1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 25, 2021

സ്വന്തം ലേഖകൻ: തൊഴില്‍ പെര്‍മിറ്റും തൊഴിലാളിയുടെ വിദ്യാഭ്യാസ യോഗ്യതയും തമ്മില്‍ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ കുവൈത്ത് അധികൃതര്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. അല്‍ ഖബസ് ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വിവിധ തസ്തികകളിലേക്ക് തൊഴില്‍ പെര്‍മിറ്റ് അനുവദിക്കാന്‍ തൊഴിലാളികള്‍ക്ക് അതിനനുസരിച്ചുള്ള വിദ്യാഭ്യാസ യോഗ്യത മാനദണ്ഡമാക്കാനാണ് മാന്‍പവര്‍ അതോറിറ്റിയുടെ നീക്കമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

1885 വിവിധ തൊഴില്‍ തസ്തികകളാണ് ഇതുമായി ബന്ധപ്പെട്ട് തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ളത്. ഓരോന്നിനും ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയും അതില്‍ നല്‍കിയിട്ടുണ്ട്. നിശ്ചിത വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവര്‍ക്ക് പുതുതായി വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുകയോ നിലവിലുള്ളവരുടേത് പുതുക്കി നല്‍കുകയോ ചെയ്യില്ല. ഇതുപ്രകാരം നേരത്തേ കൈകാര്യം ചെയ്യുന്ന ജോലികള്‍ക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവര്‍ക്ക് വിസ പുതുക്കല്‍ ബുദ്ധിമുട്ടാകും.

സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരു പോലെ നിയമം ബാധകമാണെന്ന് അധികൃതരെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇവയില്‍ ഡയറക്ടര്‍, എന്‍ജിനീയര്‍, ഡോക്ടര്‍, നഴ്‌സ്, കാലാവസ്ഥ ശാസ്ത്രജ്ഞന്‍, ജനറല്‍ ഫിസിഷ്യന്‍, ജനറല്‍ കെമിസ്റ്റ്, ജിയോളജിസ്റ്റ്, ഇന്‍സ്ട്രക്റ്റര്‍, അധ്യാപകന്‍, ഗണിത ശാസ്ത്രജ്ഞന്‍ തുടങ്ങിയവയ്ക്ക് ബിരുദത്തില്‍ കുറയാത്ത അക്കാദമിക യോഗ്യതയുണ്ടാകണം. എന്നാല്‍ ടെക്‌നീഷ്യന്‍, പരിശീലകന്‍, സൂപ്പര്‍വൈസര്‍, ഷെഫ്, ചിത്രകാരന്‍, റഫറി തുടങ്ങിയ തൊഴിലുകള്‍ക്ക് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഡിപ്ലോമയാണ്. യന്ത്രസാമഗ്രികളുടെ ഓപറേറ്റര്‍മാര്‍, സെയില്‍സ്മാന്‍ തുടങ്ങിയവര്‍ക്ക് ഇന്റര്‍മീഡിയറ്റ് സര്‍ട്ടിഫിക്കറ്റ് വേണം.

അതേസമയം അവിദഗ്ധ തൊഴിലുകള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ല. ഫുഡ് ആന്‍ഡ് ബീവറേജസ് സര്‍വീസ്, റീട്ടയില്‍ സ്റ്റോര്‍, ഹോട്ടല്‍ റിസപ്ഷന്‍ തുടങ്ങിയ തൊഴിലുകള്‍ ഈ വിഭാഗത്തിലാണ് ഉള്‍പ്പെടുക. ഇതോടൊപ്പം എണ്‍പതോളം പ്രൊഫഷനുകള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതിന് വിദേശികള്‍ക്ക് യോഗ്യത പരീക്ഷ നടപ്പാക്കാനും നീക്കമുണ്ട്. നിലവില്‍ എന്‍ജിനീയര്‍ തസ്തികയിലേക്ക് മാത്രമാണ് യോഗ്യത പരീക്ഷ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.