഡന്റ് ഗ്രൂപ്പ്, യു കെ യിലെ പ്രമുഖ സോളിസിറ്റർ സ്ഥാപനമായ പോൾ ജോൺ & കമ്പനി, പ്രമുഖ ഇൻഷ്വറൻസ് മോർട്ട്ഗേജ് സ്ഥാപനമായ അലൈഡ് ഫിനാൻസ് ലിമിറ്റഡ്, പ്രമുഖ റിക്രൂട്ടിംഗ് സ്ഥാപനമായ എൻവെർട്ടിസ് കൺസൽറ്റൻസി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ്.
അംഗ അസ്സോസ്സിയേഷനുകളിൽ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 19 വരെ സംഘടിപ്പിച്ചിരുന്നതിലാണ് യുക്മ – മലയാള മനോരമ “ഓണവസന്തം 2021” സെപ്റ്റംബർ 26 ന് നടത്തുന്നതെന്ന് യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് അറിയിച്ചു.
യുക്മ – മലയാള മനോരമ “ഓണവസന്തം 2021” പരിപാടിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക:-
കുര്യൻ ജോർജ്ജ് – 07877348602
മനോജ് കുമാർ പിള്ള – 07960357679
അലക്സ് വർഗ്ഗീസ് – 07985641921.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല