1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 29, 2021

സ്വന്തം ലേഖകൻ: കോഴിക്കോട്ട് നിപാ വൈറസ് സ്ഥിരീകരിച്ച മേഖലകളില്‍നിന്നെടുത്ത വവ്വാലുകളുടെ സാംപിളുകളില്‍ നിപാ വൈറസ് ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എന്‍.ഐ.വി. പുണെയില്‍നിന്നുള്ള റിസള്‍ട്ടിലാണ് കണ്ടെത്തലുള്ളത്. ഐ.സി.എം.ആര്‍. പഠനം തുടരുകയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍നിന്നും സമീപ പ്രദേശങ്ങളില്‍നിന്നും പുണെ എന്‍.ഐ.വി. സാംപിളുകള്‍ ശേഖരിച്ചിരുന്നു. എന്‍.ഐ.വി. പുണെയില്‍നിന്ന് അറിയിച്ച വിവരങ്ങള്‍ അനുസരിച്ച് കുറച്ചു വവ്വാലുകളുടെ സാംപിളുകളില്‍ നിപാ വൈറസിനെതിരെയുള്ള ഐ.ജി.ജി. ആന്റിബോഡി കണ്ടെത്തിയിട്ടുണ്ട്.

കൂടുതല്‍ പഠനങ്ങള്‍ ഐ.സി.എം.ആര്‍. നടത്തുകയാണ്. കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കേണ്ടതുണ്ട്. അതു കൂടി പരിശോധിച്ചശേഷം പുണെ എന്‍.ഐ.വി. ഫലം സര്‍ക്കാരിനെ അറിയിക്കും. ഇത്തരമൊരു ഫലം വന്ന സാഹചര്യത്തില്‍ മറ്റു വകുപ്പുകളുമായി കൂടിയാലോചനകളും ചര്‍ച്ചകളും ആവശ്യമാണെന്നും വീണാ ജോര്‍ജ് പറഞ്ഞു.

നിപാ സംശയത്തെ തുടര്‍ന്ന് വൈറസ് ബാധയുണ്ടോയെന്ന് പരിശോധിക്കാനായി അവിടെനിന്ന് ശേഖരിച്ച വവ്വാലുകളുടെ സാംപിളുകളില്‍ നിപാ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയിരിക്കുന്നു എന്നതാണ് പ്രധാന കാര്യം. രണ്ടു തരം വവ്വാലുകളിലാണ് നിപയുടെ ഐ.ജി.ജി. ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്.

ആ വവ്വാലുകള്‍ക്ക് നിപാ രോഗബാധയുണ്ടായിരുന്നു. വവ്വാലുകളില്‍നിന്ന് തന്നെയാണ് കോഴിക്കോട് ചാത്തമംഗലത്ത് നിപാ വൈറസ് ബാധയുണ്ടായതെന്ന നിഗമനത്തിലാണ് ഇപ്പോള്‍ എത്തിക്കൊണ്ടിരിക്കുന്നത്. നിപാ ബാധിച്ച് മരിച്ച കുട്ടിക്ക് വവ്വാലില്‍നിന്ന്പരോക്ഷമായി നിപാ വൈറസ് ബാധയേറ്റുവെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.