സ്വന്തം ലേഖകൻ: ത്രിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നേരേന്ദ്ര മോദി അമേരിക്കയിലാണ്. വ്യാഴാഴ്ച പുലർച്ചെ ഇന്ത്യൻ സമയം മൂന്നരയോടെയാണ് എയർ ഇന്ത്യ വൺ വിമാനത്തിൽ മേരിലാൻഡിലെ ജോയിന്റ് ബേസ് അൻഡ്രൂസ് വ്യോമതാവളത്തിൽ മോദി ഇറങ്ങിയത്. സന്ദർശനത്തിൽ അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ്, ക്വാഡ് രാഷ്ട്ര നേതാക്കളായ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ജപ്പാന പ്രധാനമന്ത്രി യോഷിഹിദെ സുഗ എന്നിവരുമായി മോദി വെവ്വേറെ ചർച്ചകൾ നടത്തി.
നേതാക്കൾക്ക് കൈ നിറയെ സമ്മാനവുമായാണ് പ്രധാനമന്ത്രി യുഎസിൽ എത്തിയിരിക്കുന്നത്. അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മോദി സമ്മാനിച്ചത് കമലയ്ക്ക് ഒരു ഗുലാബി മീനാകരി ചെസ്സ് സെറ്റായിരുന്നു. ഇന്ത്യൻ വംശജയായ കമല ഹാരിസ് അമേരിക്കൻ വൈസ് പ്രസിഡന്റായി എത്തിയതിന്റെ സന്തോഷം ഇന്ത്യയിലും പ്രതിഫലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ പൂർവ്വികരുടെ ഓർമ്മകളുണർത്തുന്ന സമ്മാനം കൂടി മോദി കമല ഹാരിസിന് നൽകിയിരിക്കുന്നത്.
കമല ഹാരിസിന്റെ മുത്തച്ഛൻ പിവി ഗോപാലൻ സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. വിവിധ സർക്കാർ തസ്തികകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്മരണകളുണർത്തുന്ന തരത്തിൽ അദ്ദേഹത്തിന്റെ പഴയ സർക്കാർ ഉദ്യോഗ നോട്ടിഫിക്കേഷനുകളുടെ കോപ്പിയും കമലാ ഹാരിസിന് മോദി സമ്മാനിച്ചു. ലോകത്തിലെ തന്നെ ഏറ്റവും പുരാതന നഗരങ്ങളിൽ ഒന്നായ കാശിയുമായി ബന്ധപ്പെട്ടതാണ് മോദി സമ്മാനിച്ച ചെസ്സ് സെറ്റ്.
ചെസ്സ് ബോർഡിലെ ഓരോ കരുക്കളും കരകൗശലവസ്തുക്കളായാണ് നിർമ്മിച്ചിരിക്കുന്നത്. വിവിധ വർണ്ണങ്ങളാൽ നിർമ്മിച്ചിരിക്കുന്ന കരുക്കൾ കാശിയുടെ ആകർഷണീയത പൂർണ്ണമായും പ്രതിഫലിക്കുന്ന രീതിയിലാണ്.
അതേസമയം മോദി ഇക്കുറി വൈറ്റ് ഹൗസിലെത്തിയത് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഇന്ത്യന്‍ ബന്ധത്തിന്റെ ദുരൂഹത നീക്കുന്ന രേഖകളുമായാണ്. ഗൗരവമേറിയ ചര്‍ച്ചയ്ക്കു വേണ്ടിയുള്ള കൂടിക്കാഴ്ചയിലാണ്, ഇന്ത്യയിൽ ബൈഡന്റെ പൂര്‍വികരെക്കുറിച്ചു ഇരുനേതാക്കളും തമ്മില്‍ രസകരമായ ആശയവിനിമയം നടന്നത്.
“ഇന്ത്യയിലെ ബൈഡന് നാമധാരികളായവരെക്കുറിച്ച് താങ്കള്‍ എന്നോടു പറഞ്ഞിരുന്നല്ലോ. അന്നു മുതല്‍ അതേക്കുറിച്ച് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ചില രേഖകള്‍ ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്. അത് ഉപകാരപ്പെടുമോ എന്നു നോക്കാം,“ ചിരിച്ചു കൊണ്ടു മോദി ഹിന്ദിയില്‍ പറഞ്ഞു. ഇത് ഇംഗ്ലിഷിലേക്കു തര്‍ജമ ചെയ്തതോടെ ബൈഡന് പൊട്ടിച്ചിരിച്ചു.
ശരിക്കും രേഖകള്‍ കൊണ്ടുവന്നിട്ടുണ്ടോയെന്ന് ബൈഡന് ആശ്ചര്യപ്പെട്ടതോടെ തലകുലുക്കി മോദി പുഞ്ചിരിച്ചു. ബൈഡന് ഇന്ത്യയില്‍ ബന്ധുക്കളുണ്ടെന്നു മോദി സ്ഥിരീകരിച്ചുവെന്നും റിപ്പോർട്ടുണ്ട്. 1972ല്‍ സെനറ്ററായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മുംബൈയില്‍നിന്ന് ഒരു ബൈഡന് തനിക്ക് കത്തയച്ചിരുന്നുവെന്ന് ജോ ബൈഡന് വെളിപ്പെടുത്തിയിരുന്നു.
തന്റെ അഞ്ചാം തലമുറ മുത്തച്ഛന് ഈസ്റ്റ് ഇന്ത്യ കമ്പനി വഴി ഇന്ത്യയിലെത്തിയിട്ടുണ്ടാകാമെന്ന് ബൈഡന് മുൻപു പറഞ്ഞിരുന്നു. നിലവില്‍ അഞ്ച് ബൈഡന്മാര് ഇന്ത്യയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല