1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 27, 2021

സ്വന്തം ലേഖകൻ: പൊതുതെരഞ്ഞെടുപ്പ് നടന്ന ജർമനിയില്‍ ആംഗല മെർക്കലിന്റെ പാർട്ടി സി.ഡി.യുവിന് തോല്‍വി. മധ്യ ഇടതുപക്ഷ പാർട്ടിയായ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടിക്കാണ് നേരിയ ഭൂരിപക്ഷം. എസ്പിഡി 206 സീറ്റിലും സിഡിയു 196 സീറ്റിലും വിജയിച്ചു. ഔദ്യോഗിക ഫലപ്രഖ്യാപനം വൈകാതെയുണ്ടാകും.

തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റിലെ തിങ്കളാഴ്ച രാവിലെയുള്ള പ്രാഥമിക ഫലസൂചനകൾ പ്രകാരം സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടി 26 ശതമാനം വോട്ട് നേടിയപ്പോൾ മെർക്കലിന്റെ സി.ഡി.യു – സി.എസ്.യു സഖ്യത്തിന് 24.1 ശതമാനം വോട്ടുകൾ ലഭിച്ചു. കഴിഞ്ഞ എഴുപത് വർഷത്തിനിടെ സി.ഡി.യുവിന്റെ ഏറ്റവും മോശം പ്രകടനമാണിത്. 14.8 ശതമാനം വോട്ട് നേടിയ ഗ്രീൻ പാർട്ടിയാണ് മൂന്നാം സ്ഥാനത്ത്. അന്തിമ തെരഞ്ഞെടുപ്പ് ഫലം ഫെഡറൽ റിട്ടേണിങ് ഓഫീസർ വൈകാതെ പ്രഖ്യാപിക്കും.

ഒരു പാർട്ടിയും കേവല ഭൂരിപക്ഷം നേടാത്ത സാഹചര്യത്തിൽ ചെറുപാർട്ടികളുടെ നിലപാട് ആര് അധികാരത്തിലെത്തണമെന്നതിൽ നിർണായകമാകും. സഖ്യ ചർച്ചകൾ നീളുമെന്നതിനാൽ സർക്കാർ രൂപീകരണം വൈകും. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ എസ്.ഡി.യുവിനെ തന്നെയായിരിക്കും സർക്കാർ രൂപീകരണത്തിന് ആദ്യം ക്ഷണിക്കുക.

ചാന്‍സലര്‍ സ്ഥാനാർഥികളായി മല്‍സരിച്ചത് എസ്പിഡിയിലെ ഒലാഫ് ഷോള്‍സും, സിഡിഡിയു/സിഎസ്യു കക്ഷികളുടെ പ്രതിനിധിയായി അര്‍മീന്‍ ലാഷെറ്റും, ഗ്രീന്‍ പാര്‍ട്ടിയിലെ അന്നലീന ബെയര്‍ബോക്കുമാണ്. ഇതില്‍ എസ്പിഡിയാണ് ഭരണനേതൃത്വം എടുക്കുന്നതെങ്കില്‍ മെര്‍ക്കലിന്റെ പിന്‍ഗാമിയായി ഒലാഫ് ഷോള്‍സ് ചാന്‍സലറായി വരും. ഇനിയും മറിച്ചാണങ്കില്‍ അര്‍മീന്‍ ലാഷെറ്റ് ആവാനും സാധ്യതയുണ്ട്. എന്നാല്‍ കൂടുതല്‍ സാധ്യത ഷോള്‍സിനുതന്നെയാണ് കല്‍പ്പിക്കപ്പെടുന്നത്.

അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഏത് പാര്‍ട്ടിയും ഒരു സഖ്യമുണ്ടാക്കേണ്ടതുണ്ട്. അംഗല മെര്‍ക്കല്‍ 16 വര്‍ഷത്തെ അധികാരത്തിനുശേഷം സ്ഥാനമൊഴിയുമ്പോള്‍ പാര്‍ട്ടികള്‍ പൊതുവായ നിലപാടുകള്‍ അംഗീകരിക്കുകയും പ്രധാന തസ്തികകള്‍ തീരുമാനിക്കുകയും ചെയ്യേണ്ടതിനാല്‍ സഖ്യം രൂപീകരിക്കാന്‍ ഇനിയും സമയമെടുക്കും. ഗ്രീന്‍സിന്റെയും/അല്ലെങ്കില്‍ ലിബറല്‍ എഫ്ഡിപിയുടെയും പിന്തുണ നേടുന്നത് ഏതൊരു പാര്‍ട്ടിക്കും പ്രധാനമായിരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.