![](https://www.nrimalayalee.com/wp-content/uploads/2021/04/Kuwait-Mentally-Challenged-Expats-Deportation.jpg)
സ്വന്തം ലേഖകൻ: കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കുവൈത്ത് തൊഴില്‍ കമ്പോളത്തില്‍ രണ്ടു ലക്ഷത്തിലേറെ പേരുടെ കുറവുണ്ടായതായി കണക്കുകള്‍. 2020 മാര്‍ച്ച് മുതല്‍ 2021 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്. 15 വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള ജീവനക്കാരാണ് ഈ കാലയളവില്‍ കുവൈത്ത് തൊഴില്‍ കമ്പോളം വിട്ടതെന്ന് അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇങ്ങനെ രാജ്യം വിട്ടവരില്‍ ഏറ്റവും കൂടുതല്‍ പേര് ഇന്ത്യക്കാരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ വര്‍ഷം ആദ്യപാദത്തില്‍ മാത്രം 21,341 ഇന്ത്യക്കാരാണ് കുവൈത്തിലെ വിവിധ തൊഴില്‍ മേഖലകളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയത്. മാന്‍പവര്‍ അതോറിറ്റി പുറത്ത് വിട്ട കണക്കു പ്രകാരം 2021 ആദ്യപാദത്തില്‍ 21,341 ഇന്ത്യക്കാരാണ് കുവൈത്തിലെ സ്വകാര്യ തൊഴില്‍ മേഖലയില്‍ നിന്നു തിരിച്ചു പോയത്.
കോവിഡ് പ്രതിസന്ധിയും സ്വദേശിവത്കരണ നടപടികളും പ്രായനിബന്ധനയും കാരണം ജോലി നഷ്ടപ്പെട്ടതാണ് പലരെയും നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരാക്കിയത്.11,135 ഈജിപ്തുകാരും 6,136 ബംഗ്ലാദേശ് പൗരന്മാരും 4185 നേപ്പാള്‍ പൗരന്മാരും 1250 പാകിസ്ഥാനികളും 1953 ഫിലിപ്പീനികളും സ്വകാര്യ തൊഴില്‍ മേഖലയില്‍നിന്ന് ഇക്കാലയളവില്‍ കുവൈത്തില്‍നിന്ന് തിരിച്ചുപോയി.
ഗാര്‍ഹികത്തൊഴിലാളികളുടെ പട്ടികയിലും കുവൈത്ത് വിട്ടവരില്‍ കൂടുതല്‍ ഇന്ത്യക്കാരാണ്. ഇന്ത്യ (10169) ഫിലിപ്പീന്‍സ് (2543), ബംഗ്ലാദേശ് (773), ഇത്യോപ്യ (177), നേപ്പാള്‍ (664), ഇന്തൊനേഷ്യ (22), മറ്റു രാജ്യക്കാര്‍ (950) എന്നിങ്ങനെയാണ് ഗാര്‍ഹിക മേഖലയില്‍ നിന്ന് മടങ്ങിയവരുടെ കണക്ക് . ഗാര്‍ഹിക മേഖലയില്‍ ഇക്കാലയളവില്‍ ആകെ 17,398 പേരുടെ കുറവുണ്ടായതായും കണക്കുകള്‍ സൂചിപ്പിക്കുന്നു രാജ്യത്തെ ഏറ്റവും വലിയ വിദേശി സമൂഹമായതിനാല്‍ കണക്കുകളില്‍ ഇന്ത്യക്കാര്‍ മുന്നില്‍ എത്തുന്നത് സ്വാഭാവികമാണെന്നാണ് വിലയിരുത്തല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല