സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതു സംബന്ധിച്ച് 23നു പാരിസില്‍ യൂറോസോണ്‍ രാജ്യങ്ങള്‍ യോഗം ചേരാനിരിക്കേ, സ്പെയ്നിന്‍റെ ക്രെഡിറ്റ് റേറ്റിങ് മൂഡി വീണ്ടും കുറച്ചു; എഎ2യില്‍ നിന്ന് എഎ 1 ലേക്ക്. സാമ്പത്തിക ഭദ്രതയുണ്ടെന്നു കരുതിയ ഫ്രാന്‍സിന്‍റെ ട്രിപ്പിള്‍ എ റേറ്റിങ്ങും കുറച്ചേക്കുമെന്നു മൂഡി.
കഴിഞ്ഞ വാരങ്ങളില്‍ മറ്റു രണ്ട് ഏജന്‍സികളും സ്പെയ്നിന്‍റെ ക്രെഡിറ്റ് റേറ്റിങ് കുറച്ചിരുന്നു. എസ്&പിയും ഫിച്ചുമാണിവ. പൊതുകടം ജിഡിപിയുടെ ആറു ശതമാനമായി കുറയ്ക്കാനാണു സ്പെയ്നിന്‍റെ ശ്രമം. 2010ല്‍ ഇത് 9.3%. പ്രാദേശിക തലത്തിലെ സാമ്പത്തിക അച്ചടക്കമില്ലായ്മയാണു പൊതുകടം ഉയരാന്‍ കാരണമെന്നു സാമ്പത്തിക വിദഗ്ധര്‍.
ഞയറാഴ്ച യൂറോസോണ്‍ ഉച്ചകോടിയില്‍ ജര്‍മനിയുടെ തീരുമാനം നിര്‍ണായകമാകും. എന്നാല്‍, ഒരു യോഗം കൊണ്ടു മാത്രം കടക്കെണി പരിഹരിക്കാനാവില്ലെന്നു ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗ്രീക്കിന്‍റെ കടം കുറയ്ക്കാനുള്ള പുതിയ നടപടികള്‍ യോഗത്തിലുണ്ടായേക്കുമെന്നാണു സൂചന. രണ്ടു ട്രില്യണിന്‍റെ യൂറോ പാക്കെജിനു ജര്‍മനിയും ഫ്രാന്‍സും സമ്മതം മൂളിയെന്നു ബ്രിട്ടനിലെ ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഇതിനിടെ, ഗ്രീക്കില്‍ ചെലവു ചുരുക്കലിന്‍റെ ഭാഗമായി സാമ്പത്തിക നയം ശക്തമാക്കിയതു വന്‍ പ്രതിഷേധത്തിനു വഴിവച്ചിട്ടുണ്ട്. ചെലവു ചുരുക്കല്‍ പാക്കെജിന് അംഗീകാരം നല്‍കാനുള്ള പാര്‍ലമെന്‍റ് തീരുമാനം പിന്‍വലിക്കാന്‍ ഇന്നലെ ഗ്രീക്കിലെ യൂണിയനുകള്‍ 48 മണിക്കൂര്‍ പണിമുടക്കു നടത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല